UDF

2015, ഓഗസ്റ്റ് 30, ഞായറാഴ്‌ച

കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികത പരമാവധി പ്രയോജനപ്പെടുത്തും

'ഒറ്റ ടച്ചിന് പോലീസ് അരികില്‍' പദ്ധതിക്ക് തുടക്കം

മണര്‍കാട്(കോട്ടയം): കുറ്റകൃത്യങ്ങള്‍ തടയാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണര്‍കാട് പോലീസ്സ്‌റ്റേഷനിലെ 'മൊബൈല്‍ ആപ്ലിക്കേഷന്‍ പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വീടുകളെ പോലീസ്സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ആണ് ഇതു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കുറവാണ്. ഇത്തരം പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷയ്ക്കായി ആധുനിക പദ്ധതികൾ ഉണ്ടാകുന്നതു ജനങ്ങളുടെ സുരക്ഷാബോധം വർധിപ്പിക്കും. മൈ ആപ്പ് പദ്ധതി സംസ്‌ഥാനത്തിനു മാതൃകയാണ്. റോഡപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോർവാഹന വകുപ്പ് എന്നിവർ ചേർന്നു നടപ്പാക്കേണ്ട പ്രവർത്തനത്തിനു മുൻഗണന നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ജനകീയ പോലീസ് ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന 'മണര്‍കാട് മൈ പോലീസ് ആപ്പ്' എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്ലൂക്കേഷനിലൂടെ വാട്‌സ് ആപ്പ് എന്നതുപോലെ സന്ദേശങ്ങള്‍ ഒറ്റ ടച്ചില്‍ പോലീസിനെ അറിയിക്കാനാകും. ഇതിനായി പ്രത്യേക സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിട്ടുണ്ട്. തുടക്കത്തില്‍ കോട്ടയത്തെ മണര്‍കാട് പോലീസ്സ്‌റ്റേഷനില്‍ മാത്രമാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. പ്രദേശത്തെ ഡോക്ടര്‍മാര്‍, ആംബുലന്‍സ്, ഒാേട്ടാ തുടങ്ങിയ നമ്പരുകളും ഈ ആപ്പില്‍ ലഭിക്കും. പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാനത്തെ മുഴുവന്‍ പോലീസ്േസ്റ്റഷനിലേക്കും വ്യാപിപ്പിക്കും. 

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. പദ്ധതി വിജയിച്ചാല്‍ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിൽ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള പദ്ധതികൾ സുരക്ഷയ്ക്കായി തയാറാക്കിയിട്ടുണ്ട്. ഇവ ക്രോഡീകരിച്ച് സുരക്ഷയ്ക്കായി പുതിയ പദ്ധതിക്ക് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മൊബൈൽ ആപ്പ് പദ്ധതിക്കു രൂപം നൽകിയ ഡോ. പുന്നൻ കുര്യൻ വേങ്കടത്തിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

മൊബൈലിൽ ഒറ്റ സ്‌പർശത്തിലൂടെ പൊലീസിനെ വിവരം അറിയിക്കാവുന്ന പദ്ധതി മണർകാട്, വിജയപുരം പഞ്ചായത്തുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, സെന്റ് മേരീസ് സ്‌കൂൾ സ്‌റ്റുഡന്റ്‌സ് പൊലീസ് കെഡറ്റ് എന്നിവയുടെ സഹകരണത്തിലാണ് നടപ്പാക്കുന്നത്.