UDF

2012, മേയ് 18, വെള്ളിയാഴ്‌ച

മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും

മുഴുവന്‍ പ്രതികളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരും-മുഖ്യമന്ത്രി

 

 
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഇതില്‍ രാഷ്ട്രീയപരിഗണനയില്ലെന്നും കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരുമെന്ന് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകരാഷ്ട്രീയത്തിനെതിരെ ജനമനഃസാക്ഷി ഉണര്‍ത്താന്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വടകര കോട്ടപ്പറമ്പില്‍ നടന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കൊലപാതക രാഷ്ട്രീയപരമ്പരയിലെ അവസാനത്തേതാകണം ടി.പി. ചന്ദ്രശേഖരന്റെ വധമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ആശയപരമായ സംഘട്ടനത്തെ കൊലപാതകത്തിലേക്ക് നയിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ചന്ദ്രശേഖരനെ വധിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായാണ് കേരളജനത ഓരോ ദിവസവും കാത്തിരിക്കുന്നത്.

ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കരയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ എല്‍.ഡി.എഫ്. പരാതി നല്‍കിയതിനാല്‍ എടുത്തുമാറ്റിയിട്ടുണ്ട്. ബോര്‍ഡുകള്‍ മാറ്റാനേ കഴിയൂ. മൃഗീയമായ കൊലപാതകം ഉളവാക്കിയ വികാരം ജനമനസ്സില്‍നിന്നും മാറ്റാനാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരനെ വധിച്ചതിനുപിന്നില്‍ സി.പി.എം. തന്നെയാണെന്ന പ്രസ്താവനയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേരത്തേ ഇക്കാര്യം പറഞ്ഞതിന് പിണറായി ഉള്‍പ്പെടെയുള്ള നേതാക്കള്‍ തനിക്കെതിരെ തിരിഞ്ഞു. ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പിണറായിക്ക് നെഞ്ചില്‍ കൈവെച്ച് പറയാന്‍ കഴിയുമോ? സി.പി.എം. നേതൃത്വത്തിന്റെ അറിവില്ലാതെ ഈ കൊല നടക്കില്ല. കേസില്‍ പരല്‍മീനുകളെ മാത്രമല്ല വമ്പന്‍സ്രാവുകളെയും പിടികൂടണം. പാര്‍ട്ടിക്കാര്‍ ഹാജരാക്കുന്ന പ്രതികളെ പിടികൂടുന്ന രീതി മാറണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.

ചന്ദ്രശേഖരന്റെ കൊലപാതകം സാംസ്‌കാരികകേരളത്തിന് അപമാനം വരുത്തിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. മരണശേഷം ചന്ദ്രശേഖരനെ അധികാരമോഹിയായി വിശേഷിപ്പിച്ച സി.പി.എമ്മിന്റെ നടപടി ദൗര്‍ഭാഗ്യകരമാണ്. ഇത് ആരും വിശ്വസിക്കില്ല. കേരളത്തില്‍ വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ അടിച്ചമര്‍ത്തണം. ഗുണ്ടാനിയമത്തില്‍ ഭേദഗതിവരുത്തേണ്ട കാലവും അതിക്രമിച്ചു. ജയിലുകള്‍ ക്രിമിനല്‍സംഘങ്ങളുടെ ഗൂഢാലോചനാകേന്ദ്രമാകുന്നത് ആശങ്കാജനകമാണെന്ന് സുധീരന്‍ പറഞ്ഞു.

ഉന്മൂലനസിദ്ധാന്തം കൈമുതലാക്കിയ കല്‍ക്കട്ട തീസിസിന്റെ സന്തതികള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ടെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു. ടി.പി.യുടെ വധം അതിന്റെ തെളിവാണ്. ജനനന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കലാണ് രാഷ്ട്രീയപാര്‍ട്ടികളുടെ കടമ. പക്ഷേ, സി.പി.എം. അതില്‍നിന്നും മാറിപ്പോകുന്നു എന്നതാണ് കേരളത്തിന്റെ ദുര്‍വിധി. കേളപ്പജിയെപ്പോലും വധിക്കാന്‍ ശ്രമിച്ചവരാണ് ഇവര്‍. കെ.മാധവന്റെ 'ഒരു ഗാന്ധിയന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മകള്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രകാശ് കാരാട്ട് മൗനം വെടിയണം. വധത്തില്‍ സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കാന്‍ കാരാട്ട് തയ്യാറാകുമോ? വി.എസ്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട ദിവസം സി.പി.എം. പ്രാദേശികനേതാക്കള്‍ മാറിനിന്നു എന്ന് പറഞ്ഞതിന്റെ പേരില്‍ തനിക്കെതിരെ വക്കീല്‍നോട്ടീസ് അയച്ചിട്ടുണ്ട്. ആ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. വക്കീല്‍നോട്ടീസിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഉപവാസത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ എഴുത്തുകാരി കെ.പി. സുധീര സമരപ്പന്തലിലെത്തി. കഴിഞ്ഞദിവസം സുധീര ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചിരുന്നു.