UDF

2012, മേയ് 9, ബുധനാഴ്‌ച

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

മുല്ലപ്പെരിയാറില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭ; സുപ്രീം കോടതിയില്‍ വിഷയം ഉന്നയിക്കും

Image
തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ശക്തമായി ഉന്നയിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നും സുപ്രീംകോടതിയില്‍ കേസ് ശക്തമായി അവതരിപ്പാക്കാനും യോഗം തീരുമാനിച്ചു. സുപ്രീംകോടതി ഉന്നതാധികാര സമിതി പുതിയ ഡാമിന് പച്ചക്കൊടി കാട്ടിയിട്ടുണ്ടെന്നും സമിതയംഗം കെ ടി തോമസിന്റെ നിലപാട് പൊതുവില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. കെ ടി തോമസ് നല്‍കിയ വിയോജനകുറിപ്പ് കേരളത്തിന്റെ വാദഗതികള്‍ മുന്‍നിര്‍ത്തി കൊണ്ടാണ്. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയിലാണ് കെ ടി തോമസ് ഉന്നതാധികാര സമിതിയിലെത്തിയതെന്നും അല്ലാതെ കേരളത്തിന്റെ അഭിഭാഷകനായല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
 
തമിഴ്‌നാടിന് വെള്ളം നല്‍കി കൊണ്ട് പുതിയ ഡാം നിര്‍മ്മിക്കുകയെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ഒരു രഹസ്യഅജണ്ടയുമില്ല. പുതിയ ഡാം എന്ന ആവശ്യത്തിന് ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അനുകൂലമാണ്.  ചിലവ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണെങ്കിലും പുതിയ ഡാമിന് ഉന്നതാധികാരസമിതി പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയാണ് അവസാന വാക്ക്. സുപ്രീംകോടതിയില്‍ കേരളം ശക്തമായ നിലപാടെടുക്കും. പുതിയ ഡാം എന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും വികാരമാണ്. പുതിയ ഡാം നിര്‍മ്മിക്കുന്നത് വരെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്നതാണ് കേരളത്തിന്റെ മറ്റൊരാവശ്യം. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് പൂര്‍ണ്ണമായി വഹിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാണ്. എത്ര പണം വേണ്ടി വന്നാലും ജനങ്ങളുടെ ജീവനാണ് വലുത്. ജലനിരപ്പ് 142 അടി ആക്കണമെന്ന ഉന്നതാധികാര സമിതി നിലപാടിനോട് കേരളത്തിന് യോജിപ്പില്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും.
 
വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 136 അടിയില്‍ നിന്ന് ഉയര്‍ത്തരുതെന്ന ആവശ്യം വിയോജന കുറിപ്പില്‍ കെ ടി തോമസ് ഉന്നയിച്ചിട്ടുണ്ട്. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെ ടി തോമസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. ഡാമിന്റെ സുരക്ഷിതത്വം സംബന്ധിച്ച വിഷയത്തില്‍ കെ ടി തോമസ് നേരെ കാര്യം അവതരിപ്പിച്ചിട്ടില്ല. ജനങ്ങള്‍ക്കിടയില്‍ ആശങ്കജനകമായ ഒരു സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. കേരളത്തിന്റെ കേസ് നല്ലനിലയില്‍ തന്നെയാണ് വാദിച്ചത്. അത് കൊണ്ടാണ് ഇങ്ങിനെയൊരു റിപ്പോര്‍ട്ട് ഉണ്ടായത്. പി ജെ ജോസഫ് വകുപ്പ് മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ ഇടപെടലാണ് നടത്തിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.