UDF

2015, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്നപദ്ധതി


വിഴിഞ്ഞം കേരളത്തിന്റെ ദീർഘകാലത്തെ സ്വപ്നപദ്ധതിയാണ്. ഓരോ സ്റ്റേജിലും ഒരു തർക്കമോ, ആശങ്കയോ ഇല്ലാതെ മുന്നോട്ടു പോകണം. ഞാൻ എപ്പോഴും പറയുന്ന ഒരു കാര്യം വിഴിഞ്ഞം കേരളത്തിൽ അല്ലായിരുന്നു എങ്കിൽ 25 വർഷങ്ങൾക്ക് മുൻപ് യാഥാർത്ഥ്യം ആവുമായിരുന്നു എന്നാണ്. ഇപ്പോൾ തന്നെ വലിയ കാലതാമസം വന്നു കഴിഞ്ഞു, ഇനി തുറമുഖത്തിന്റെ നിർമ്മാണ രംഗത്ത് ഒരു കാലതാമസവും വരാൻ പാടില്ല. കരാർ അനുസരിച്ച് അദാനി വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ചോദിച്ചിരിക്കുന്നത് 4 വർഷമാണ്‌, അവർ പ്ലാൻ ചെയ്യുന്നത് 2 വർഷം കൊണ്ട് തുറമുഖം പൂർത്തിയാക്കാനാണ്.

2 വർഷത്തിനുള്ളിൽ ഏറ്റവും സുതാര്യമായി, എത്രയും വേഗത്തിൽ അത് യാഥാർത്ഥ്യമാക്കാൻ ആണ് ഗവൺമെന്റ് ഇപ്പോൾ ശ്രമിക്കുന്നത്. അതിനു വേണ്ട എല്ലാ കാര്യങ്ങളും ചർച്ചയിലൂടെ സുതാര്യമായി നടത്താനും, പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളും, പരമ്പരാഗതമായി അവിടെ താമസിക്കുന്നവരും അഭിമുഖികരിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങളും, പരിസ്ഥിതി ആഘാത പഠനങ്ങളും ഈ ഗവൺമെന്റ് വന്നതിനു ശേഷം ഒന്നര വർഷക്കാലം പഠിച്ചതിനു ശേഷമാണ് പദ്ധതിക്ക് കേന്ദ്രഗവൺമെന്റ് അംഗീകാരം തന്നത്.
മത്സ്യ തൊഴിലാളികളുടെ നഷ്ടങ്ങൾ കണക്കിലെടുത്ത് 220 കോടി രൂപയുടെ പാക്കേജ് പദ്ധതി ചെലവിൽ ഉൾപ്പെടുത്തി തയ്യാറാക്കിയിട്ടുണ്ട്. പരമ്പരാഗതമായി വിഴിഞ്ഞത്തെ താമസക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരു പ്രത്യേക വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിർമ്മാണത്തിന്റെ ഓരോ സ്റ്റേജിലും പ്രത്യാഘാതങ്ങൾ പഠിക്കുവാനായി വകുപ്പ് ഇവിടെയുണ്ടാകും.

നിർമ്മാണം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം തിരുവനന്തപുരത്തിനും, കേരളത്തിനും, ഇന്ത്യയ്ക്കും അഭിമാനിക്കാവുന്ന വലിയ നേട്ടമായി മാറും.