UDF

2012, സെപ്റ്റംബർ 14, വെള്ളിയാഴ്‌ച

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം

45 പ്രമുഖ പദ്ധതികള്‍ കൂടി ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം 
കൊച്ചി: എമര്‍ജിങ് കേരള നിക്ഷേപക സംഗമത്തിന് വ്യവസായ ലോകത്തു നിന്ന് വന്‍ പ്രതികരണം. സ്വകാര്യമേഖലയില്‍ നിന്ന് 45 പുതിയ വ്യക്തമായ പദ്ധതികള്‍ക്കുകൂടി നിക്ഷേപകര്‍ തയ്യാറായിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് കേന്ദ്രങ്ങള്‍ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതികളും സഹായങ്ങളും ലഭിച്ചാല്‍ തുടങ്ങാവുന്ന പദ്ധതികളാണിത്. എമര്‍ജിങ് കേരളയ്ക്കുമുമ്പു തന്നെ ഏതാണ്ട് ഉറപ്പായ 35 പദ്ധതികള്‍ ലഭിച്ചിരുന്നു. ഐ.ടി, ആരോഗ്യം, ഉന്നത വിദ്യാഭ്യാസം,ടൂറിസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, എഞ്ചിനീയറിങ് എന്നീ മേഖലകളിലാണ് പുതിയ പദ്ധതികള്‍. 

എമര്‍ജിങ് കേരളയുടെ ഇതുവരെയുള്ള പുരോഗതിയില്‍ സര്‍ക്കാരിന് പൂര്‍ണ തൃപ്തിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപകസംഗമം വെള്ളിയാഴ്ച സമാപിക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ 20,000 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് നികുതിയിളവുള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ഉമ്മന്‍ചാണ്ടി വാഗ്ദാനം ചെയ്തു. കൊച്ചിന്‍ റിഫൈനറിയുടെ വികസനവും പെട്രോകെമിക്കല്‍ യൂണിറ്റുമാണ് ഇവരുടെ പദ്ധതികള്‍. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്കു പകരമായി ന്യായവില ഹോട്ടലുകള്‍ക്ക് ഗാര്‍ഹിക നിരക്കില്‍ പാചകവാതകം നല്‍കണമെന്ന് ബി.പി.സി.എല്‍. ചെയര്‍മാന്‍ ആര്‍.കെ.സിങ്ങിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലവിമാന സര്‍വീസ് അടുത്ത വര്‍ഷം ആദ്യം തുടങ്ങാനാവുമെന്ന് ടൂറിസം വകുപ്പ് നിക്ഷേപകരെ അറിയിച്ചു. വിമാന ഇന്ധനത്തിന് നികുതിയിളവ് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. മൂന്നുവര്‍ഷത്തേക്ക് ഈ വിമാന സര്‍വീസുകളെ ഓപ്പറേറ്റിങ് ചാര്‍ജില്‍ നിന്ന് ഒഴിവാക്കും. 58 കമ്പനികളാണ് ജലവിമാന സര്‍വീസില്‍ താത്പര്യം പ്രകടിപ്പിച്ചത്. 

അടിസ്ഥാന സൗകര്യവികസനത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിദേശ കമ്പനികളും എത്തിയിട്ടുണ്ട്. റോഡുവികസനത്തിലെ നിക്ഷേപ സാധ്യതകള്‍ സംബന്ധിച്ച് ഇംഗ്ലണ്ട്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം മുഖ്യമന്ത്രിയുമായും മന്ത്രി ഇബ്രാഹിം കുഞ്ഞുമായും ചര്‍ച്ച നടത്തി. ഇംഗഌണ്ടിലെ ജോണ്‍ മെക്കാല്‍സണ്‍ കമ്പനി മെട്രോ റെയിലിലും മോണോറെയിലിലും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

ജപ്പാന്‍ എക്‌സ്‌ടേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍(ജെട്രോ) പ്രതിനിധികളും ചര്‍ച്ചകള്‍ക്കായി എത്തിയിട്ടുണ്ട്. 
മലയാളിയായ ഫൈസല്‍ കൊട്ടിക്കൊള്ളാന്റെ യു.എ.ഇ. ആസ്ഥാനമായ കെഫ് എന്ന കമ്പനിയുടെ പ്രീ ഫാബ്രിക്കേഷന്‍ യൂണിറ്റ് പദ്ധതിയും ഉറപ്പായി. കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ മുന്‍കൂട്ടി നിര്‍മിക്കുന്നതാണ് ഈ കമ്പനി. 350 കോടിയാണ് ഇതിനുള്ള നിക്ഷേപം. ഈ യൂണിറ്റിന് കൊച്ചിയിലെ കാക്കനാട്ട് 50 ഏക്കറാണ് അനുവദിക്കുക. 

മണപ്പാട്ട് ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കോഴിക്കോട്ട് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലാ അടിസ്ഥാനത്തിലുള്ള ഐ.ടി. പാര്‍ക്ക് (പ്രതീക്ഷിക്കുന്ന നിക്ഷേപം 1000 കോടി), ഇറ്റലിയിലെ റവാനോ ഗ്രീന്‍ പവറിന്റെ ഉപകമ്പനിയായ റവാനോ സോളാറും മീനാര്‍ ഗ്രൂപ്പും ചേര്‍ന്ന് പാലക്കാട്ട് ഉദ്ദേശിക്കുന്ന സൗരോര്‍ജ യൂണിറ്റ് (500 കോടി), അബുദാബി എസ്.എഫ്.സി. ഗ്രൂപ്പ് തിരുവനന്തപുരത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന പഞ്ച നക്ഷത്രഹോട്ടല്‍ (150 കോടി) എന്നിവയാണ് പുതിയ പദ്ധതികളില്‍ ചിലത്. 

നെല്‍വയല്‍ നികത്തിയതുമായി ബന്ധപ്പെട്ട് വിവാദമായ ആറന്‍മുള സ്വകാര്യ വിമാനത്താവള പദ്ധതിയും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന പദ്ധതിയാണിതെന്ന് പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോംജോസ് അടിസ്ഥാന സൗകര്യ വികസന സെഷനില്‍ പറഞ്ഞു. 

പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിക്ഷേപകര്‍ തമ്മിലുള്ള ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ 150 എണ്ണം നടന്നു.സര്‍ക്കാര്‍ പ്രതിനിധികളുമായി 66 പേര്‍ ചര്‍ച്ചകള്‍ നടത്തി. ചെറുതും വലുതുമായ 120 പ്രോജക്ടുകള്‍കൂടി വിവിധ വ്യക്തികളും സ്ഥാപനങ്ങളും ചര്‍ച്ചകള്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.