UDF

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

സൈനികരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും

 


തിരുവനന്തപുരം: വിമുക്ത ഭടന്‍മാരുടെയും സൈനിക സേവനത്തിലുള്ളവരുടെയും പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും പ്രശ്‌നപരിഹാരത്തിന് പ്രാമുഖ്യം നല്‍കി നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സേനാ വിഭാഗങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതല സിവില്‍-മിലിട്ടറി സമ്പര്‍ക്ക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ജനപ്പെരുപ്പവും തൊഴില്‍രഹിതരായ യുവജനങ്ങളെയും കണക്കിലെടുക്കുമ്പോള്‍ വിമുക്ത ഭടന്‍മാര്‍ക്ക് ജോലി നല്‍കാന്‍ കേരളത്തില്‍ സാധ്യതകളും അവസരങ്ങളും ഏറെ കുറവാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ശതമാനാടിസ്ഥാനത്തില്‍ ഇവര്‍ക്കും സംസ്ഥാനത്ത് അവസരങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമുക്ത ഭടന്‍മാര്‍ക്ക് സഹായകരമായ തരത്തില്‍ ചില തസ്തികകളിലെങ്കിലും പ്രായപരിധിയിളവ്, വെയിറ്റേജ് മാര്‍ക്ക്, സംവരണം തുടങ്ങിയവയ്ക്ക് അവസരമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിരോധ സ്ഥാപനങ്ങളിലെയും സി.എസ്.ഡി. കാന്റീനുകളിലേതുമുള്‍പ്പെടെ സിവിലിയന്‍ ഒഴിവുകള്‍ യുദ്ധവീരന്‍മാരുടെയോ, യുദ്ധത്തില്‍ പരിക്കേറ്റ് ജോലി ചെയ്യാന്‍ കഴിയാതായവരുടെയോ ആശ്രിതര്‍ക്കും യുദ്ധ വിധവകള്‍ക്കും സേനയില്‍ ആശ്രിത നിയമനത്തിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്കുമുള്‍പ്പെടെ നീക്കി വയ്ക്കണമെന്നും ഇത്തരത്തിലുള്ള നിയമനം സൈനിക വെല്‍ഫെയര്‍ വകുപ്പു വഴി നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിതുരയില്‍ സൈന്യം നിര്‍മാണത്തിന് കണ്ടെത്തിയ സ്ഥലം വിട്ടുനല്‍കാന്‍ സര്‍ക്കാരിന് തടസങ്ങളില്ല. ഗ്രാമ പ്രദേശങ്ങളില്‍ സ്ഥലം കണ്ടെത്തിയാല്‍ ഗ്രാമങ്ങളുടെ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കാന്‍ സൈന്യത്തിന് സാധിക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിമുക്ത ഭടന്‍മാരുടെ പുനരധിവാസത്തിന് മുട്ടത്തറ, വിതുര മേഖലകളില്‍ 10 ഏക്കര്‍ സ്ഥലം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് അദ്ദേഹം അറിയിച്ചു.

സി.എസ്.ഡി കാന്റീനില്‍ 1000 രൂപയ്ക്ക് താഴെ വില വരുന്ന ഉത്പന്നങ്ങളെ 'വാറ്റി'ല്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം ധനവകുപ്പ് പരിശോധിക്കും. എം.ബി.ബി.എസ്, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള കോഴ്‌സുകളില്‍ സൈനികരുടെ ആശ്രിതര്‍ക്ക് സംവരണസീറ്റ് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വാശ്രയ കോളജുകളുമായി സംസാരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. ഓരോ വര്‍ഷവും സൈന്യത്തിലേക്ക് 2000ത്തിലേറെ ഉദ്യോഗാര്‍ഥികളെയാണ് സംസ്ഥാനത്തു നിന്നും തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇവരുടെ പോലീസ് വെരിഫിക്കേഷനില്‍ ഉണ്ടാകുന്ന താമസം തടസങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരമുണ്ടാകണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, കേരള മേഖലയുടെ മേധാവി ലഫ്. ജനറല്‍ വി.കെ. പിള്ള ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ ആഴക്കടല്‍ തീരമേഖല കേന്ദ്രീകരിച്ച് സേനയുടെ കൂടുതല്‍ പ്രവര്‍ത്തനമുണ്ടാകണമെന്ന് സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ അഭ്യര്‍ഥിച്ചു.