UDF

2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

ഗുരുവായൂരില്‍ ക്യൂ കോംപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കും


 ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്കായി ക്യൂ കോപ്ലക്‌സും മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കെട്ടിടവും നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. മന്ത്രി വി.എസ്. ശിവകുമാറിന്റെ സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

ക്യൂ കോംപ്ലക്‌സ് നിര്‍മിക്കുന്ന സത്രം കോമ്പൗണ്ടില്‍ ലൈസന്‍സ് വ്യവസ്ഥയില്‍ കച്ചവടം നടത്തിവരുന്ന 30 വ്യാപാരികളെ ക്യൂ കോംപ്ലക്‌സിനോടും പാര്‍ക്കിങ് കെട്ടിടത്തോടും അനുബന്ധമായിത്തന്നെ പുനര്‍വിന്യസിപ്പിക്കും. ഇവയുടെ നിര്‍മാണ കാലയളവില്‍ ഈ വ്യാപാരികള്‍ക്കുവേണ്ടി ക്ഷേത്രത്തിന് സമീപത്തുതന്നെ ദേവസ്വം ചെലവില്‍ താത്കാലിക കച്ചവട ഷെഡ്ഡുകള്‍ നിര്‍മിക്കും.

വ്യാപാരികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സത്രം കോംപ്ലക്‌സില്‍ പൊളിച്ചുമാറ്റുന്ന കടകളെക്കൂടാതെ ഉപയോഗയോഗ്യമായ കടകള്‍ ദേവസ്വത്തിന്റെ കൈവശമുണ്ടോ എന്ന് പരിശോധിക്കുന്നതിനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ ചുമതലപ്പെടുത്തി.