UDF

2012, മേയ് 9, ബുധനാഴ്‌ച

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും

നീര്‍ത്തട പദ്ധതി ഒരുവര്‍ഷം കൂടി നീട്ടും - മുഖ്യമന്ത്രി

 

തിരുവനന്തപുരം: സംയോജിത നീര്‍ത്തട പരിപാലന പദ്ധതി ഒരുവര്‍ഷം കൂടി നീട്ടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നീര്‍ത്തട പദ്ധതിയുടെ കാലാവധി നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രവുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയുണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. ഒരുവര്‍ഷമാണ് പദ്ധതി നീട്ടുക. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികള്‍ തീര്‍ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. 19 ന് നടത്തുന്ന സംസ്ഥാന സമിതിയോഗത്തില്‍, കുടിശ്ശികത്തുക കൊടുത്തുതീര്‍ക്കാനുള്ള തീരുമാനമുണ്ടാകും - മുഖ്യമന്ത്രി പറഞ്ഞു. ഫണ്ടില്ലാത്തതുകൊണ്ട് പദ്ധതി മുടങ്ങുന്ന അവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംയോജിത നീര്‍ത്തട പദ്ധതിക്ക് 150 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. 19.6 കോടി രൂപമാത്രമാണ് ഇതുവരെ ചെലവിടാനായത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കാര്യക്ഷമമായി പണം ചെലവഴിക്കാനുള്ള ശുഷ്‌കാന്തി കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രി കെ.പി.മോഹനന്‍ അധ്യക്ഷനായിരുന്നു.