UDF

2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്തും


കേരളത്തിലെ ചെറുതും വലുതുമായ തുറമുഖങ്ങൾ വികസിപ്പിച്ച് ജലമാർഗത്തിലൂടെയുള്ള ചരക്കുഗതാഗതം വിപുലപ്പെടുത്താനാണു സർക്കാരിന്റെ ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. ദേശീയജലപാതയുടെ കോവളം–കോട്ടപ്പുറം ഭാഗവും കോട്ടപ്പുറം–മഞ്ചേശ്വരം ഭാഗവും പൂർത്തീകരിക്കാൻ നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും സ്വകാര്യപങ്കാളിത്തത്തോടെ 763 കോടി രൂപ ചെലവിൽ മൂന്നുവർഷം കൊണ്ടു പൊന്നാനി വാണിജ്യ തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ചെന്നൈയിലെ മലബാർ പോർട് പ്രൈവറ്റ് ലിമിറ്റഡിനാണു നിർമാണച്ചുമതല. 30 വർഷത്തേക്കു തുറമുഖത്തിന്റെ നടത്തിപ്പ് ഈ കമ്പനിക്കായിരിക്കും. വരുമാനത്തിന്റെ നിശ്ചിതശതമാനം കമ്പനി ഈ കാലയളവിൽ സർക്കാരിലേക്ക് അടയ്ക്കുന്ന രീതിയിലാണു നടത്തിപ്പ് കരാർ.

ശിലാസ്ഥാപനദിവസം‌ തന്നെ പണികളും ആരംഭിച്ച് പൊന്നാനിയിലെ നിർദിഷ്ട വാണിജ്യ തുറമുഖം ചരിത്രത്തിലേക്കു നങ്കൂരമിട്ടു തുടങ്ങി. തുറമുഖത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വേദി വിട്ടയുടൻ കരിങ്കല്ല് നിറച്ച ലോറികൾ തുറമുഖ നിർമാണസ്ഥലത്തേക്കു നീങ്ങി. പുലിമുട്ടിനോടു ചേർന്ന ഭാഗത്ത് കല്ലിടുന്ന ജോലിയാണ് ആദ്യദിനം തുടങ്ങിയത്. മലബാറിന്റെ സ്വപ്നപദ്ധതിക്ക് അങ്ങനെ തറക്കല്ലിടൽദിനത്തിൽ‌ തന്നെ ശുഭാരംഭം.