UDF

2015, ഓഗസ്റ്റ് 19, ബുധനാഴ്‌ച

സിയാല്‍: ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുന്നു


നെടുമ്പാശ്ശേരി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന പെരുമ ഇനി കൊച്ചി വിമാനത്താവളത്തിന് സ്വന്തം. വിമാനത്താവളത്തിന്റെ ഊര്‍ജാവശ്യങ്ങള്‍ മുഴുവനും നിര്‍വഹിക്കാന്‍ ഉതകുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള 12 മെഗാവാട്ട് സൗരോര്‍ജ പ്ലാന്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. 

രാജ്യത്താദ്യമായി ജനകീയ പങ്കാളിത്തത്തോടെ വിമാനത്താവളം നിര്‍മിച്ച് മാതൃക കാണിച്ച സിയാല്‍, ഊര്‍ജ സ്വയംപര്യാപ്തിയിലും അഭിമാനകരമായ നേട്ടം കൈവരിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

സിയാലിന് അനുമതി നല്‍കിയ എട്ട് മിനി ജലവൈദ്യുത പദ്ധതികളില്‍ ആദ്യത്തേത് കോഴിക്കോട് അരിപ്പാറയില്‍ രണ്ട് മാസത്തിനകം നിര്‍മാണം തുടങ്ങും. 8 പദ്ധതികള്‍ വഴി 50 മെഗാവാട്ട്്് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 8 പദ്ധതികളുടെയും നിര്‍മാണം തുടങ്ങും.

കാര്‍ഗോ കോംപ്ലക്‌സിന് സമീപം 45 ഏക്കറില്‍ വിന്യസിച്ചിട്ടുള്ള 46,150 സോളാര്‍ പാനലുകളിലൂടെയാണ് കൊച്ചി വിമാനത്താവളത്തിന് ഇനി വൈദ്യുതി ലഭിക്കുക. വിമാനത്താവളത്തിന്റെ ഒരു ദിവസ ഉപയോഗത്തിന് അരലക്ഷം യൂണിറ്റോളം വൈദ്യുതി ആവശ്യമാണ്. 12 മെഗാവാട്ട് വൈദ്യുതി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയതോടെ പ്രതിദിനം 52,000 യൂണിറ്റ് വൈദ്യുതി സിയാലിന് ലഭ്യമാകും. ഈ വൈദ്യുതി കെ.എസ്.ഇ.ബി.യുടെ ഗ്രിഡ്ഡിന് നല്‍കുകയും അതത് സമയങ്ങളില്‍ ആവശ്യമുള്ളത്ര വൈദ്യുതി കെ.എസ്.ഇ.ബി.യില്‍ നിന്ന് ലഭ്യമാക്കുകുയും ചെയ്യുന്ന പവര്‍ ബാങ്കിങ് പദ്ധതിക്കാണ് സിയാല്‍ തുടക്കമിട്ടിരിക്കുന്നത്.

സിയാലിന്റെ ഉപ കമ്പനിയായ സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല. 62 കോടിയാണ് മൊത്തം പദ്ധതിത്തുക. ബോഷ് ലിമിറ്റഡാണ് കരാറുകാര്‍.