UDF

2012, മേയ് 30, ബുധനാഴ്‌ച

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി

5100 കോടിയുടെ റോഡ് വികസനപദ്ധതിയ്ക്ക് തുടക്കമായി 


 



സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 1200 കി.മീ. റോഡുകള്‍ അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള സ്റ്റേറ്റ് റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ടിന് തുടക്കമായി. 5100 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

1200 കി.മീ റോഡ് പുനര്‍നിര്‍മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാന്‍ 1100 കോടിരൂപയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 4000 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകബാങ്കില്‍ നിന്ന് 1500 കോടിരൂപയോളം വായ്പയെടുക്കും. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടില്‍ നിന്നും പൊതുമേഖലാ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും ബാക്കി തുക സമാഹരിക്കും. പദ്ധതിയുടെ നടത്തിപ്പിനായി റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് എന്ന കമ്പനി രൂപവത്ക്കരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കല്‍ ഫാസ്റ്റ്ട്രാക്കില്‍ ഉള്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. സ്റ്റേറ്റ് ഹൈവേകളേയും പ്രധാന ജില്ലാ റോഡുകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

തലസ്ഥാനത്ത് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ ലോഗോ പ്രകാശനം ചെയ്തു. പൊതുമരാമത്ത് സെക്രട്ടറി പി.എച്ച്. കുര്യന്‍, റോഡ്ഫണ്ട് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.സി. ഹരികേശ്, ജനറല്‍ മാനേജര്‍ സുദര്‍ശനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.