കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ല

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ ആരു വിചാരിച്ചാലും നന്നാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ.ടി.ഡി.എഫ്.സി. രൂപം നല്‍കുന്ന നൂതന സ്ഥിരനിക്ഷേപ പദ്ധതിയായ 'സല്യൂട്ടി'ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി. ലാഭത്തിലെത്താത്തത്. 476 കോടിയുടെ സൗജന്യ യാത്രാ പാസ്സാണ് കെ.എസ്.ആര്‍.ടി.സി. പ്രതിവര്‍ഷം നല്‍കുന്നത്.
അതു കൂടാതെ രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷനും നല്‍കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയെ നല്ല നിലയില്‍ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ കെ.ടി.ഡി.എഫ്.സി.യുടെ സഹായം കൂടിയേ തീരൂ.
കെ.എസ്.ആര്‍.ടി.സി. യെ സാമ്പത്തികമായി പിടിച്ചുനിര്‍ത്താന്‍ സല്യൂട്ട് പോലുള്ള പദ്ധതിക്ക് കഴിയും. കെ.എസ്.ആര്‍.ടി.സി. ഒരു വെള്ളാനയല്ല. നമ്മളെല്ലാംകൂടി അതിനെ ഒരു വെള്ളാനയായി കാണുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തലമുറകളെ പരസ്പരം ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സല്യൂട്ട് എന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരനിക്ഷേപം നടത്തിയവര്‍ക്ക് രസീത് വിതരണം ചെയ്തു. കെ.ടി.ഡി.എഫ്.സി.യുടെ ബ്രാന്‍ഡ് അംബാസഡറായ ചലച്ചിത്രനടന്‍ സുരേഷ്‌ഗോപി സ്ഥിരം നിക്ഷേപം നടത്തിയവര്‍ക്ക് ഗുരുദക്ഷിണ വിതരണം ചെയ്തു. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ മന്ത്രി വി.എസ്. ശിവകുമാര്‍ വിതരണം ചെയ്തു. സല്യൂട്ട് പദ്ധതിയെക്കുറിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനി ആഷ്‌ലി വിവരിച്ചു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടര്‍ ഡോ.ബി.ഉഷാദേവി സ്വാഗതവും മാനേജര്‍ പി.വീണ നന്ദിയും പറഞ്ഞു.