UDF

2015, ഓഗസ്റ്റ് 25, ചൊവ്വാഴ്ച

കുപ്പിവെള്ളരംഗത്തെ ചൂഷണം അവസാനിപ്പിക്കും


തൊടുപുഴ മലങ്കരയില്‍ ജലവിഭവ വകുപ്പ് തുടങ്ങിയ ഹില്ലി അക്വാ 
കുപ്പിവെള്ള ഫാക്ടറിയുടെ ഉദ്ഘാടനത്തിനെത്തിയ
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെള്ളം എടുത്തുനോക്കുന്നു. മന്ത്രി പി.ജെ.ജോസഫ് സമീപം

തൊടുപുഴ: കുപ്പിവെള്ള വിതരണരംഗത്ത് നടത്തുന്ന ചൂഷണം അവസാനിപ്പിക്കുമെന്നും ന്യായവിലയ്ക്ക് സുരക്ഷിത കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുറത്തിറക്കിയ ഹില്ലി അക്വാ കുപ്പിവെള്ളത്തിന്റെ വിപണനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ശുദ്ധമായ വെള്ളമെടുക്കാന്‍ കഴിയുന്ന ഏതാനും സ്ഥലങ്ങളില്‍ കൂടി കുപ്പിവെള്ള പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിക്കും. ഹില്ലി അക്വാ വിപണിയിലെത്തിയതോടെ ഇതിന്റെ ഡിമാന്റും കുതിച്ചുകയറും. ശബരിമല സീസണിലും മറ്റും ദാഹജലം കൂടിയ വിലയ്ക്ക് വില്‍ക്കുന്നു എന്ന പരാതിയുണ്ട്. ഹില്ലി അക്വാ പ്ലാന്റ് കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നതിന് നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ െഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) ആണ് കുപ്പിവെള്ളം വിപണിയിലെത്തിച്ചിട്ടുള്ളത്.  ഏതാനും മാസമായി തൊടുപുഴയിലെ പ്ലാന്റില്‍നിന്ന് കുപ്പിവെള്ളം പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനമാണ് തിങ്കളാഴ്ച നടന്നത്.