UDF

2015, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

ഓണച്ചന്തകള്‍ മുടങ്ങില്ല


 ഓണച്ചന്തകള്‍ പതിവുപോലെ നടക്കുമെന്നും കണ്‍സ്യൂമര്‍ഫെഡിന് വിപണി ഇടപെടലിന് അവര്‍ ചോദിച്ച പണം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 150 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റിയും നല്‍കിയിട്ടുണ്ട്. എന്നിട്ടും വായ്പ എടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡിന് കഴിഞ്ഞിട്ടില്ല. അതു സര്‍ക്കാരിന്റെ വീഴ്ചയല്ല-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴ തുറമുഖത്തെ 279 തൊഴിലാളികള്‍ക്കു ഓണത്തിനു കഴിഞ്ഞ വര്‍ഷത്തേതുപോലെ 5000 രൂപ ബോണസും രണ്ടാഴ്ചത്തെ സൗജന്യ റേഷനും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇടുക്കി പീരുമേട് ബോണാമി, കോട്ടമല എസ്‌റ്റേറ്റുകളിലെയും തിരുവനന്തപുരം ബോണക്കാട് മഹാവീര്‍ പ്ലാന്റേഷന്‍സിലെയും തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ നല്‍കും. ജില്ലാ പഞ്ചായത്തുകള്‍ക്കു കൈമാറിയ സൊസൊറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റീസ് റ്റു ആനിമല്‍സ്(എസ്പിസിഎ)യിലെ 12 ജീവനക്കാരുടെ ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. 

കാന്‍സര്‍ രോഗബാധിതനായ ഇന്നസെന്റ് എംപിക്ക് ചികിത്സയ്ക്ക് എല്ലാ സഹായവും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വിദേശചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍  സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കശുവണ്ടി കോര്‍പ്പറേഷന് പണം നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചതാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വ്യവസായവകുപ്പ് സെക്രട്ടറി വഴി ആ തുക നല്‍കും. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഒരു ഉദ്യോഗസ്ഥനും കഴിയില്ലെന്നും ആ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുശേഷവും സമരം തുടരുന്നത് ശരിയല്ല. ഇക്കാര്യം പാര്‍ട്ടിതലത്തില്‍ ചര്‍ച്ച ചെയ്യും.

സാമ്പത്തിക പ്രതിസന്ധി കാരണം ഒരു പദ്ധതിയും തടസ്സപ്പെട്ടിട്ടില്ലെന്നു മുഖ്യമന്ത്രിയും കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതിയുമായി വ്യത്യസ്ത അഭിപ്രായം ഉള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ചനടത്തും. ഇതിന് വകുപ്പുമന്ത്രി കെ. ബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. ആനവേട്ട കേസിലെ പ്രതികളെ വനം ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ കര്‍ശന നടപടിയെടുക്കും. കസ്റ്റഡി മര്‍ദ്ദനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.