ഗള്‍ഫില്‍ ജയിലിലുള്ള മലയാളികള്‍ക്ക് കേസുനടത്താന്‍ സഹായം നല്‍കും- കെ.സി.ജോസഫ്

ഒട്ടേറെ മലയാളികള്‍ ഗള്‍ഫ്‌നാടുകളിലെ ജയിലില്‍ ദുരിതം അനുഭവിക്കുന്നുണ്ട്. ഇതില്‍ കള്ളക്കേസ് ചുമത്തപ്പെട്ടവര്‍ വരെയുണ്ട്. സ്‌പോണ്‍സര്‍മാരുടെ ചതിക്കുഴികളില്‍ വീണവരും ചൂഷണം സഹിക്കവയ്യാതെ മറ്റുജോലി തേടിയതിന്റെ പേരില്‍ കള്ളക്കേസിലുള്‍പ്പെട്ടവരും നിരവധിയാണ്. ഇവരെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്- അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്‌സ് സെല്ലിന്റെ സാന്ത്വന-ചെയര്‍മാന്‍ ഫണ്ടിന്റെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ.സി.ജോസഫ്.
പത്ത് വര്‍ഷത്തിലധികമായി നാട്ടിലെത്താതെ ഗള്‍ഫില്‍ കഴിയുന്ന മലയാളികള്‍ക്ക് സൗജന്യ വിമാനടിക്കറ്റ് സര്‍ക്കാര്‍ നല്‍കും. ജയില്‍മോചിതരാകുന്നവരെ നാട്ടിലെത്തിക്കാനായി വിമാനടിക്കറ്റ് ഉള്‍പ്പെടെയുള്ള സാമ്പത്തികസഹായവും സര്‍ക്കാര്‍ വഹിക്കും. പ്രതിവര്‍ഷം 50,000 കോടി രൂപ കേരളത്തിലെത്തിക്കുന്ന പ്രവാസിമലയാളികളുടെ ക്ഷേമം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അവധിക്കാലത്ത് കേരളത്തിലേക്കുള്ള വിമാനയാത്ര വലിയ പ്രശ്‌നമാണ്. എയര്‍ഇന്ത്യ ഇടയ്ക്കിടെ സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നതാണ് പ്രധാന പ്രശ്‌നം. കെ.സി.വേണുഗോപാല്‍ കേന്ദ്ര വ്യോമയാന സഹമന്ത്രിയായതോടെ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. കേരള സര്‍ക്കാര്‍ എയര്‍കേരള എക്സ്പ്രസ് തുടങ്ങാനുള്ള നടപടിയിലാണ്. ഇതിനുള്ള ഡയറക്ടര്‍ ബോര്‍ഡിന് രൂപം നല്‍കിക്കഴിഞ്ഞു. കേരളത്തിലേക്ക് കപ്പല്‍ ഗതാഗതത്തിന്റെ സാധ്യതയും തേടുന്നുണ്ട് - മന്ത്രി പറഞ്ഞു.