UDF

2012, മേയ് 18, വെള്ളിയാഴ്‌ച

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം:

ചന്ദ്രശേഖരന്‍ വധം; സാംസ്‌കാരിക നായകരുടെ മൗനം അത്ഭുതകരം: ഉമ്മന്‍ ചാണ്ടി
Image
തിരുവനന്തപുരം: ചെറിയ പ്രശ്‌നങ്ങളില്‍ പോലും പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ മനുഷ്യജീവനുപോലും വിലയില്ലാതാവുന്ന പ്രശ്‌നങ്ങളില്‍ നിശബ്ദദത പാലിക്കുന്നത് അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഇതിനു മുമ്പും പല നിശബ്ദദകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതെല്ലാം ജനം ശ്രദ്ധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്് സി.പി.എം പറയുന്ന കാര്യങ്ങള്‍ സ്വന്തം നേതാക്കളെയും അണികളെയും പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 
പ്രതികരിക്കുന്നവര്‍ക്കും പ്രതികരിക്കാത്തവര്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കും. പ്രതികരിക്കാതിരിക്കുന്നത് ഭയം കൊണ്ടാണെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ യു.ഡി.എഫിനെ പേടിക്കേണ്ട കാര്യമുണ്ടോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എവിടുന്നാണ് ഭീഷണി വരുന്നതെന്ന് എല്ലാവര്‍ക്കും മനസിലാകും. സംരക്ഷണം നല്‍കി പ്രതികരിപ്പിക്കേണ്ട സംസ്ഥാനമല്ല കേരളം. കേരളത്തെ ആ രീതിയിലേക്ക് കൊണ്ടുപോകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൊന്നവരെ മാത്രം പിടികൂടി കേസ് അവസാനിപ്പിക്കുന്ന കാലം മാറി. കൊല്ലിച്ചവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും.
 
ജനങ്ങളില്‍ നിന്നും സി.പി.എം ഇത്രയും ഒറ്റപ്പെട്ടകാലഘട്ടം മുമ്പുണ്ടായിട്ടില്ല. ചന്ദ്രശേഖരന്റെ നിഷ്ഠൂരമായ കൊല സാംസ്‌കാരികപാരമ്പര്യത്തിന് നിരക്കുന്നതല്ല. കാസര്‍കോഡ് ജബ്ബാര്‍കേസ്, തലശേരി ഫസല്‍വധം, തളിപ്പറമ്പിലെ ഷുക്കൂര്‍ വധം എന്നിവയിലെല്ലാം സി.പി.എമ്മുകാരുടെ നേര്‍ക്കാണ് വിരല്‍ചൂണ്ടുന്നത്. ഒഞ്ചിയത്തെ കഴിഞ്ഞ നാലുവര്‍ഷത്തെ ചരിത്രം പരിശോധിക്കണം. ഒഞ്ചിയം രക്തസാക്ഷിദിനത്തില്‍പ്പോലും ചന്ദ്രശേഖരനെതിരെ ഭീഷണി മുഴക്കിയതും മുദ്രാവാക്യം വളിച്ചതും യു.ഡി.എഫുകാരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.