UDF

2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

വിഴിഞ്ഞം: പദ്ധതിക്കും പുനരധിവാസത്തിനും പണം പ്രശ്‌നമല്ല


   
വിഴിഞ്ഞം രാജ്യാന്തര തുറമുഖം പദ്ധതിക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്, പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ എത്രപണം വേണമെങ്കിലും മുടക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.  പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന ആഗ്രഹം മാത്രമാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

പദ്ധതി സംബന്ധിച്ച് ആര്‍ക്കും ആശങ്ക വേണ്ട,  മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിന് ബുധനാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. 

അദാനി ഗ്രൂപ്പുമായി പരസ്​പരവിശ്വാസത്തിലാകും സര്‍ക്കാര്‍ പോകുക. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ ന്യായമായ ചില ആശങ്കകള്‍ പങ്കുവെക്കുന്നവരുണ്ട്. ഇത്തരം കാര്യങ്ങളില്‍ എല്ലാവരുമായും ചര്‍ച്ചനടത്തി പരിഹാരം കാണും. ഇപ്പോള്‍ മാത്രമല്ല, നിര്‍മാണം തുടങ്ങിക്കഴിഞ്ഞ് ഉണ്ടാകാവുന്ന പ്രശ്‌നങ്ങളിലും ഇതായിരിക്കും സമീപനം. ഒരാള്‍ക്കും പദ്ധതികൊണ്ട് ബുദ്ധിമുട്ടുണ്ടാകരുത്. പുനരധിവാസത്തിന് കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍ നല്‍കും- കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ സെക്രട്ടേറിയറ്റിലെ ഓഫീസില്‍ മുഖ്യമന്ത്രിയെ ഗൗതം അദാനി സന്ദര്‍ശിച്ചു. പദ്ധതി പറഞ്ഞ സമയത്തിന് മുന്പ് പൂര്‍ത്തിയാക്കുമെന്ന് പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി പറഞ്ഞു. വിഴിഞ്ഞം പദ്ധതി തങ്ങളുടെ അഭിമാന പദ്ധതികളില്‍ ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.