UDF

2012, മേയ് 9, ബുധനാഴ്‌ച

പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിന് അനുകൂലമാണ്. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശത്തോട് കേരളത്തിന് യോജിപ്പില്ല. കേരളത്തിന്റെ നിലപാട് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസ്ഥകളോടെ ആണെങ്കിലും പുതിയ ഡാമിന് പച്ചക്കൊടി കിട്ടിയിട്ടുണ്ട്. അതിനാല്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പുതിയ ഡാമിന്റെ കാര്യത്തില്‍ കേരളത്തിന് അനുകൂലമാണെന്ന് കാബിനറ്റ് വിലയിരുത്തി. വിഷയത്തില്‍ അന്തിമ തിരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയല്ല, സുപ്രീം കോടതിയാണ്. റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ കേരളത്തിന്റെ നിലപാടുകള്‍ ശക്തമായി ഉന്നയിക്കും. 

പുതിയ ഡാം നിര്‍മ്മിക്കുന്നതുവരെ ഇപ്പോഴത്തെ ജലനിരപ്പ് നിലനിര്‍ത്തണമെന്നും സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടും. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ചിലവ് വഹിക്കാന്‍ സംസ്ഥാനം തയ്യാറാണ്. ജസ്റ്റിസ് കെ.ടി തോമസ് തന്റെ വിയോജനക്കുറിപ്പില്‍ കേരളത്തിന്റെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജസ്റ്റിസ് തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ശ്രമിച്ചു


തിരുവനന്തപുരം: ജസ്റ്റിസ് കെ.ടി തോമസ് കേരളത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ പരമാവധി ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനാണ്. അദ്ദേഹം ഒരു വാചകം പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവാദം ഉണ്ടായത്. ജനങ്ങളില്‍ ഭീതിയുണ്ടാക്കുന്നതിന് അദ്ദേഹം കൂട്ടുനിന്നില്ല എന്ന് കരുതിയാല്‍ മതി. 

സംസ്ഥാനത്തിന്റഎ വാദഗതികള്‍ അദ്ദേഹത്തിന്റെ വിയോജന കുറിപ്പില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജസ്റ്റിസ് തോമസ് ഉന്നതാധികാര സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയാണ്. എന്നാല്‍ അദ്ദേഹം കേരളത്തിന്റെ അഭിഭാഷകനല്ലെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനവിഭവ മന്ത്രി പി.ജെ ജോസഫ് ആത്മാര്‍ത്ഥമായ സമീപനമാണ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ആശങ്കയും ആത്മാര്‍ത്ഥതയും മനസിലാക്കുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.