UDF

2012, മേയ് 16, ബുധനാഴ്‌ച

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും

കേരളം പഴയ കേരളമല്ല, നിക്ഷേപങ്ങള്‍ നൂറുമേനി വിളയും: ഉമ്മന്‍ ചാണ്ടി

 

 

മുംബൈയില്‍ നിക്ഷേപകരുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന മന്ത്രി കെ.എം.മാണി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവര്‍.

മുംബൈ * തൊഴില്‍ പ്രശ്‌നങ്ങള്‍ പഴങ്കഥയാണെന്നും ഐടി ഉള്‍പ്പെടെ പുതുതലമുറ വ്യവസായങ്ങള്‍ക്ക് ഏറ്റവും വളക്കൂറുളള മണ്ണാണ് ഇപ്പോള്‍ കേരളമെന്നും വിശദീകരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും നിക്ഷേപകര്‍ക്കു മുന്നില്‍ വാതായനങ്ങള്‍ തുറന്നിട്ടു. മുംബൈയില്‍ നൂറിലേറെ  ബിസിനസ്-വ്യവസായ പ്രമുഖരുമായുളള കൂടിക്കാഴ്ചയിലുടനീളം കേരളം നിക്ഷേപ സൗഹൃദമല്ലെന്ന ധാരണ തിരുത്താനാണു മുഖ്യമന്ത്രി ശ്രമിച്ചത്. സുസ്ഥിരവും വേഗത്തിലുമുള്ള വികസനമാണു കേരളം ലക്ഷ്യമിടുന്നതെന്നും നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. 

 

സെപ്റ്റംബര്‍ 12 മുതല്‍ 14 വരെ കൊച്ചിയില്‍ നടത്തുന്ന 'എമര്‍ജിങ് കേരള രാജ്യാന്തര നിക്ഷേപക സംഗമത്തിലേക്ക് കൂടുതല്‍ കമ്പനികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉമ്മന്‍ ചാണ്ടി, വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ധനമന്ത്രി കെ.എം. മാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വ്യവസായ പ്രമുഖരെ കണ്ടത്. തീരദേശ മേഖല കേന്ദ്രീകരിച്ചുള്ള 'സീ പ്ലെയിന്‍ പദ്ധതി നടത്തിപ്പു സംബന്ധിച്ചു സര്‍ക്കാര്‍ അനുമതി ലഭിക്കുകയാണെങ്കില്‍ ഉടന്‍ അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സന്നദ്ധമാണെന്നു മെഹ് എയര്‍ കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. വിഴിഞ്ഞം പദ്ധതിക്കു ടെന്‍ഡര്‍ സമര്‍പ്പിച്ചിരിക്കുന്ന ഗുജറാത്ത് ആസ്ഥാനമായുള്ള വെല്‍സ്പണ്‍ കമ്പനി പ്രതിനിധികളും ചര്‍ച്ച നടത്തി. 

 

കൊടക് മഹീന്ദ്ര ബാങ്ക് എംഡി ഉദയ് കൊടക് ഉള്‍പ്പെടെയുള്ള ഒട്ടേറെ വ്യവസായികള്‍ എമര്‍ജിങ് കേരളയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ടാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ സിഇഒ സഞ്ജയ് ഉപാലെ മോണോ റയില്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഗോദ്‌റജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി ആദി ഗോദ്‌റജ്, കുമാരമംഗലം ബിര്‍ല ഗ്രൂപ്പിലെ രാജശ്രീ ബിര്‍ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരുണ്‍ നന്ദ തുടങ്ങിയ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. 

 

തിരുവനന്തപുരം-മംഗലാപുരം അതിവേഗ റയില്‍വേ ഇടനാഴി, 52000 കോടി രൂപ ചെലവു കണക്കാക്കുന്ന ദേശീയ നിക്ഷേപക-ഉല്‍പാദന മേഖല, കൊച്ചി മെട്രോ റയില്‍, കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം, കോഴിക്കോട്ടെയും തിരുവന്തപുരത്തെയും മോണോ റയില്‍ എന്നിങ്ങനെ നടപ്പാക്കാനിരിക്കുന്ന പദ്ധതികളില്‍ നിക്ഷേപകര്‍ക്കുള്ള സാധ്യതകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഇവ  നിലവില്‍ വന്നാല്‍, അടിസ്ഥാന സൗകര്യമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

 

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുജ ഗ്രൂപ്പ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് , ടാറ്റാ ഇന്റര്‍നാഷനല്‍, ജെപി മോര്‍ഗന്‍, ബിപിസിഎല്‍, എന്‍പിസിഎല്‍, മാരികോ ഇന്ത്യ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, ഐഗേറ്റ്, യുഎസ് ഏഷ്യാ ബിസിനസ് ഫോറം, അര്‍ജന്റീന, കനഡ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍സുലേറ്റ് ജനറല്‍മാര്‍, മെക്‌സിക്കന്‍ ട്രേഡ് കമ്മിഷണര്‍, എക്‌സിം ബാങ്ക്, യെസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്  കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

 

മുന്‍പുണ്ടായിരുന്ന തൊഴിലാളി യൂണിയന്‍ പ്രശ്‌നങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും പുകക്കുഴലുകളുമായി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളേക്കാള്‍ നൂതന ആശയങ്ങളും പദ്ധതികളുമായി പുതിയ തലമുറ മുന്നോട്ടുവരുന്നുണ്ടെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിസ്ഥിതിക്ക് ഇണങ്ങിയ വ്യവസായങ്ങളെയാണു കേരളം പ്രോല്‍സാഹിപ്പിക്കുന്നത്. മികച്ച വിദ്യാഭ്യാസവും വിദഗ്ധ തൊഴിലാളി ലഭ്യതയും മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവുമുള്ള സംസ്ഥാനത്തെ ആഗോള വ്യാപാര കേന്ദ്രമാക്കുകയാണു ലക്ഷ്യമെന്ന് ധനമന്ത്രി കെ.എം. മാണി പറഞ്ഞു. 

 

തിരുവനന്തപുരം ടെക്‌നോ പാര്‍ക്കില്‍ 10,000 പേര്‍ക്ക് ഒരേസമയം പരിശീലന സൗകര്യമുള്ള പുതിയ കേന്ദ്രം തുറക്കുന്നകാര്യം ബിസിനസ് മീറ്റില്‍ അറിയിച്ച ടിസിഎസ് അധികൃതര്‍ കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. 9000 പേര്‍ക്കു തൊഴിലവസരമേകുന്ന കൊച്ചിയിലെ ടിസിഎസ് സമുച്ചയനിര്‍മാണം ഏഴു മാസത്തിനകം പൂര്‍ത്തിയാകുമെന്നും അധികൃതര്‍ പറഞ്ഞു. നാസ്‌കോം പ്രതിനിധികളുമായും  കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി. 

 

ജിടിഎന്‍ ടെക്‌സ്‌റ്റൈല്‍സ് സിഎംഡി ബി.കെ. പട്ടോഡിയ, കാന്‍കോര്‍ ഇന്‍ഗ്രെഡിയന്റ്‌സ് മാനേജിങ് എഡിറ്റര്‍ സഞ്ജയ് മാരിവാല, ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവര്‍ കേരളത്തിലെ സംരംഭകത്വ അനുഭവങ്ങള്‍ വിശദീകരിച്ചു. വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വി. സോമസുന്ദരം, വ്യവസായ വകുപ്പ് സെക്രട്ടറിയും കെഎസ്‌ഐഡിസി എംഡിയുമായ അല്‍കേഷ് ശര്‍മ, സിഐഐ കേരള വൈസ് ചെയര്‍മാന്‍ സി.ജെ. ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.