UDF

2012, ജൂൺ 19, ചൊവ്വാഴ്ച

ഒഴിവുവരുന്ന തസ്തികകള്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി

ഒഴിവുവരുന്ന തസ്തികകള്‍ ആറുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ നടപടി - മുഖ്യമന്ത്രി

 

 


തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുവരുന്ന തസ്തികകള്‍ ആറ് മാസത്തിനകം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കണമെന്നും അതിനുമേല്‍ പി.എസ്.സി. ഒരു വര്‍ഷത്തിനകം നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. തസ്തിക യഥാസമയം അറിയിക്കാത്ത വകുപ്പുമേധാവികള്‍ക്കെതിരെ കര്‍ശന നടപടിക്കായി നിയമം നിര്‍മിക്കുന്നകാര്യം പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി.എസ്.സി.യില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രകാരം ഉദ്യോഗാര്‍ഥികള്‍ ഒരുതവണ മാത്രം രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. തുടര്‍ന്ന് നേടുന്ന യോഗ്യതകളും മാറ്റങ്ങളും പ്രൊഫൈലിലൂടെ സ്വയം രേഖപ്പെടുത്താം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത ആദിവാസി മേഖലകളില്‍ പദ്ധതി കാര്യക്ഷമമല്ലെന്നു മനസ്സിലാക്കുന്നു. അത് മറികടക്കാന്‍ നടപടി സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച പി.എസ്.സി. പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു റിവ്യൂകമ്മിറ്റി ചേരുകയുണ്ടായി. 1997-ല്‍ റിപ്പോര്‍ട്ട് ചെയ്ത വികലാംഗര്‍ക്കായുള്ള പോസ്റ്റില്‍ ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ പോരായ്മകള്‍ പി.എസ്.സി.യുമായി ചര്‍ച്ച ചെയ്തശേഷം റിവ്യൂ കമ്മിറ്റി വീണ്ടും ചേരും. ജില്ലാ, താലൂക്ക് തലങ്ങളില്‍ പി.എസ്.സി. ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങുന്നകാര്യം സര്‍ക്കാര്‍ പരിഗണിക്കും. 2011 മെയ് ഒന്നുമുതല്‍ 2012 ഏപ്രില്‍ 30 വരെയുള്ള കാലയളവില്‍ 48,993 ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അവയില്‍ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സി.പി. മുഹമ്മദ്, വി.ഡി. സതീശന്‍, പി.സി. വിഷ്ണുനാഥ്, എ.ടി. ജോര്‍ജ്, എ.കെ. ബാലന്‍, മാത്യു ടി.തോമസ്,വി.ടി. ബാലറാം, പി.സി. ജോര്‍ജ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.