UDF

2012, മേയ് 9, ബുധനാഴ്‌ച

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

സര്‍വകലാശാല ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തയാറെന്ന് മുഖ്യമന്ത്രി

Imageതിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ സര്‍വകലാശാലകള്‍ക്കു കീഴില്‍ ഇതുവരെ നടത്തിയ ഭൂമിയിടപാടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് സി.പി.എം തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കു മന്ത്രിസഭായോഗത്തിനുശേഷം മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കാലിക്കറ്റ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഏതന്വേഷണത്തിനും തയ്യാറാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് സി.പി.എം വ്യക്തമാക്കണം.
 
കേരള സര്‍വകലാശാലകളുടെയടക്കം ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഈ വിഷയത്തില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം. സര്‍വകലാശാലയുടെ ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല. കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് ചില പദ്ധതികള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യം സര്‍ക്കാരില്‍ ഉന്നയിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. എന്നാല്‍, ഇത്തരമൊരു ആവശ്യം സര്‍ക്കാരിനു മുന്നില്‍ വന്നിട്ടില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇതില്‍നിന്നും സര്‍വകലാശാല പിന്‍മാറുകയും ചെയ്തു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടും സി.പി.എമ്മും എസ്.എഫ്.ഐയും പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്. ജനാധിപത്യശൈലിയില്‍ സമരങ്ങളും വിയോജിപ്പും അറിയിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ല. ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.
 
ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് എ.കെ.ജി സെന്ററിനുവേണ്ടി സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയത്. സര്‍ക്കാര്‍ അനുവദിച്ച ഭൂമി തിരിച്ചുപിടിക്കില്ല. ഇതില്‍ രാഷ്ട്രീയമില്ല. കഴിയുന്നത്ര സമവായത്തിലൂടെ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവണമെന്നാണ് ആഗ്രഹം. എന്നാല്‍, എല്ലാം കേട്ടും സഹിച്ചും കഴിയുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.