UDF

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

എയര്‍ ആംബുലന്‍സ്: താത്പര്യപത്രം ക്ഷണിച്ചു



 അവയവദാനങ്ങള്‍ക്കും മറ്റും ഉപയോഗപ്പെടുത്താന്‍ എയര്‍ ആംബുലന്‍സ് വേണമെന്നത് ഒരു പൊതു താത്പര്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ അതിനായി താത്പര്യപത്രം ക്ഷണിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ വാര്‍ഷികവും അവയവദാതാക്കളെ അനുസ്മരിക്കലും അവരുടെ 504 കുടുംബാംഗങ്ങളെ ആദരിക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എയര്‍ ആംബുലന്‍സുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് കമ്പനികളുമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എയര്‍ ആംബുലന്‍സ് സൗകര്യം ഇല്ലാത്തതിനാല്‍ അവയവദാനത്തിന് തടസ്സമുണ്ടാകരുത്. ഇനി കമ്പനികളുമായും ഈ രംഗത്തുള്ള വലിയ ആശുപത്രികളുമായും സംസാരിക്കണം. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളൊക്കെ വേഗത്തിലാക്കി എയര്‍ ആംബുലന്‍സ് വിഷയത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കും. ജീവിച്ചിരിക്കെ തന്നെ അവയവദാനം നടത്തുന്നവര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. എന്തൊക്കെ ചെയ്യാനാകുമെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അവയവദാനത്തിന് അനുകൂലമായ വലിയൊരു മാറ്റം സമൂഹത്തിലുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ഡോക്ടര്‍മാരും നൂറുശതമാനവും വിജയപ്പിക്കുന്നുണ്ട്. അവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല-അദ്ദേഹം പറഞ്ഞു.