UDF

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

ഇര്‍ഫാന് സാന്ത്വനവുമായി മുഖ്യമന്ത്രിയും കുടുംബവും

 

 


തിരുവനന്തപുരം: കീബോര്‍ഡില്‍ നിന്നും ശബ്ദമുയര്‍ന്നപ്പോള്‍ ഇര്‍ഫാന്റെ കണ്ണുകള്‍ പിന്‍തുടര്‍ന്നു. പ്രതീക്ഷകള്‍ വീണ്ടും ജീവന്‍ വയ്ക്കുകയാണ്. കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘകാലമായി ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള പടവുകളിലാണ്. സാന്ത്വനമേകാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയും കുടുംബവും എത്തി. 

ഭാര്യ മറിയാമ്മ ഉമ്മനും കൊച്ചുമകന്‍ എഫിനോവയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാതൃവാത്സല്യത്തോടെ മറിയാമ്മ ഉമ്മന്‍ ഇര്‍ഫാനെ വിളിച്ചു. 'മകനെ' എന്ന വിളിയോടും ഇര്‍ഫാന്‍ പ്രതികരിച്ചു. ദീര്‍ഘനേരം മറിയാമ്മയുടെ മുഖത്ത് ആ കുരുന്ന് നോക്കി. ക്ലിഫ് ഹൗസില്‍ നിന്നും വാഴപ്പഴവും കളിക്കോപ്പുകളുമായിട്ടാണ് അവര്‍ എത്തിയത്. ഇക്കൂട്ടത്തിലെ കീബോര്‍ഡാണ് എഫിനോവ മീട്ടിയത്. അവ്യക്തമായ ശബ്ദമുയര്‍ത്തി ഇതിനോട് ഇര്‍ഫാന്‍ പ്രതികരിച്ചു. 

ചൊവ്വാഴ്ച രാത്രി 7.30 നാണ് മുഖ്യമന്ത്രി കരിക്കകത്തെ ഇര്‍ഫാന്റെ വീട്ടിലെത്തിയത്. അയല്‍വീട്ടിലാണ് മുഖ്യമന്ത്രിക്ക് ഇര്‍ഫാനെ കാണാനുള്ള സൗകര്യമൊരുക്കിയിരുന്നത്. ഇര്‍ഫാന്റെ ദയനീയത അടുത്തിടെ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മുഖ്യമന്ത്രിക്കു മുന്നിലെത്തിച്ചത്. ഇര്‍ഫാനെ കണ്ടശേഷം ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി വീണ്ടും ഇര്‍ഫാനെ കാണാനെത്തിയത്. മറിയാമ്മ ഉമ്മന്‍ ഇര്‍ഫാന്റെ ചികിത്സയെക്കുറിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. 

ഇര്‍ഫാന്റെ കുടുംബത്തിലൊരാള്‍ക്ക് ജോലി നല്‍കുന്ന കാര്യം സജീവപരിഗണനയിലാണെന്ന് മുഖ്യമന്തി പറഞ്ഞു. ചികിത്സയ്ക്കുവേണ്ടി പത്തുലക്ഷം രൂപ നേരത്തെ നല്‍കിയിരുന്നു. കാര്‍മല്‍ സ്‌കൂളിലെ കുട്ടികള്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് വീണ്ടും ഇര്‍ഫാനെ കാണാനെത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം എം.എല്‍.എ. എം.എ. വാഹിദും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും വിയ്യൂരിലുമായി ഇര്‍ഫാന്‍ ചികിത്സയിലായിരുന്നു. നിര്‍ധന കുടുംബാഗമായ ഇര്‍ഫാന്റെ മാതാപിതാക്കള്‍ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആദ്യം സര്‍ക്കാര്‍ ചികിത്സാ ചെലവുകള്‍ എറ്റെടുത്തത്. ഇര്‍ഫാനെ പരിചരിക്കാന്‍ സദാസമയം മാതാപിതാക്കള്‍ കൂടെ വേണം. ഇവര്‍ക്ക് മറ്റു ജോലികള്‍ക്ക് പോകാന്‍ കഴിയാതെ വന്നതോടെ വീട്ടുചെലവുകള്‍ ബുദ്ധിമുട്ടിലായി. ഈ അവസ്ഥയിലാണ് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇര്‍ഫാനെ കാണാനെത്തിയത്. കുട്ടികള്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. കരിക്കകം സ്വദേശി ഷാജഹാന്റെയും സജിനയുടെയും മകനാണ് അഞ്ചരവയസ്സുകാരന്‍ ഇര്‍ഫാന്‍.