UDF

2015, ഓഗസ്റ്റ് 16, ഞായറാഴ്‌ച

കലാമിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി


തിരുവനന്തപുരം: മുന്‍രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ഥം ശാസ്ത്രവിദ്യാര്‍ഥികള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി പ്രഖ്യാപനവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ സംസാരിച്ചു. പദ്ധതിക്കായി 50 ലക്ഷം രൂപയാണ് നല്‍കുന്നത്. കൂടാതെ ഏഴുവികസന പരിപാടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 

ലൈറ്റ് മെട്രോ, പാവപ്പെട്ടവര്‍ക്ക് ഒരുലക്ഷം വീടുകള്‍, വിഷപ്പച്ചക്കറിക്കെതിരെ ശക്തമായ നടപടി, വിലക്കയറ്റം തടയാനുള്ള നടപടികള്‍ ഇവയെല്ലാം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സര്‍ക്കാര്‍ തുടങ്ങി വെച്ച വികസനപദ്ധതികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ ജനസംഖ്യയിൽ 65% ത്തോളം വരുന്ന യുവാക്കളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഡോ. എ. പി. ജെ. അബ്ദുൾ കലാം ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ എക്കാലവും നമ്മെ ജ്വലിപ്പിച്ചു കൊണ്ടിരിക്കും. യുവാക്കളുടെ ആശയങ്ങൾ വ്യവസായങ്ങൾ ആക്കി മാറ്റുന്നതിന് ഡോ. എ. പി. ജെ. അബ്ദുൾ കലാം യൂത്ത് ചലഞ്ച് എന്ന പേരിൽ ഒരു പതിയ പദ്ധതി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിൽ ആരംഭിക്കുന്നതാണ്.

കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ പഠിക്കുന്ന യുവാക്കൾക്കോ അവരുടെ സംഘങ്ങൾക്കോ ഇതിൽ പങ്കു ചേരാം. ഏറ്റവും മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന 10 സംഘങ്ങൾക്ക് വർഷം തോറും അഞ്ചു ലക്ഷം രൂപ വീതം സമ്മാനമായി നൽകും. ഒരു വർഷം കഴിഞ്ഞ് ഏറ്റവും മികച്ച ആശയം ഇവയിൽ നിന്ന് വ്യവസായം ആക്കി മാറ്റുന്നതിന് 50 ലക്ഷം രൂപയും നൽകുന്നതാണ്. സർവകലാശാലയിൽ നിന്ന് ഓരോ വർഷവും തുടങ്ങിയെടുക്കുന്ന പദ്ധതിയായി ഇത് മാറും. ‪

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് പരിപാടി നടന്നത്. പോലീസ് വിശിഷ്ട സേവാമെഡലുകളും ധീരതയ്ക്കുള്ള മെഡലുകളും അദ്ദേഹം വിതരണം ചെയ്തു.