UDF

2012, മേയ് 31, വ്യാഴാഴ്‌ച

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍

മണിക്കെതിരായ അന്വേഷണം നിയമവാഴ്ച ഉറപ്പാക്കാന്‍ - മുഖ്യമന്ത്രി



തിരുവനന്തപുരം: സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത് നിയമവാഴ്ച ഉറപ്പാക്കാനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിരാളികളുടെ പട്ടികയുണ്ടാക്കി ഓരോരുത്തരെയായി കൊന്നുവെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ് പരസ്യമായി പറഞ്ഞത് ചെറുതായി കാണാനാവില്ല. നിയമവാഴ്ച ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അത് ജനങ്ങളോടുള്ള കടമയാണ്-മുഖ്യമന്ത്രി പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള ആരേയും പോലീസ് പീഡിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അങ്ങനെ അന്വേഷണം നടക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവരാണ് പോലീസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പീഡിപ്പിച്ചിട്ടില്ലെന്ന് അറസ്റ്റിലായവര്‍ തന്നെ അവരുടെ ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ട്. സി.പി.എം നേതാക്കളെ പ്രതികളാക്കാന്‍ പോലീസ് പീഡനം നടത്തുന്നുവെന്നാണ് മറ്റൊരു ആരോപണം. എന്നാല്‍ ആര് പീഡിപ്പിച്ചിട്ടാണ് എം.എം.മണി ചില വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് പാര്‍ട്ടി വ്യക്തമാക്കണം - മുഖ്യമന്ത്രി പറഞ്ഞു.