UDF

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

നീതി ആയോഗ് പഠിക്കാതെ ഏര്‍പ്പെടുത്തിയ ആസൂത്രണസംവിധാനം


 രാജ്യത്ത് നിലനിന്ന ആസൂത്രണക്കമ്മീഷന്റെ പ്രസക്തി മനസ്സിലാക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗ് കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലാ ആസൂത്രണസമിതി സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പഞ്ചവത്സരപദ്ധതികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് കുതിപ്പുണ്ടാക്കിയത്. തുണി റേഷനായി വാങ്ങിയ സമൂഹം ഇന്ന് സ്‌പേസ് യുഗത്തിലേക്കുയര്‍ന്നു. എല്ലാ മേഖലയിലും ഇങ്ങനെ അത്ഭുതാവഹമായ നേട്ടമുണ്ടാക്കിയതിനു പിന്നില്‍ പഞ്ചവത്സരപദ്ധതികളാണ്.

1952 മുതല്‍ നിലവില്‍വന്ന് പുരോഗതിയുണ്ടാക്കിയ ആ ആസൂത്രണസംവിധാനം ഇപ്പോഴില്ല. വ്യാപകമായ മാറ്റമുണ്ടാക്കിയ ആസൂത്രണസമിതി ഇല്ലാതായി. പകരം നീതി ആയോഗ് നിലവില്‍വന്നു. പക്ഷേ, നീതി ആയോഗ് എന്താണെന്നുപോലും പല സംസ്ഥാനങ്ങള്‍ക്കും അറിയില്ല. വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിനു കഴിഞ്ഞിട്ടുമില്ല. പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു. എന്നാല്‍, ഈ സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുമില്ല. ആസൂത്രണത്തിന്റെ പ്രസക്തി മനസ്സിലാക്കി വേണ്ടത്ര പഠനം നടത്തി നീതി ആയോഗ് കൊണ്ടുവരികയായിരുന്നു ഉചിതമെന്നും മുഖ്യമന്ത്രി പറഞ്ഞു.