UDF

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

പെരുവള്ളൂര്‍ ഇനി ലഹരിവിമുക്തപഞ്ചായത്ത്‌


തേഞ്ഞിപ്പലം: പെരുവള്ളൂരിനെ സമ്പൂര്‍ണ ലഹരിവിമുക്ത പഞ്ചായത്തായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ലഹരിവിമുക്തമാകുന്ന സംസ്ഥാനത്തെ രണ്ടാമത്തേതും മലബാര്‍ മേഖലയില്‍ ആദ്യത്തേതുമായ പഞ്ചായത്താണ് പെരുവള്ളൂര്‍.

ലോകത്തിനുതന്നെ മാതൃകയായ ജനസമൂഹമായി പെരുവള്ളൂരിലെ ജനങ്ങള്‍ മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാന്‍ ജനങ്ങള്‍തന്നെ മുന്നിട്ടിറങ്ങണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ പൂര്‍ണപിന്തുണയും ഉണ്ടാകും- അദ്ദേഹം പറഞ്ഞു.

പെരുവള്ളൂരിനെ ലഹരിമുക്തമാക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളായവര്‍ക്കുള്ള ഉപഹാരങ്ങള്‍ മുഖ്യമന്ത്രി വിതരണംചെയ്തു. 

കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് പഞ്ചായത്തില്‍ ലഹരിവിമുക്തപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. എല്ലാ വാര്‍ഡുകളിലും സമിതികള്‍ രൂപവത്കരിച്ച് ബോധവത്കരണവും ഗൃഹസമ്പര്‍ക്കവും പ്രദര്‍ശനവും സംഘടിപ്പിച്ചു. 

പെരുവള്ളൂരിനെ കഴിഞ്ഞമാസം സമ്പൂര്‍ണ അഴിമതിരഹിത പഞ്ചായത്തായി ഗവര്‍ണര്‍ പ്രഖ്യാപിച്ചിരുന്നു.