UDF

2012, നവംബർ 7, ബുധനാഴ്‌ച

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

തൊഴില്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കണം

 



തിരുവനന്തപുരം: തൊഴിലില്ലായ്മ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന പ്രത്യേക തൊഴില്‍നൈപുണി ആര്‍ജന പരിപാടി (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഗവ.വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.

തൊഴിലെടുക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന യുവതലമുറയെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മനുഷ്യവിഭവത്തിന്റെ കാര്യത്തില്‍ സംസ്ഥാനം മുന്നിലാണ്. പക്ഷേ പ്രായോഗിക പരിശീലനത്തിലും സാങ്കേതികപരിജ്ഞാനത്തിലും പിന്നിലാണ്. ഇതാണ് ഇവിടത്തെ തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ തൊഴില്‍ നൈപുണ്യം വാര്‍ത്തെടുക്കുക എന്നതാണ് വെല്ലുവിളി. 

300 മണിക്കൂറാണ് കോഴ്‌സ് കാലാവധി. ഇതില്‍ 180 മണിക്കൂര്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിനും ഐ.ടി പരിശീലനത്തിനുമാണ്. ബാക്കി 120 മണിക്കൂര്‍ കുട്ടികള്‍ക്ക് താല്‍പര്യമുള്ള തൊഴില്‍മേഖലയില്‍ പരിശീലനം നല്‍കും. കോഴ്‌സിന് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ശേഷിയില്ലായ്മയുടെ പേരില്‍ ആര്‍ക്കും പരിശീലനത്തിനുള്ള അവസരം നിഷേധിക്കില്ല. ബി.പി.എല്‍ വിഭാഗക്കാര്‍ക്കും ഒ.ബി.സി, എസ് സി/എസ്.ടി. വിഭാഗങ്ങള്‍ക്കും ഫീസില്ല. എ.പി.എല്‍. വിഭാഗത്തിലുള്ളവര്‍ക്ക് ആകെ ഫീസിന്റെ 75 ശതമാനം നല്‍കിയാല്‍ മതി. ബാക്കിയുള്ള 25 ശതമാനം സ്‌കോളര്‍ഷിപ്പായി നല്‍കും. എ.പി.എല്‍ വിഭാഗത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് സബ്‌സിഡി നല്‍കും. ഈ പദ്ധതി നടപ്പാക്കിയ ശേഷം പ്രായോഗികമായി എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷനായി. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. അജിത് കുമാര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് അക്കാദമി ഓഫ് ഇന്ത്യയുടെ രാകേഷ് സിങ് എന്നിവര്‍ സംസാരിച്ചു.