UDF

2015, ജൂലൈ 29, ബുധനാഴ്‌ച

കലാമിന്റെ മൃതദേഹം കേരളത്തിലെത്തിക്കണം


മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കേരളത്തിന് അവസരം നല്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. ആഭ്യന്തരമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. മൃതദേഹം രാമേശ്വരത്തേക്കുള്ള വഴിമധ്യേ തിരുവനന്തപുരത്ത് ഹ്രസ്വനേരത്തേക്ക് വയ്ക്കാന്‍ അവസരം നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

തിരുവനന്തപുരവും കേരളവും ഡോ. കലാമിന്റെ കര്‍മഭൂമിയായിരുന്നെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ  ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

രാവിലെ പത്തുമണിക്ക് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നതിനു മുമ്പ് രാവിലെ ഒന്‍പതു മണിയോടെ ഡല്‍ഹി കേരള ഹൗസില്‍ നിന്ന് നേരിട്ടും ഫാക്‌സ് വഴിയുമാണ് കത്ത് എത്തിച്ചത്. ഇതേ ആവശ്യം തിങ്കളാഴ്ച രാത്രിയിലും ഫോണ്‍ മുഖേന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രി  അറിയിച്ചിരുന്നു. കലാമിന്റെ കുടുംബവവുമായി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 സംസ്‌കാരച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

രാമേശ്വരത്ത് വ്യാഴാഴ്ച നടക്കുന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാരച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും.  മുഖ്യമന്ത്രിയുടെ രണ്ടാം തീയതി വരെയുള്ള എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിട്ടുണ്ട്.  ദേശീയതലത്തില്‍ ഏഴു ദിവസത്തെ ദു:ഖാചരണം നടക്കുന്നതിനാലാണിതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.