UDF

2012, മേയ് 29, ചൊവ്വാഴ്ച

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം

പിത്രോഡയുടെ നേതൃത്വത്തില്‍ ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനകം -മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ മെന്റര്‍ സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള സംഘം 10 ബിസിനസ് പ്ലാനുകള്‍ 60 ദിവസത്തിനുള്ളില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാസ്കറ്റ് ഹോട്ടലില്‍ സാം പിത്രോഡ സംഘം നിര്‍ദേശിച്ച പദ്ധതികളുടെ വിശദ ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തീരദേശ കപ്പല്‍ഗതാഗതം, നോളജ് സിറ്റി, ആയുര്‍വേദം, മാലിന്യസംസ്കരണം, ഇ-ഗവേണന്‍സ് എന്നീ അഞ്ചു മേഖലകളിലുള്ള ബിസിനസ് പ്ലാനുകളാണ് സമ്പൂര്‍ണ വിശദാംശങ്ങളോടെ അവതരിപ്പിക്കുന്നത്.
നേരത്തെ 10 മേഖലകളാണ് പിത്രോഡ തെരഞ്ഞെടുത്തിരുന്നത്. ഇവയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യവികസനവും, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിരമിച്ച ജീവനക്കാരെ വീണ്ടും പ്രയോജനപ്പെടുത്തല്‍, പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം, അതിവേഗ റെയില്‍ ഇടനാഴി എന്നീ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എല്ലാ പദ്ധതികളുടെയും പൊതു ഏകോപനത്തിനു വേണ്ടി ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍,ധനകാര്യ സെക്രട്ടറി വി.പി. ജോയി, പ്ലാനിങ് സെക്രട്ടറി സുബ്രതാ ബിശ്വാസ്, സാം പിത്രോഡ സംഘാംഗങ്ങള്‍ തുടങ്ങിയവരടങ്ങിയ സമിതി രൂപവത്കരിച്ചു. പൊതുഖജനാവില്‍ നിന്നുള്ള പണം മാത്രം ഉപയോഗിച്ച് സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് സാം പിത്രോഡ ചൂണ്ടിക്കാട്ടി.

 എന്നാല്‍ നിലവാരമുള്ള പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല. 10 ശതമാനം വരുമാനം ഉറപ്പാക്കാമെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ നിന്നുതന്നെ സാമ്പത്തികസഹായം ലഭിക്കും. അമേരിക്കയില്‍ രണ്ട് ശതമാനമാണ് പലിശ നിരക്ക്.

ലോകത്ത് എവിടെയും നിക്ഷേപം നടത്താന്‍ അമേരിക്കയില്‍ നിന്നുള്ള സംരംഭകര്‍ സന്നദ്ധരാണ്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും കേന്ദ്ര സര്‍ക്കാറില്‍ നിന്ന് പരമാവധി സഹായം തേടിയും പദ്ധതികള്‍ നടപ്പാക്കും.
രാഷ്ട്രീയഇച്ഛാശക്തിയും ഭരണപരമായ പിന്തുണയുമാണ് സര്‍ക്കാറില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കൂടാതെ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ.എം.ചന്ദ്രശേഖരന്‍, ആസൂത്രണ ബോര്‍ഡംഗം ജി.വിജയരാഘവന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍ തുടങ്ങിയവര്‍ പിട്രോഡയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.