UDF

2012, ജൂൺ 7, വ്യാഴാഴ്‌ച

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും

അവയവദാന നിയമം ഉദാരമാക്കും; ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിക്കും 


 



തിരുവനന്തപുരം: അവയവദാനവുമായി ബന്ധപ്പെട്ട നിയമം ഉദാരമാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ നിയമത്തിന്റെ ചുവടുപിടിച്ചാണ് സംസ്ഥാനവും ഈ ദിശയിലേക്ക് നീങ്ങുന്നതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.

ഭൂമിയുടെ ന്യായവിലയിലെ അപാകതകള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായവില സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ താലൂക്കുകള്‍ സന്ദര്‍ശിക്കും. മൂന്നുമാസത്തിനകം കളക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നുള്ള വ്യക്തിഗത പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

വയനാട് വന്യജീവി സങ്കേതത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന കര്‍ഷകരെയും ആദിവാസികളെയും വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരും. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമാക്കും. 14 കോളനികളില്‍ നിന്ന്800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. രണ്ട് കോളനികളില്‍ നിന്ന് 55 കുടുംബങ്ങളെ ഇതിനോടകം പുനരധിവസിപ്പിച്ചിട്ടുണ്ട്. കൊറ്റങ്കര കോളനിയില്‍ നിന്ന് 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 2.40 കോടിയുടെ കേന്ദ്രസഹായം ഉപയോഗിക്കും.

തൃക്കാക്കര, തൃപ്പൂണിത്തുറ, പൈനാവ്, പെരിന്തല്‍മണ്ണ, കഞ്ചിക്കോട്, നെടുമങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിശമന സേന യൂണിറ്റുകളില്‍ 26 വീതം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലെ കോള്‍ കൃഷി മെച്ചപ്പെടുത്താന്‍ കേന്ദ്രപദ്ധതി വിനിയോഗിക്കും. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഫ്രാന്‍സിസിന് ഈ പദ്ധതിയുടെ അധികച്ചുമതല നല്‍കി.

കൊപ്രാസംഭരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സൊസൈറ്റികള്‍ക്ക് കൂടുതല്‍ ഡ്രൈയറുകള്‍ നല്‍കും. കൊപ്ര ചാക്കൊന്നിന് പത്തുരൂപ കൂട്ടിയിട്ടുണ്ട്.