UDF

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

പ്രവാസികമ്മീഷന്‍ രൂപവത്കരണം അന്തിമഘട്ടത്തില്‍

 
 പ്രവാസികളുടെ ക്ഷേമത്തിനായുള്ള പ്രവാസികമ്മീഷന്‍ രൂപവത്കരണം അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികമ്മീഷന്‍ രൂപവത്കരണം തത്വത്തില്‍ അംഗീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. ഓണ്‍ലൈന്‍ വോട്ടിങ് അവകാശം അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാടാണ് എടുത്തത്. സമീപഭാവിയില്‍ ഈ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികള്‍ക്കായി ആദ്യമായി മന്ത്രിയും പ്രത്യേക വകുപ്പും രൂപവത്കരിച്ചത് കേരള സര്‍ക്കാരാണ്. ഈ മാതൃകയാണ് പിന്നീട് കേന്ദ്രം ഉള്‍ക്കൊണ്ടത്. എന്തിനെയും ഏതിനെയും സംശയിക്കുന്ന മലയാളിയുടെ സ്വഭാവം മാറ്റിയെടുത്തത് പ്രവാസികളാണ്. സ്വാതന്ത്ര്യത്തിനുശേഷം വന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും നമ്മള്‍ ആദ്യം സംശയത്തോടെയാണ് വീക്ഷിച്ചത്. ട്രാക്ടറും കമ്പ്യൂട്ടറും ഐ.ടി.യുമെല്ലാം നമ്മള്‍ സംശയിച്ചു. എന്നാല്‍ വികസന രാജ്യങ്ങളുടെ നേട്ടങ്ങള്‍ നേരിട്ടുകണ്ട പ്രവാസികളാണ് ഇക്കാര്യത്തില്‍ മലയാളിക്കുള്ള സംശയദൃഷ്ടി മാറ്റിയത്. - മുഖ്യമന്ത്രി പറഞ്ഞു.