UDF

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കും


പട്ടയം ഇനിയും കിട്ടാത്തത് മത്സ്യബന്ധന തുറമുഖത്തിനായി മാറ്റിപ്പാര്‍പ്പിക്കപ്പെട്ടവര്‍ക്ക്


തിരുവനന്തപുരം: വിഴിഞ്ഞത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാറ്റിപ്പാര്‍പ്പിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് ഉടന്‍ പട്ടയം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. മത്സ്യബന്ധന തുറമുഖം നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചവര്‍ക്കാണ് ഇനിയും പട്ടയം കിട്ടാത്തത്.

അന്താരാഷ്ട്ര തുറമുഖം നിര്‍മിക്കുന്നതിന് മുന്നോടിയായി വിഴിഞ്ഞത്തെയും പരിസരത്തെയും ജമാ അത്ത് കമ്മിറ്റി ഭാരവാഹികളുമായി നടന്ന ചര്‍ച്ചയിലാണ് ഇതിന് തീരുമാനമായത്. തുറമുഖം സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

മാറ്റിപ്പാര്‍പ്പിക്കപ്പെട്ട സ്ഥലത്ത് ഭൂമി കൈവശമുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ ജില്ലാകളക്ടറുമായി ആലോചിച്ച് ഉടന്‍ തീരുമാനമെടുക്കും. മുമ്പ് പലവട്ടം ഈ പ്രശ്‌നം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചെങ്കിലും ഇപ്പോള്‍ കണ്ടെയ്‌നര്‍ തുറമുഖത്തിനായി പ്രദേശവാസികളുടെ സഹകരണം തേടുന്നതിന്റെ ഭാഗമായാണ് ഇത് പരിഗണിക്കപ്പെട്ടത്. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തില്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അദാനി വിഴിഞ്ഞം പോര്‍ട്‌സ് നിര്‍മിക്കുന്ന തുറമുഖത്തിനായി ശേഷിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ചര്‍ച്ച സപ്തംബര്‍ നാലിന് പുനരാരംഭിക്കാനും തീരുമാനമായി. വിഴിഞ്ഞം വടക്കുംഭാഗം, വടക്കുംഭാഗം സെന്‍ട്രല്‍, തെക്കുംഭാഗം, പുല്ലുവിള, അമ്പലത്തുംമൂല, പൂവാര്‍ എന്നീ ജമാ അത്തുകളിലെ ഭാരവാഹികളുമായാണ് ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടന്നത്.