UDF

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം

അതിവേഗ റെയില്‍ ആശങ്കയകറ്റി മാത്രം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുജനങ്ങളുടെ ആശങ്കയകറ്റിയും ബുദ്ധിമുട്ടുകള്‍ കുറച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്തും മാത്രമേ അതിവേഗ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് ഒരു ആശങ്കക്കും അടിസ്ഥാനമില്ല. പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. നാട്ടിലെ സൈ്വരജീവിതം തകര്‍ക്കുന്ന ഇത്തരം സംഭവങ്ങളെ ഗൗരവമായി കാണുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡി.എം.ആര്‍.സി വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിവരികയാണ്. ഇതിനാവശ്യമായ പ്രാഥമിക സര്‍വേയാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വേ തീര്‍ന്നതിനുശേഷം മാത്രമേ അലൈന്‍മെന്‍റ് അന്തിമമായി തീരുമാനിക്കുകയുള്ളൂ. അലൈമെന്‍റ് തീരുമാനിക്കുന്നതിനുമുമ്പ് ജനപ്രതിനിധികളുമായും ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും. ഇതിനോടകം ഉയര്‍ന്നുവന്ന ശരിയായ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു വികസന പദ്ധതിയുമായും സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.


അതിവേഗ റെയില്‍ പാതക്ക് 20 മീറ്റര്‍ വീതിയിലുള്ള സ്ഥലമേ ആവശ്യമുള്ളൂ. 110 മീറ്റര്‍ വീതിയില്‍ സ്ഥലം എടുക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. ജനസാന്ദ്രത കൂടിയ സ്ഥലങ്ങളില്‍ ടണലിലൂടെയും ബാക്കി സ്ഥലങ്ങളില്‍ തൂണിലൂടെയും ജലാശയങ്ങളില്‍ പാലത്തിലൂടെയുമാണ് പാത പോകുന്നത്. ഇതുമൂലം ഒഴിപ്പിക്കല്‍ പരിമിതമായിരിക്കും -മുഖ്യമന്ത്രി അറിയിച്ചു.