UDF

2012, ജൂൺ 22, വെള്ളിയാഴ്‌ച

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും

കണ്‍സ്യൂമര്‍ഫെഡ് 1500 നന്മ സ്റ്റോറുകള്‍കൂടി തുറക്കും 


 



തിരുവനന്തപുരം: കേരളത്തില സമീപകാലത്തുണ്ടായ പച്ചക്കറികളുടെയും അരിയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ അടിയന്തര നടപടിസ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മാവേലി സ്റ്റോറുകള്‍ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നരീതി തുടരും. ഇതിന് പുറമേ കണ്‍സ്യൂമര്‍ ഫെഡ് 1500 നന്മ സ്റ്റോറുകള്‍ പുതുതായി ആരംഭിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിലക്കയറ്റ നിയന്ത്രണത്തിന് മന്ത്രി അനൂപ് ജേക്കബ്ബ്, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മന്ത്രി കെ.പി. മോഹനന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥരുടെയോഗം വിളിച്ചുചേര്‍ത്ത് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പച്ചക്കറികളുടെ വിലക്കയറ്റം തടയുന്നതിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 26 വിപണനകേന്ദ്രങ്ങളും ഹോര്‍ട്ടികോര്‍പ്പുമായി സഹകരിച്ച് 42 വിപണനകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഹോര്‍ട്ടികോര്‍പ്പ് തനതായി 98 വിപണനകേന്ദ്രങ്ങളും തിരുവനന്തപുരത്ത് നാല് മൊബൈല്‍ യൂണിറ്റുകളും ആരംഭിച്ചു.

കണ്‍സ്യൂമര്‍ ഫെഡ് 154 വിപണന കേന്ദ്രങ്ങളും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ 27 വിപണന കേന്ദ്രങ്ങളും ആരംഭിച്ചു. ഈ നാല് ഏജന്‍സികളും പച്ചക്കറി വിപണിയില്‍ നടത്തിയ ഇടപെടലിന്റെ ഫലമായി ആറ് ഇനം പച്ചക്കറികളുടെ വില പിടിച്ചുനിര്‍ത്താനായിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ഓണം-റംസാന്‍ കാലം വരെ തുടരും. വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കാന്‍ പുതിയ 100 പച്ചക്കറി വിപണന കേന്ദ്രങ്ങള്‍കൂടി കണ്‍സ്യൂമര്‍ഫെഡ് ഉടന്‍ ആരംഭിക്കും. 59 വാഹനങ്ങളിലും ഒന്‍പത് ബോട്ടുകളിലുമായി നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ കണ്‍സ്യൂമര്‍ ഫെഡ് ലഭ്യമാക്കുന്നുണ്ട്. ഇവയില്‍ ഇനി പച്ചക്കറികൂടി ലഭ്യമാക്കും. ഇനിയും ആവശ്യമായി വന്നാല്‍ വേണ്ടത്ര വിപണനകേന്ദ്രങ്ങള്‍ ഹോര്‍ട്ടികോര്‍പ്പും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരിയുടെ വിലക്കയറ്റം തടയുന്നതിന് ഒരുകിലോയ്ക്ക് 22 രൂപ നിരക്കില്‍ ജയ അരിയും 19 രൂപയ്ക്ക് കുറുവ അരിയും കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കും. അരിയുടെ വിലക്കയറ്റം തടയാന്‍ ഇടപെടണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗിണിച്ച് കേന്ദ്ര സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വിപണിയില്‍ ഉടന്‍ പ്രകടമാകും. ബി.പി.എല്‍. കാര്‍ക്ക് ഒരുരൂപ നിരക്കില്‍ നല്‍കുന്നതിനായി നേരത്തെ സമ്മതിച്ചതിനേക്കാള്‍ 169000 ടണ്‍ അരി അധികമായി കേന്ദ്രം നല്‍കും. 4.68 രൂപ നിരക്കില്‍ ഈ അരി ലഭിക്കും. എ.പി.എല്‍. കുടുംബങ്ങള്‍ക്ക് പ്രതിമാസം 10.5 കിലോഗ്രാം അരിയാണ് കേന്ദ്രം നല്‍കുന്നത്. ഇത് 15 കിലോഗ്രാം ആക്കി താത്കാലികമായി ഉയര്‍ത്തിയത് ഇനി സ്ഥിരമായി ലഭ്യമാക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പുറമേ പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയാന്‍ കര്‍ശന നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ക്കൊപ്പം സ്വീകരിക്കേണ്ട മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഭക്ഷ്യവകുപ്പ് സെക്രട്ടറി, റേഷന്‍ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.