UDF

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

അദാനിക്ക് എല്ലാ പിന്തുണയും നല്‍കും


 വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പിന് അദാനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമൂഹിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല. വിമര്‍ശനം ഉന്നയിച്ചവരുമായും പ്രദേശത്തെ എല്ലാവിഭാഗം ജനങ്ങളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലാണ്. കരാര്‍ ഒപ്പിടല്‍ കേരളത്തിന്റെ വികസനരംഗത്തെ ചരിത്ര മുഹൂര്‍ത്തമാണ്.

25 വര്‍ഷം മുമ്പ് ഉദിച്ച ആശയമാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത പ്രയോജനമാണ് വിഴിഞ്ഞം പദ്ധതിക്ക് ലഭിക്കുന്നത്. പ്രാദേശിക സന്തുലിതാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുമെല്ലാം പദ്ധതിക്ക് ഗുണകരമാകും. പദ്ധതി സംബന്ധിച്ച് മല്‍സ്യ തൊഴിലാളികള്‍ അടക്കമുള്ളവര്‍ ചില ആശങ്കകള്‍ ഉന്നയിക്കുന്നുണ്ട്. പാരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങളാണ് അവരുടെ ആശങ്കയെങ്കില്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവില്ല.

എങ്കിലും ആശങ്ക ദുരീകരിക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. ഏറ്റവും വേഗത്തില്‍ പദ്ധതി നടപ്പാക്കുകയെന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. അതിനായി പ്രയത്‌നിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, സാമുദായിക-സാമൂഹിക രംഗത്തെ സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പദ്ധതി മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്.