UDF

2012, മേയ് 1, ചൊവ്വാഴ്ച

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ

കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി: ബധിരതയുള്ള എല്ലാ പാവങ്ങള്‍ക്കും ചികിത്സ -മുഖ്യമന്ത്രി 

 

കോഴിക്കോട്: സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതിക്ക് നിലവിലുള്ള പ്രായപരിധിയും ശസ്ത്രക്രിയയുടെ എണ്ണത്തിന്റെ പരിമിതിയും ഒഴിവാക്കി ബധിരതയുള്ള എല്ലാ പാവപ്പെട്ടവര്‍ക്കും ഈ ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. 

ബധിരമൂകരായവര്‍ക്ക് ശബ്ദത്തിന്റെ വഴി തുറക്കുന്ന ശസ്ത്രക്രിയയ്ക്ക് സൗജന്യ കോക്ലിയര്‍ ലഭ്യമാകുന്ന 'ശ്രുതി തരംഗം' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിലവില്‍ മൂന്നുവയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതി വഴി സൗജന്യ കോക്ലിയര്‍ ലഭിക്കുക. ഈ പരിധി എടുത്തുകളയും. നിലവില്‍ ഒരു വര്‍ഷം 200 പേര്‍ക്ക് ശസ്ത്രക്രിയയെന്ന പരിധിയും മാറ്റും. പണമില്ല എന്ന കാരണം കൊണ്ട് സംസ്ഥാനത്ത് ബധിരമൂകര്‍ ഉണ്ടാവരുത് -മുഖ്യമന്ത്രി പറഞ്ഞു.

മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കേണ്ടത്. ഒന്നാം ഘട്ടത്തില്‍ ജനനസമയത്തുതന്നെ ബധിരത തിരിച്ചറിയുന്ന എ.ബി. ആര്‍. സ്‌കാനര്‍ സംവിധാനം എല്ലാ മെഡിക്കല്‍കോളേജുകളിലും കര്‍ശനമായി സ്ഥാപിക്കും. 100 കുട്ടികള്‍ക്കുമുകളില്‍ ജനനം നടക്കുന്ന ആസ്​പത്രികളിലും ഈ സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കും.

മൂന്നു വയസ്സിനുള്ളില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയെന്നതാണ് രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തിലാണ് സ്​പീച്ച് തെറാപ്പി വരുക. 100 ദിന കര്‍മ പരിപാടിയില്‍ നടപ്പിലാക്കിയ കരുതല്‍ നടപടികളാണ് സൗജന്യ കോക്ലിയര്‍ ഇംപ്ലാന്റ് പദ്ധതിയും ഒരു രൂപയ്ക്ക് അരി വിതരണവും. 

'ശ്രുതിതരംഗം' പദ്ധതിയില്‍ ആദ്യ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബിയാന്‍ക എന്ന കുട്ടിക്ക് സമ്മാനം നല്‍കിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സാമൂഹിക ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിച്ചു.സാമൂഹ്യ ക്ഷേമവകുപ്പിന്റെ വെബ് സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്റ്റാമ്പ് വില്പനയിലൂടെ സ്വരൂപിച്ച തുക സാമൂഹികസുരക്ഷാ മിഷനെ ഏല്‍പ്പിക്കുന്ന ചടങ്ങും നടന്നു
ശസ്ത്രക്രിയ നടത്തിയ ഡോ. നൗഷാദ്, ഡോ.കെ.ടി. രാമദാസ്, ഡോ.മനോജ്, ഡോ. എ രവി എന്നിവര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി.