UDF

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം

ഐ.ടി. യോഗ്യത നേടിയ എല്ലാവര്‍ക്കും തൊഴില്‍ നല്‍കുക ലക്ഷ്യം-മുഖ്യമന്ത്രി

 


 



കൊരട്ടി (തൃശ്ശൂര്‍): അഞ്ചുവര്‍ഷത്തിനുള്ളില്‍ ഐ.ടി. വിദ്യാഭ്യാസയോഗ്യത നേടുന്ന മുഴുവന്‍ പേര്‍ക്കും കേരളത്തില്‍തന്നെ തൊഴില്‍ നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഐ.ടി. രംഗത്ത് കേരളത്തിലുള്ള അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി. അടുത്ത തലമുറകളെ ഗള്‍ഫിലേക്ക് അയയ്ക്കാതെ കേരളത്തില്‍തന്നെ നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ പണിയുന്ന ബഹുനിലക്കെട്ടിടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞകാലങ്ങളില്‍ ഐ.ടി. രംഗത്ത് നാം പിന്നിലായി. ആ നഷ്ടത്തിന്റെ അടിസ്ഥാനത്തിലുള്ള പിന്നാക്കാവസ്ഥ മാറ്റണം. ഈ രംഗത്ത് ഒരു കുതിച്ചുച്ചാട്ടം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യമേഖലയുടെ പങ്കാളിത്തവും പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2500 പേര്‍ക്ക് തൊഴില്‍ അവസരം ലഭിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം 18 മാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി.

കൊരട്ടി ഇന്‍ഫോപാര്‍ക്കിന്റെ വികസനത്തിന് സ്ഥലം അനിവാര്യമായ സാഹചര്യത്തില്‍, കൊരട്ടിയിലെ സ്വകാര്യ മില്‍ അവരുടെ തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കി പ്രവര്‍ത്തനം ആരംഭിക്കണം. അല്ലാത്തപക്ഷം ഈ ഭൂമി തിരിച്ചുപിടിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കണ്ണൂര്‍ ചാലയിലെ ഹൈവെ അപകടത്തെത്തുടര്‍ന്ന് ദേശീയപാതയിലെ അപകടസാധ്യതയുള്ള 216 സ്ഥലങ്ങള്‍ (ബ്ലാക്ക് സ്‌പോട്ട്) അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 50 എണ്ണത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി. ബാക്കിയുള്ള 166 എണ്ണത്തിന്റെ പണി മൂന്നുഘട്ടമായി നടത്തും. അക്കൂട്ടത്തില്‍ കൊരട്ടി ജങ്ഷനിലെ റോഡിന്റെ കാര്യവും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തോടെ കൊരട്ടി ഇന്‍ഫോപാര്‍ക്കിലെ രണ്ടാംഘട്ട വികസനത്തിന് തുടക്കം കുറിച്ചു. ചടങ്ങില്‍ വ്യവസായവകുപ്പുമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു.