UDF

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

ക്ഷേമ പെന്‍ഷനുകള്‍ ഓണത്തിന് മുമ്പ്; 650 കോടി നല്‍കും


ഓണത്തിന് മുന്നോടിയായി 650 കോടി രൂപയുടെ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഈ മാസം 21നു മുമ്പ് ഇവ വിതരണം ചെയ്യും. മുപ്പത് ലക്ഷം ഗുണഭോക്താക്കള്‍ക്കായി മൂന്നു ഗഡുക്കളാണ് ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സമഗ്രമായി വിലയിരുത്തുന്നതിന് ധനമന്ത്രി കെ.എം മാണി അധ്യക്ഷനായി നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരാണ് മറ്റു ഉപസമിതി അംഗങ്ങള്‍. 

കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയ 491 ഐ.ഇ.ഡി റിസോഴ്‌സ് ടീച്ചര്‍മാരെ പുനര്‍നിയമിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ മാനസികമായി സജ്ജരാക്കുന്ന മഹത്തരമായ പ്രവര്‍ത്തനമാണ് റിസോഴ്‌സ് ടീച്ചര്‍മാര്‍ നടത്തുന്നത്. വിഭിന്നശേഷിയുള്ള ഒരു വിദ്യാര്‍ത്ഥിയെങ്കിലും ഉള്ള സ്‌കൂളില്‍ ഒരു റിസോഴ്‌സ് ടീച്ചറെയെങ്കിലും നിയമിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ആഗ്രഹം.

എന്നാല്‍ ടീച്ചര്‍മാരുടെ എണ്ണം 795 ആയി വെട്ടിക്കുറയ്ക്കുക മാത്രമല്ല ഫണ്ട് അതനുസരിച്ച് കുറയ്ക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഇപ്രകാരം പുറത്തായ 491 പേരെയാണ് പുനര്‍നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചുകോടി രൂപ അനുവദിക്കാനും തീരുമാനമായി. 

പാലക്കാട് ജില്ലാ പഞ്ചായത്തിനായി അഗളി ഗ്രാമപഞ്ചായത്തിലെ കൂടം (4.5 മെഗാവാട്ട്), കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ ചെമ്പുകട്ടി (6.5 മെഗാവാട്ട്) എന്നീ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ അനുവദിച്ചു. വാട്ടര്‍ അതോറിട്ടിയിലെ 316 എന്‍.എം.ആര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തും. ഇവരെ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ തീയതി നോക്കി റെഗുലര്‍ എസ്റ്റാബ്ലിഷ്‌മെന്റില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങുന്ന ദിവസം മുതല്‍ മാത്രമേ ഇവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കൂ. അതേസമയം സ്ഥിരപ്പെടുന്ന തീയതി മുതല്‍തന്നെ മറ്റുള്ള ആനുകൂല്യങ്ങള്‍ക്ക് ഇവര്‍ അര്‍ഹരാകും. കാസര്‍കോട് ഹോസ്ദുര്‍ഗ് താലൂക്കില്‍ പനയാല്‍ വില്ലേജിലെ 7.50 ഏക്കര്‍ റവന്യൂ ഭൂമി സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് നല്‍കും.

ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിനായിരിക്കും. തൃശൂര്‍ എസ്.ആര്‍.വി മ്യൂസിക് സ്‌കൂളിനെ എസ്.ആര്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് പെര്‍ഫോമിങ് ആര്‍ട്‌സായി ഉയര്‍ത്തും. കൂടാതെ കോളജ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

എറണാകുളം കെ.എസ്.ആര്‍.ടി.സിയുടെ കൈവശമിരിക്കുന്ന എറണാകുളം ബസ് സ്റ്റേഷനിലെ 1.93 ഹെക്ടര്‍ സ്ഥലവും കാരിക്കാമുറിയിലെ 1.40 ഹെക്ടര്‍ സ്ഥലവും തേവര പെരുമാനൂര്‍ ബോട്ട് യാര്‍ഡിലെ 2.63 ഹെക്ടര്‍ സ്ഥലവും ഉള്‍പ്പെടെ 14 ഏക്കര്‍ 7 സെന്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് സൗജന്യമായി നല്‍കും. സ്ഥലത്തിന് 316.54 കോടി രൂപയുടെ കമ്പോളവിലയാണ് കണക്കാക്കിയിട്ടുള്ളത്.

തിരുവനന്തപുരം നെയ്യാറിന് കുറുകെയുള്ള പാഞ്ചിക്കാട്ട് കടവ് പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റ് നിരക്കിനേക്കാള്‍ 7.92 ശതമാനം വര്‍ദ്ധന അനുവദിച്ചുകൊണ്ട് ടെന്‍ഡര്‍ അംഗീകരിക്കുന്നതിനും മന്ത്രിസഭ അനുമതി നല്‍കി. ജൂണ്‍ ഏഴിന് കരുനാഗപ്പള്ളിക്ക് സമീപത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചുപേര്‍ക്കും പരിക്കേറ്റ ഏഴുപേര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.