UDF

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജനമൈത്രി: 740 പോലീസുകാരെ നിയമിക്കുമെന്നു മുഖ്യമന്ത്രി

 ജനമൈത്രി സുരക്ഷാ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന്‌ 740 പോലീസുകാരെക്കൂടി ഉടന്‍ നിയമിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയുടെ സംസ്‌ഥാനതല അവലോകന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനമൈത്രി പോലീസ്‌ സ്‌റ്റേഷനുകളില്‍ അഞ്ചു പോലീസുകാരുടെ അധിക തസ്‌തിക സൃഷ്‌ടിച്ചുകൊണ്ടാണ്‌ പുതിയ നിയമനംനടത്തുന്നത്‌. ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുളള പോലീസ്‌ സംവിധാനമാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യം. പോലീസിന്റെ ശക്‌തി ആയുധങ്ങളിലല്ല. മറിച്ച്‌ ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിലാണ്‌. കുറ്റവാളികളെ സൃഷ്‌ടിക്കയല്ല വേണ്ടത്‌. പകരം കുറ്റം ചെയ്യാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ്‌ വേണ്ടതെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഓര്‍മ്മിപ്പിച്ചു.

എല്ലാവരെയും കുറ്റവാളികളായി കാണുന്ന പോലീസിന്റെ മനോഭാവം തെറ്റാണ്‌. കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കിയ നല്ലകാര്യങ്ങള്‍ അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ തിരുത്തുക എന്നത്‌ യു.ഡി.എഫിന്റെ നയമല്ല. മുന്‍സര്‍ക്കാരിന്റെ നിലപാടുകളോട്‌ കടുത്ത എതിര്‍പ്പ്‌ പലതിലും പ്രകടിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, ജനമൈത്രി പദ്ധതിക്ക്‌ കലവറയില്ലാതെ പിന്തുണ നല്‍കിയെന്ന്‌ അദ്ദേഹം പറഞ്ഞു.