UDF

2012, സെപ്റ്റംബർ 25, ചൊവ്വാഴ്ച

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

എയര്‍ കേരള: ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ച ഇന്ന്

 

നെടുമ്പാശ്ശേരി: 'എയര്‍ കേരള' പദ്ധതിയുടെ ചര്‍ച്ചകള്‍ക്കായി കേരളത്തില്‍ നിന്നുള്ള ഉന്നതതല ഉദ്യോഗസ്ഥ സംഘം ചൊവ്വാഴ്ച ഡല്‍ഹിയിലെത്തും. ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, സിയാല്‍ എം.ഡി വി.ജെ. കുര്യന്‍ എന്നിവരാണ് സംഘത്തിലുള്ളത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കേന്ദ്ര വ്യോമയാന സെക്രട്ടറി കെ.എന്‍. ശ്രീവാസ്തവ തുടങ്ങിയവരുമായി ഇവര്‍ ചര്‍ച്ച നടത്തും.

എയര്‍ കേരളയ്ക്ക് അനുമതി നേടിയെടുക്കുകയാണ് പ്രധാന ലക്ഷ്യം. ഗള്‍ഫിലേക്ക് പറക്കുന്നതിന് നിലവിലുള്ള വ്യോമയാന നിയമങ്ങളില്‍ ഇളവ് നേടാനും ശ്രമിക്കും. അഞ്ച് വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും 20 വിമാനങ്ങളും ഉള്ള കമ്പനികള്‍ക്കേ രാജ്യാന്തര സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ. ഇതില്‍ ഇളവ് ലഭിച്ചാലേ എയര്‍ കേരളയ്ക്ക് വിദേശത്തേക്ക് പറക്കാനാകൂ. ഇല്ലെങ്കില്‍, തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് മാത്രമേ ഉണ്ടാകൂ.

എയര്‍ കേരള പദ്ധതിക്ക് പ്രവാസികളുടെ ഇടയില്‍ വന്‍പ്രതികരണമാണ്. ഓഹരി എടുക്കാന്‍ നിരവധി പേര്‍ തയ്യാറായിട്ടുണ്ട്. 10,000 രൂപ വീതം രണ്ടുലക്ഷം പേരില്‍ നിന്ന് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 200 കോടി രൂപ ഇങ്ങനെ സമാഹരിക്കാനാകും. സിയാലിന് 17,500 ഓഹരി ഉടമകളുണ്ട്. ഇവര്‍ക്കും ഓഹരി എടുക്കാം.

ഓഹരിയുള്ളവര്‍ക്ക് യാത്രാനിരക്കില്‍ 10 ശതമാനം ഇളവ് നല്‍കി കൂപ്പണ്‍ നല്‍കും. നിശ്ചിത വര്‍ഷത്തിനുള്ളില്‍ മുതല്‍മുടക്ക് യാത്രാ ഇളവിലൂടെ തിരികെ കിട്ടും. ഓഹരി എടുക്കുന്നവരെല്ലാം എയര്‍ കേരളയില്‍ യാത്ര ചെയ്താല്‍ യാത്രക്കാരെ കിട്ടാന്‍ ബുദ്ധിമുട്ടും ഉണ്ടാകില്ല. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി ഏണസ്റ്റ് ആന്‍ഡ് യങ് എന്ന ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിയാല്‍ സ്വന്തം നിലയിലും പഠിക്കുന്നുണ്ട്.