UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2022, സെപ്റ്റംബർ 6, ചൊവ്വാഴ്ച

'ട്രയിനിന്‍റെയും ലോറിയുടെയും സീറ്റിനടിയില്‍ കിടന്ന് യാത്ര ചെയ്തിട്ടുണ്ട്'

 


കോട്ടയത്ത് നിന്ന് ബസിലാണ് പലപ്പോഴും യാത്ര. അന്നൊക്കെ ട്രെയിനിൽ കയറണമെങ്കിൽ കൊച്ചി വെല്ലിംഗ്ടണിലേക്ക് പോകണം. മലബാർ പ്രദേശത്തേക്കാണ് അന്നത്തെ പ്രധാനപ്പെട്ട ട്രെയിൻ യാത്രകളെല്ലാം. അന്ന് റിസർവേഷനിൽ കയറാൻ പണമില്ല. നാലണയായിരുന്നു ടിക്കറ്റ് ചാര്‍ജ്ജ്. പണമില്ലാത്തതിനാല്‍ ട്രെയിൻ യാത്രക്ക് പോകുമ്പോൾ ഞാന്‍ ന്യൂസ് പേപ്പർ കൂടി കരുതും. ജനറൽ കംമ്പാർട്ട്മെന്‍റിൽ കയറി, സീറ്റിന്‍റെ അടിയിൽ പേപ്പർ വിരിക്കും. എന്നിട്ട് തിരിഞ്ഞ് കിടക്കും. ചൂല്, കുട്ട, ചട്ടി ഒക്കെയായി കയറുന്ന യാത്രക്കാര്‍ക്കിടയില്‍ സീറ്റിനടിയിലുള്ള എന്‍റെ കിടത്തം മറ്റ് യാത്രക്കാര്‍ക്ക് അല്‍പം ബുദ്ധിമുട്ടാണെങ്കിലും ഉറങ്ങുകയാണല്ലോയെന്ന് കരുതി ആരും ശല്യം ചെയ്യാറില്ല. 

സീറ്റിനടിയിലെ മറ്റൊരു യാത്ര

പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനത്തിന്‍റെ തൊട്ടടുത്ത ദിവസം എറണാകുളത്ത് സംസ്ഥാന എക്സിക്യൂട്ടീവ് നിശ്ചയിച്ചു. എ കെ ആന്‍റണി, വയലാർ രവി, വി എം സുധീരൻ, എ സി ഷൺമുഖദാസ് എന്നിവരും ഒപ്പമുണ്ട്. എങ്ങനെയും എറണാകുളത്തെത്തണം. കാർ പിടിക്കാനാണെങ്കില്‍ കൈയില്‍ കാശില്ല. ഒടുവിൽ ലോറിയിൽ കയറിപ്പോകാൻ തീരുമാനിച്ചു. ഡ്രൈവർ സീറ്റിന് പുറകിലെ സീറ്റിൽ അഞ്ച് പേർക്കിരിക്കാം. ഞങ്ങൾ കൈ കാണിച്ച വണ്ടിയിൽ ക്ലീനർ കൂടി ഉള്ളതിനാൽ നാല് പേർക്കെ ഇരിക്കാനാവൂ. ഞാന്‍ ട്രെയിൻ യാത്രയിലേത് പോലെ സീറ്റിനടിയിൽ കിടക്കാമെന്ന് ഏറ്റു. കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്‍റായിരുന്ന വി എം സുധീരൻ തൃശൂരിൽ അന്ന് പ്രശസ്തനാണ്. ലോറി തൃശൂര്‍ ജില്ലയിലേക്ക് കയറിയപ്പോഴെ സുധീരൻ മുഖം മറച്ചിരിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു ഉത്സവഘോഷ യാത്ര അത് വഴി വന്നു. പരമാവധി മുഖം മറയ്ക്കാൻ ശ്രമിച്ചെങ്കിലും ചിലർ അദ്ദേഹത്തെ തിരിച്ചറിഞ്ഞ് സുധീരാ എന്ന് വിളിച്ചു. ഉടൻ ഞാൻ മാത്രമല്ല ആൻറണിയും വയലാർ രവിയുമുണ്ട് എന്നായിരുന്നു സുധീരന്‍റെ മറുപടി. തീർന്നില്ല സീറ്റിനടിയിൽ തിരിഞ്ഞ് കിടക്കുന്നത് ഉമ്മൻ ചാണ്ടിയാണെന്നും സുധീരൻ വിളിച്ച് പറഞ്ഞു.

ഉമ്മൻ ചാണ്ടിയാണെന്ന് വിശ്വസിക്കാത്ത ഒരു കടക്കാരൻ

എ സി ഷൺമുഖദാസിന്‍റെ കല്യാണം കോഴിക്കോട് വച്ച് നടക്കുന്നു. തൊട്ടടുത്ത ദിവസം പാലക്കാട് കെ എസ് യു യോഗം നടക്കുന്നു. യോഗത്തിനെത്താമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. എ കെ ശശീന്ദ്രനും ഒപ്പം കൂടി. എംഎൽഎയായതിനാൽ എനിക്കന്ന് കെഎസ്ആർടിസി ബസ് യാത്ര സൗജന്യമാണ്. ശശീന്ദ്രന് വേണ്ടി രണ്ട് രൂപ കടം വാങ്ങിയാണ് ഞങ്ങളുടെ യാത്ര. അന്നൊക്കെ കോഴിക്കോട് നിന്നും ഷൊർണൂരെത്തി വണ്ടി മാറി കയറണം. എന്നിട്ടും ടിക്കറ്റ് നിരക്ക് കഴിഞ്ഞ് നാലണ പിന്നെയും ബാക്കി. വണ്ടി പെരിന്തൽമണ്ണയിലെത്തിയപ്പോൾ ചായ കുടിക്കാൻ നിർത്തി. ആ നാലണ കൊണ്ട് ഞങ്ങളും ചായ കുടിച്ചു. പക്ഷേ, ബസ് ഷൊർണൂരിലെത്തിയപ്പോൾ നേരം വൈകിയിരുന്നു. അവസാനത്തെ കെഎസ്ആർടിസി ബസും പോയി. ഇനി പ്രൈവറ്റ് ബസ് മാത്രമേയുള്ളൂ. അതിൽ കയറിയാൽ എനിക്ക് പ്രത്യേകം ടിക്കറ്റ് എടുക്കണം. അതിന്, കൈയില്‍ പൈസയില്ല. ഒടുവിൽ രാവിലെ ആറ് മണി വരെ കെഎസ്ആര്‍ടിസി ബസ് കാത്ത് നിന്നു. അതിരാവിലെ ഒരു കട തുറന്നപ്പോൾ കടക്കാരനോട് കഥ പറഞ്ഞു. എന്നാൽ എംഎൽഎ ഉമ്മൻ ചാണ്ടിയാണ് താനെന്ന് കടക്കാരൻ ഒരു തരത്തിലും വിശ്വസിച്ചില്ല. ഏറെ നിർബന്ധിച്ചപ്പോൾ 'ഒരു രൂപയല്ലേ, പോട്ടെ' എന്ന നിലയിൽ കടക്കാരൻ തന്നു. അതുമായി പാലക്കാട്ടേക്ക് തിരിച്ചു. രണ്ടാഴ്ചക്ക് ശേഷം കെ എ ചന്ദ്രനുമൊത്ത് ഷൊർണൂരില്‍ തിരിച്ചെത്തിയപ്പോള്‍ കടക്കാരന് ആ ഒരു രൂപ മടക്കി നൽകി. അപ്പോഴാണ് താന്‍ തന്നെയാണ് ഉമ്മൻ ചാണ്ടിയെന്ന് കടക്കാരന് വിശ്വാസമായത്.

യാത്രയിലെ മറക്കാനാവാത്ത അനുഭവം

ഒരിക്കൽ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് പോകാൻ ട്രെയിനില്‍ കയറി. എല്ലാവരും വന്ന് സംസാരിക്കുന്നുണ്ട്. എന്നാൽ, ഒരു സ്ത്രീ മാത്രം ഏറെ വിഷമിച്ചിരിക്കുന്നു. അങ്ങനെ അവരോട് എങ്ങോട്ട് പോകുന്നുവെന്ന് ചോദിച്ചു. 

' നിലമ്പൂരിന് പോകുന്നു..' 

' മകളെ അവിടെ ഒരു സ്ഥാപനത്തിൽ താമസിപ്പിച്ചിരിക്കുന്നു.' 

അവര്‍ വീണ്ടും വിദൂരതയിലേക്ക് നോക്കി നിശബ്ദയായിരുന്നു. വളരെ നിർബന്ധിച്ചപ്പോൾ അവര്‍ അവരുടെ കഥ പറഞ്ഞു.

' വിധവയാണ്. മകൾക്ക് കല്യാണപ്രായമായി. അവർ വീട്ടുജോലിക്ക് പോയാൽ മാത്രമാണ് ആ കുടുംബത്തിന്‍റെ ജീവിതം മുന്നോട്ട് നീങ്ങുക. യാതൊരു സുരക്ഷയില്ലാത്ത വീടാണ്. ജോലിക്ക് പോകുമ്പോൾ മകളെ ഒറ്റക്ക് നിർത്താൻ പേടി. അതിനാൽ നിലമ്പൂരിലെ ഒരു ആശ്രമത്തിൽ നിർത്തിയിരിക്കുകയാണ്.' 

ഞാന്‍ അവരുടെ ഫോൺ നമ്പർ വാങ്ങി. പിറവം മുൻസിപ്പൽ ചെയർമാൻ സാബുവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് മുളന്തുരുത്തിയിൽ ഒരു വീട് വേണമെന്ന ആവശ്യം വ്യക്തമാക്കി. സാബു മുൻകൈ എടുത്ത് അവിടെ ഒരു വീട് നിര്‍മ്മിച്ച് നല്‍കി. ഒടുവിൽ വീടിന്‍റെ പാല് കാച്ചൽ തന്‍റെ സൗകര്യാർത്ഥം രാത്രി 9 മണിക്കാണ് അവർ നടത്തിയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 

അക്കാലത്തെ ദില്ലി യാത്രകള്‍ 

പണ്ട് ദില്ലിയിൽ പോകുന്നത് ചെന്നൈ വഴിയാണ്. മദ്രാസ് മെയിലിൽ രാവിലെ ചെന്നൈയിലെത്തും. വൈകിട്ട് ഗ്രാന്‍റ് എക്സ്പ്രസിലാണ് ദില്ലി യാത്ര. കേരളത്തിൽ നിന്നുള്ള ഏക എം പി പനമ്പള്ളി ഗോവിന്ദ മേനോനാണ്. എന്നാൽ, തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യമുണ്ടായിരുന്നത് ലക്ഷദ്വീപ് എം പി, പി എം സയ്യിദിനോടും. അതിനാൽ ദില്ലിയിൽ താമസം സയ്യിദിന്‍റെ വീട്ടിലായിരിക്കും. ഇന്നത്തെ അത്ര സൗകര്യങ്ങളില്ലെങ്കിലും അന്നത്തെ യാത്രകള്‍ നല്‍കിയ  സന്തോഷമോ സംത്യപ്തിയോ ഇന്നില്ലെന്നും ഉമ്മൻ ചാണ്ടി പറയുന്നു. 

ആദ്യമായി എംഎല്‍എയായപ്പോള്‍ ഒപ്പം പിണറായിയും

1970 ൽ എംഎൽഎ ആയപ്പോൾ കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര കെഎസ്ആർടിസി ബസിലായിരുന്നു. രാത്രി 12.30 ന് കോട്ടയത്ത് നിന്ന് എടുക്കുന്ന വണ്ടി പുലർച്ചെ 4.30 ന് തലസ്ഥാനത്തെത്തും. പിണറായി വിജയനും താനും ആദ്യമായി ഒരേ തെരെഞ്ഞെടുപ്പ് ജയിച്ച് ഒരുമിച്ചാണ് എംഎൽഎമാരായി നിയമസഭയിലെത്തുന്നത്. അന്നത്തെ എംഎൽഎമാര്‍ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. 

കാര്‍ യാത്രകള്‍ 

1970ൽ എംഎൽഎ ആയെങ്കിലും സ്ഥിരമായി കാർ കിട്ടുന്നത് 1977 ൽ മന്ത്രിയാകുമ്പോഴാണ്. ഇതിനിടെ 74 ൽ എം ആർ എഫിലെ ഐഎൻടിയുസി യൂണിയൻ പ്രസിഡന്‍റ് എന്ന നിലയിൽ കാർ ലഭിച്ചിരുന്നു. അന്ന് എസി ഇട്ടുള്ള കാർ യാത്ര  ലക്ഷ്വറിയാണ്. അതിനാൽ ഗ്ലാസ് താഴ്ത്തിയാണ് കാര്‍ യാത്രകളെല്ലാം. പിന്നെ അതൊരു ശീലമായി. 


(തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള എന്‍റെ ട്രെയിൻ യാത്ര ശബരിയിലായിരുന്നു. സ്പ്ലീപ്പർ ക്ലാസിൽ ടിക്കറ്റെടുത്ത് കയറിയപ്പോൾ തൊട്ടടുത്ത സീറ്റിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അപ്രതീക്ഷത വിഐപി സഹയാത്രികൻ. അദ്ദേഹം പത്രം വായിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാരിൽ പലരും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. ഇടയ്ക്കെപ്പോഴോ ഞാന്‍ അദ്ദേഹത്തിന്‍റെ യാത്രകളെക്കുറിച്ച് ചോദിച്ചു. ഏറ്റവും കൂടുതൽ കാലം എംഎൽഎ എന്ന റിക്കോഡിട്ട ഉമ്മൻചാണ്ടി, തന്‍റെ യാത്രകളെ കുറിച്ച് പറഞ്ഞ് തുടങ്ങി....... 

പുതുപ്പള്ളിക്കാരുടെ എംഎല്‍എയായതിനാല്‍ കോട്ടയം - തിരുവനന്തപുരം റൂട്ടിൽ ഏറ്റവുമധികം കാറിൽ യാത്ര ചെയ്ത ആളും ഒരുപക്ഷേ ഉമ്മൻ ചാണ്ടി ആയിരിക്കും. ആരോഗ്യ പ്രശ്നം അലട്ടുന്നതിനാൽ ഇപ്പോൾ കാറിലുള്ള ദീർഘദൂര യാത്രകള്‍ ഒഴിവാക്കി. ട്രെയിൻ യാത്രക്കിടെ ചായയോ ഭക്ഷണമോ അദ്ദേഹം കഴിച്ചില്ല. ഇടക്ക് ചൂട് വെള്ളം മാത്രം.

ഉമ്മന്‍ ചാണ്ടിയുമായി യാത്രകളെ കുറിച്ച് സംസാരിച്ചിരുന്ന് ഒടുവില്‍ ട്രയിന്‍ കോട്ടയത്തെത്തി. ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിരുന്ന പുതുപ്പള്ളിക്കാരുടെ ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്ത് നില്‍ക്കുന്നു...

പ്രവര്‍ത്തകരുടെ സ്നേഹാന്വേഷണങ്ങള്‍ക്കിടയിലൂടെ ആ ജനപ്രതിനിധി പതിയെ നടന്നു നീങ്ങി.)

Oommen Chandy mla's Journey experience by S Ajith Kumar (AsianetNews.com)



2015, നവംബർ 26, വ്യാഴാഴ്‌ച

എന്‍.ആര്‍.ഐ കമ്മീഷന് മന്ത്രിസഭാ അംഗീകാരം


 പ്രവാസികള്‍ക്കുവേണ്ടി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടു കൂടിയ എന്‍.ആര്‍.ഐ കമ്മീഷന്‍ രൂപീകരിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാനത്ത് പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്കു സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരേയുള്ള അന്യായ നടപടികള്‍ക്കെതിരേ ബന്ധപ്പെട്ട വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതലകള്‍.  ഹൈക്കോടതി റിട്ട ജഡ്ജ് ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍.

ഒരു റിട്ട. ഐഎഎസ് ഓഫീസറും രണ്ട് എന്‍ആര്‍ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്നു മാസത്തിലൊരിക്കല്‍ സിറ്റിംഗ് ഉണ്ടാകും. കമ്മീഷന് അര്‍ധ ജുഡീഷ്യല്‍ അധികാരമുണ്ട്. കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ, സ്വമേധയായോ, സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമോ അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാം. 

വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയവയാണു ലക്ഷ്യങ്ങള്‍. 

2015 ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍.ആര്‍.കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ആര്‍ഐ കമ്മീഷന്‍ രൂപീകരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായി. 

2015, ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ബ്രിസ്റ്റോളില്‍ രണ്ടാമത് പുതുപ്പള്ളി സംഗമം ഒക്ടോബര്‍ 3 - ന് : വെബ്കാസ്റ്റ് വഴി ഉദ്ഘാടനം നടത്തും


കേരള മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയോജക മണഡലത്തില്‍ നിന്നും കുടിയേറിയവര്‍ ഒത്തു കൂടുന്ന രണ്ടാമത് പുതുപ്പള്ളി സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്ടിങ്ങില്‍ കൂടി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു.

വാകത്താനം, പാമ്പാടി, മീനടം, മണര്‍കാട്, പുതുപ്പള്ളി, പനച്ചിക്കാട് പാഞ്ചായത്തിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തു ചേരുന്നത്. 

ഒക്ടോബര്‍ 3 - ന് രാവിലെ 9. 30 മുതല്‍ രജിസ്‌ട്രേഷന്‍ 10 മണി മുതല്‍ പൊതു സമ്മേളനവും തുടര്‍ന്ന് കലാപരിപാടികള്‍ ആരംഭിക്കുന്നു. നാടന്‍ പന്തുകളി, വടംവലി, ബിജു തമ്പി (സ്റ്റഫോര്‍ഡ്) നയിക്കുന്ന ശ്രുതി വോയിസിന്റെ അതിമനോഹരമായ ഗാനമേളയും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
എബ്രഹാം ജോസഫു: 07846869098, 
റോണി എബ്രഹാം: 07886997251


2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ശങ്കരശേരി ജലപദ്ധതി ഉദ്ഘാടനം


മണർകാട് ∙ മണർകാട് പഞ്ചായത്ത് 12–ാം വാർഡിൽ ശങ്കരശേരി ശുദ്ധജല പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു. 

ജില്ലാ പഞ്ചായത്ത് അംഗം ഫിൽസൺ മാത്യൂസ് അധ്യക്ഷത വഹിച്ചു. ഓഫിസ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ. കോരയും കൺസ്യൂമർ കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂരും നിർവഹിച്ചു. 

2015, ജൂലൈ 29, ബുധനാഴ്‌ച

പെന്‍ഷന്‍ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്തി



വിവിധ പെന്‍ഷനുകളുടെ വരുമാന പരിധി ഒരുലക്ഷമായി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തത്വത്തില്‍ തീരുമാനമെടുത്തു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിക്കാനുള്ള വരുമാന പരിധി ഇതുവരെ 11,000 രൂപയായിരുന്നു. ഇത് ഒരുലക്ഷമായി ഉയര്‍ത്തി. ഒരുലക്ഷത്തില്‍ താഴെ വരുമാന പരിധി നിശ്ചയിച്ചിരുന്ന സമാനരീതിയിലുള്ള എല്ലാ പെന്‍ഷനുകളുടെയും വരുമാന പരിധി യും ഒരുലക്ഷമായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ മന്ത്രിസഭ നിയോഗിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനത്തിനായുള്ള വരുമാന പരിധി ആറുലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ നാലര ലക്ഷമായിരുന്നു പരിധി. ഇടുക്കി, മലപ്പുറം ജില്ലകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലേക്ക് 18 എല്‍.ഡി.വി ഡ്രൈവര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കാന്‍ അനുമതി നല്‍കി.

തളിപ്പറമ്പില്‍ മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈയിം ട്രിബ്യൂണല്‍ സ്ഥാപിക്കാനും ജീവനക്കാരടക്കം ആവശ്യമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചു. കോട്ടയം കൂരോപ്പട ആയുര്‍വേദ ഡിസ്‌പെന്‍സറി ആയുര്‍വേദ ആശുപത്രിയായി ഉയര്‍ത്തും. 
50 വര്‍ഷമായി താമസിച്ചിരുന്ന തൃശൂര്‍ സീതാറാം മില്ലിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് നാല് സെന്റ് വീതം സ്ഥലം നല്‍കും. ഇവരുടെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള മുദ്രപ്പത്ര രജിസ്‌ട്രേഷനും സൗജന്യമാക്കി. 

പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് പങ്കെടുക്കാതിരുന്നതിനാല്‍ ലൈറ്റ് മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ നടന്നത്. എന്നാല്‍ തീരുമാനത്തില്‍ എത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. 

2015, ജൂലൈ 7, ചൊവ്വാഴ്ച

മുഖ്യമന്ത്രി ഈ തട്ടുകടയുടെ ഐശ്വര്യം

ഒരേ ഒരാളെ ആശ്രയിച്ചാണ് ഈ തട്ടുകട പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം വന്നില്ലെങ്കില്‍ അന്നു കച്ചവടമില്ല. ദോശമാവും ചമ്മന്തിയുമൊക്കെ വേസ്റ്റ്. കട തുടങ്ങി അഞ്ചു കൊല്ലമായിട്ടും ഇന്നുവരെ രണ്ടു തവണ മാത്രമേ ഇങ്ങനെ സംഭവിച്ചിട്ടുള്ളൂ. അത് അദ്ദേഹത്തിന്റെ വിദേശയാത്രയോ ഡല്‍ഹി യാത്രയോ മറ്റോ മൂലമാണ്.

ആകെ പ്രവര്‍ത്തനം ശനി രാത്രിയും ഞായര്‍ രാവിലെയും. ശനിയാഴ്ച വൈകിട്ട് ആറിനു തുറക്കും. ഞായറാഴ്ച രാവിലെ 11 മണിയോടെ അടയ്ക്കും. അദ്ദേഹം പോയിട്ട് പിന്നെ കട തുറന്നിട്ട് ഒരു കാര്യവുമില്ല.

ഈ തട്ടുകട പുതുപ്പള്ളിയിലാണ്. പറഞ്ഞു വന്ന 'അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. കേരളത്തിലെ 'മുഖ്യതട്ടുകട നടത്തുന്നത് മാങ്ങാനം സ്വദേശിയായ സാറാമ്മയും ഭര്‍ത്താവ് ദാനിയേലുമാണ്. ജീവിതമാര്‍ഗം തേടി പണ്ടു മുഖ്യമന്ത്രിയെ കാണാന്‍ വന്നവരാണ്. ഇവിടത്തെ തിരക്കു കണ്ടപ്പോള്‍ ഇതുതന്നെ ജീവിതമാര്‍ഗം എന്നു തീരുമാനിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു മുന്നിലെ ഏക തട്ടുകടയാണിത്.

മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ എത്തുന്നതു ശനിയാഴ്ച രാത്രിയാണെന്നതിനാല്‍ വൈകിട്ട് ആറു കഴിയുമ്പോഴേക്കും തുറക്കും. രാത്രി പത്തിനോ പതിനൊന്നിനോ വരാന്‍ സാധ്യതയുള്ള മുഖ്യമന്ത്രിയെ കാണാന്‍ അപ്പോഴേക്കും ആളുകള്‍ എത്തിത്തുടങ്ങും. മുഖ്യമന്ത്രി വരുന്നതു വരെ കട്ടന്‍ചായ കുടിച്ചും ദോശയും ഓംലെറ്റും ഒക്കെ കഴിച്ചും സമയം തള്ളിനീക്കും. എത്ര രാത്രിയായാലും പുതുപ്പള്ളിയില്‍ വച്ച് മുഖ്യമന്ത്രിയെ കയ്യില്‍ 
കിട്ടുമെന്നുറപ്പുള്ളതിനാല്‍ കോഴിക്കോട്ടു നിന്നും കണ്ണൂരില്‍ നിന്നുമൊക്കെ ആളെത്തും. 

പലവിധ പ്രശ്‌നങ്ങളുമായാണു വരുന്നതെങ്കിലും വിശപ്പ് എന്നൊരു പൊതുപ്രശ്‌നമുള്ളതിനാല്‍ ദോശയും ഓംലെറ്റുമൊക്കെ ഉഷാറായി തീരും. അഞ്ഞൂറിനും എഴുനൂറിനും ഇടയില്‍ ദോശ വില്‍ക്കുന്നുണ്ട്. ഉഴുന്നുവട ഉണ്ടാക്കുന്നതെത്രയാണോ അത് തീരും. ഏറ്റവും കുറഞ്ഞത് അഞ്ഞൂറിലധികം പേര്‍ മുഖ്യമന്ത്രിയെ കാണാന്‍ തമ്പടിക്കുമെന്നതിനാല്‍ കച്ചവടം ഒരിക്കലും കുറയില്ല. പുതുപ്പള്ളിയിലെ വീട്ടില്‍ വന്നവരെയെല്ലാം കണ്ട് പരാതി പരിഹരിച്ച് രാത്രി 12.30 കഴിയുമ്പോഴേക്കും മുഖ്യമന്ത്രി നാട്ടകം ഗെസ്റ്റ് ഹൗസിലേക്ക് തിരിക്കും. മുഖ്യമന്ത്രി ഇറങ്ങിയാലുടന്‍ അടുപ്പിലെ തീയണയും.

ഒരു മണിക്ക് നാട്ടകം ഗെസ്റ്റ് ഹൗസിലെത്തി ഉറങ്ങാന്‍ കിടക്കുന്ന മുഖ്യമന്ത്രി പുലര്‍ച്ചെ അഞ്ചിന് എഴുന്നേല്‍ക്കും. അതിനു മുന്‍പേ പുതുപ്പള്ളിയിലെ തട്ടുകട ഉഷാറായിട്ടുണ്ടാകും. രണ്ടു മണിക്കു തന്നെ അടുപ്പില്‍ തീ കത്തിയിരിക്കും. പുതുപ്പള്ളി പള്ളിയില്‍ പോയി ആറു മണിക്കു മുഖ്യമന്ത്രി വീട്ടിലെത്തും. പിന്നെ പത്തു മണിവരെ മുഖ്യമന്ത്രി ഉണ്ടാകും. അതുവരെ ദോശയും ചമ്മന്തിയുമൊക്കെ അതിവേഗം ബഹുദൂരം എന്ന മട്ടില്‍ ചെലവാകും. പിന്നെ അടുത്ത ശനി വരെ കാത്തിരിക്കും. മുഖ്യമന്ത്രി വരുമോ ഇല്ലയോ എന്നൊക്കെ അറിയാന്‍ സാറാമ്മ ചേട്ടത്തിയെയും ദാനിയേല്‍ ചേട്ടനെയും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വിളിക്കുന്നവരുമുണ്ട്.

2015, ജൂലൈ 2, വ്യാഴാഴ്‌ച

ആക്ഷേപങ്ങള്‍ക്ക് ജനവിധി മറുപടി: അജയ്യനായി ഉമ്മന്‍ ചാണ്ടി


അരുവിക്കര യുദ്ധത്തിന്റെ കണക്കെടുത്തപ്പോള്‍ എല്ലാ ആക്ഷേപശരങ്ങളെയും അതിജീവിച്ച് വിജയതീരമണഞ്ഞത് ഉമ്മന്‍ ചാണ്ടി എന്ന ചാണക്യന്‍. ചടലുമായി നീക്കങ്ങളും തന്ത്രവും മറുതന്ത്രവും പയറ്റി അതിജീവനത്തിന്റെ ആചാര്യനായി മുന്നേറുകയാണ് ഉമ്മന്‍ ചാണ്ടി.

ഈ വിജയത്തോടെ കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തന്റെ നേതൃത്വത്തിലാകും നേരിടുക എന്ന സന്ദേശവും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഉമ്മന്‍ ചാണ്ടി നല്‍കുന്നു.

പ്രീക്വാളിഫയിങ് റൗണ്ടായി വിശേഷിപ്പിച്ച് തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന ധീരമായ പ്രഖ്യാപനത്തോടെയാണ് അരുവിക്കരയിലെ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടത്. സോളാറും ബാര്‍കോഴയും കത്തിനില്‍ക്കെ ഈ പ്രഖ്യാപനം ഒരു സാഹസമായി പലരും വിലയിരുത്തി.

അതിരുകവിഞ്ഞ ആത്മവിശ്വാസം വിനയായാല്‍ സ്വന്തം കസേര പോലും തുലാസ്സിലാകുമെന്ന് അടുത്ത വിശ്വസ്തരും ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചിരുന്നു. പക്ഷേ ജി.കെയില്‍ വിശ്വാസമര്‍പ്പിച്ച അരുവിക്കരയിലെ ജനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് വിശ്വാസമായിരുന്നു. പിറവത്തും, നെയ്യാറ്റിന്‍കരയിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി തന്റെ വിലയിരുത്തല്‍ എന്ന ഇതേ തുറുപ്പുചീട്ടാണ് ഇറക്കിയത്.

അരുവിക്കരയില്‍ ഒരുപടി കൂടി ഭരണത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരിക്കുമെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചു. ഇത് ഏറ്റെടുക്കാനുള്ള ധൈര്യം പ്രതിപക്ഷനിരയില്‍ നിന്ന് ആരും കാണിച്ചില്ല. ഭരണവിരുദ്ധ വികാരം എന്ന ചര്‍ച്ചയിലേക്ക് എത്തുന്നതിന് ഒരുമുഴം മുമ്പെ നീട്ടിയെറിയുകയായിരുന്നു വിലയിരുത്തലെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി.

എം. വിജയകുമാര്‍ എന്ന ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സര്‍വസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിച്ച് ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താം എന്ന ഇടതുലലക്ഷ്യം പൂര്‍ണമായി പാളി.


മിനി ജനസമ്പര്‍ക്കം

14 ജില്ലകളിലായി നടന്ന ജനസമ്പര്‍ക്കം പൂര്‍ത്തിയാക്കി അരുവിക്കരയിലെത്തിയ ഉമ്മന്‍ ചാണ്ടി ഒരര്‍ഥത്തില്‍ ഒരു മിനിജനസമ്പര്‍ക്കം തന്നെ അവിടെ നടത്തി. യഥാര്‍ത്ഥത്തില്‍ അവിടെ മത്സരിച്ചത് ശബരീനാഥല്ല ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞാലും അത്ഭുതമില്ല. പ്രതിപക്ഷ നേതാക്കള്‍ പോലും ചര്‍ച്ചകളില്‍ അത് പരസ്യമായി പറയുകയും ചെയ്തു.

മിനി ജനസമ്പര്‍ക്കത്തിന് ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുത്ത മാര്‍ഗം കുടുംബയോഗങ്ങളായിരുന്നു. 120 ഓളം കുടുംബയോഗങ്ങളിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത്. ഇതുവഴി കുറഞ്ഞത് 25,000 പേരുമായി നേരിട്ട് അദ്ദേഹം സംവദിച്ചുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു.



പൊതുയോഗങ്ങളില്‍ വി.എസ് ആളെകൂട്ടി കസറുമ്പോള്‍ ബഹളങ്ങളില്ലാതെ ഈ തന്ത്രത്തിലൂടെ ഉമ്മന്‍ ചാണ്ടി ജനങ്ങളെ വശത്താക്കി. 10 ശതമാനത്തോളം വരുന്ന ആദിവാസി, പട്ടികജാതി, പട്ടികവര്‍ഗ വോട്ടുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ഉന്നം.

നാളിതുവരെ ഒരു മുഖ്യമന്ത്രിയും കടന്നുചെന്നിട്ടില്ലാത്ത ആദിവാസി കോളനികളില്‍ നിന്നായിരുന്നു പ്രചാരണം തുടങ്ങിയത്. അവരോടൊപ്പം കപ്പയും ചമ്മന്തിയും കഴിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് പെരുമാറ്റച്ചടം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ല, വോട്ടെടുപ്പിന് ശേഷം പരിഹാരം ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹം കോളനികളില്‍ നിന്ന് കോളനികളിലേക്ക് നീങ്ങിയത്.

വോട്ടര്‍മാരെ നേരിട്ട് സമീപിച്ച് അവരവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത് എത്രമാത്രം നിര്‍ണായകമാണെന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിലൂടെ മനസ്സിലാക്കിയ ഉമ്മന്‍ ചാണ്ടിയോട് ആരും ഇതിന്റെ സ്വാധീനം പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.


അതിജീവനത്തിന്റെ ആചാര്യന്‍

ഓരോ തവണയും പ്രതിസന്ധിഘട്ടങ്ങളെ ഉമ്മന്‍ ചാണ്ടി അതിജീവിച്ചത് പരിശോധിച്ചാല്‍ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനെ പോലും വെല്ലും എന്ന് മനസ്സിലാകും. മദ്യലോബിയുടെ ആളായി ചിത്രീകരിക്കപ്പെടുന്നിടത്ത് നിന്ന് ഏറ്റവും വലിയ മദ്യവിരുദ്ധനായി മാറിക്കൊണ്ട് സുധീരനെ വീഴ്ത്തിയ തന്ത്രം കണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയം അമ്പരന്നത് കണ്ടതാണ്.

അഞ്ചാം മന്ത്രി വിവാദത്തില്‍ പ്രതിരോധത്തിലായപ്പോള്‍ ഒറ്റരാത്രികൊണ്ട് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരിനെ ഏല്‍പിച്ച് ചെന്നിത്തലയെ ഞെട്ടിച്ചതും മറ്റൊന്ന്. ചടലുമായ നീക്കങ്ങളും തന്ത്രവും മറുതന്ത്രവുമായി മുന്നേറുന്ന ചാണ്ടി ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. അരുവിക്കരയില്‍ എല്ലാ സാമുദായിക സാമൂഹിക സംഘടനകളെയും വശത്താക്കിയാണ് ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങിയത്.

രാഷ് ട്രീയ ചര്‍ച്ചയിലേക്ക് വി.എസ് ചര്‍ച്ചയുടെ ഗതിമാറ്റിയപ്പോള്‍ ആന്റണിയെ ഉപയോഗിച്ച് അതിനെ വാക്‌പോരിലേക്ക് വളര്‍ത്തി. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായാലും അത്ഭുതപ്പെടാനില്ല എന്ന പ്രസ്താവന ഉമ്മന്‍ ചാണ്ടി എന്ന ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗമായിരുന്നു.



വികസനവും കരുതലും എന്ന മുദ്രാവാക്യം ഉയര്‍ത്തി അത് അരുവിക്കരയില്‍ ചര്‍ച്ചയാക്കുന്നതില്‍ അദ്ദേഹവും ടീമും വിജയിച്ചു. സോളാറും, സലിംരാജും, ബാര്‍ കോഴയും ഉന്നയിച്ച് ഈ മുദ്രാവാക്യത്തെ മറികടക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴും നാല് വര്‍ഷത്തിനിടെ ആര്‍ക്കും അവഗണിക്കാനാകാത്ത ചില യാഥാര്‍ഥ്യങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിനും ടീമിനും കഴിഞ്ഞു.

അരുവിക്കരയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വികസന വിഷങ്ങളില്‍ ഒന്ന് വിഴിഞ്ഞം പദ്ധതിയായിരുന്നു. രണ്ട് ദശാബ്ദത്തോളം ചര്‍ച്ചകളില്‍ മാത്രം കേട്ട ഒരു പദ്ധതി പ്രതിബന്ധങ്ങള്‍ അതിജീവിച്ച് നിര്‍മ്മാണഘട്ടത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. പദ്ധതി പൊതുമേഖലയില്‍ വേണമെന്ന് എല്‍.ഡി.എഫ് നിലപാടെടുത്തെങ്കിലും അത് വികസനവിരുദ്ധതയായി ചിത്രീകരിക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചു.

കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍, ആയിരം കോടിയുടെ കാരുണ്യസഹായം, ജനസമ്പര്‍ക്കം അടുത്തവര്‍ഷം ഇലക്ഷനില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡില്‍ ഇതൊക്കെ പൂര്‍ണമാകുന്ന പദ്ധതികളായിരിക്കും.

ഇതിന് പുറമെ തിരുവനന്തപുത്തും, കൊച്ചിയിലും ലൈറ്റ് മെട്രോ പദ്ധതികളും ഒരുങ്ങുന്നു. സോളാര്‍, സരിത, ബാര്‍കോഴ തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടൊന്നും ഭരണം തിരിച്ചുപിടിക്കാനാകില്ലെന്ന് സി.പി.എമ്മിനും ചിന്തിക്കേണ്ടിവരും. 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് വിലക്കയറ്റത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള സി.പി.എം തീരുമാനം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്.



മാസങ്ങള്‍ക്കപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണതുടര്‍ച്ച എന്ന വലിയൊരു സ്വപ്‌നമാണ് ഉമ്മന്‍ ചാണ്ടി അരുവിക്കര വിജയത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ മൂന്നിലൊന്ന് അംഗങ്ങളെ സംഭാവന ചെയ്തതോടെയാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനും സ്വീകാര്യനാകുന്നത്.

അതുവരെ അവരുടെ ഗുഡ്ബുക്കിലില്ലായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാ എതിര്‍ ഘടകങ്ങളെയും അതിജീവിച്ച് വിജങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഈ മുഖ്യമന്ത്രിയെ ഇനി അവര്‍ക്ക് അവഗണിക്കാനാകില്ല



(മനു കുര്യന്‍)

2015, ജൂൺ 15, തിങ്കളാഴ്‌ച

അരുവിക്കരയിലെ കോളനികളിൽ ഒരു ദിവസം



അരുവിക്കര: സാര്‍... കുഴി... കുഴി... സുരക്ഷാ ഉദ്യോഗസ്ഥര്‍ വിളിച്ചുപറയുന്നത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് മുന്നോട്ടുനടന്നു. സമീപത്തെ പൊട്ടക്കിണര്‍ മുഖ്യമന്ത്രി ശ്രദ്ധിച്ചോ ആവോ. ഡല്‍ഹിയില്‍ നിന്നുള്ള ഫോണ്‍കോളിനോട് പ്രതികരിച്ചുകൊണ്ട് വെള്ളനാട് മുണ്ടേല ചാലേക്കോണം പട്ടികജാതി കോളനി പരിസരത്ത് റബ്ബര്‍ തോട്ടത്തിനരികിലേക്ക് മുഖ്യമന്ത്രി നടന്നുപോയി. ഫോണ്‍ സംഭാഷണം കാല്‍മണിക്കൂറോളം നീണ്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ പ്രചാരണാര്‍ഥം മുഖ്യമന്ത്രി മണ്ഡലത്തിലെ ഇടവഴികളും പുരയിടങ്ങളും കടന്ന് മുന്നേറുകയാണ്.



അഗസ്ത്യവനം മേഖലയിലുള്ള ആദിവാസി ഊരുകളായിരുന്നു വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍. ശനിയാഴ്ചയാണ് അദ്ദേഹം മണ്ഡലത്തിലെ കോളനികള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച കുടുംബയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയത്. വെള്ളനാട് പഞ്ചായത്തിലെ നെട്ടിറച്ചിറ ലക്ഷംവീട് കോളനിയിലാണ് മുഖ്യമന്ത്രി ആദ്യമെത്തിയത്. കോളനിമുറ്റത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്റെ തണലില്‍നിന്ന് മുഖ്യമന്ത്രി, ശബരിയെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോളനി നിവാസികളോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ കോളനി നിവാസികള്‍ക്ക് ആഗ്രഹം. അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തു. രാവിലെതന്നെ നെട്ടിറച്ചിറ കോളനിയില്‍ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ നല്ല ജനക്കൂട്ടം.

മുണ്ടേല പാലേക്കോണം പട്ടികജാതി കോളനിയിലേക്കാണ് മുഖ്യമന്ത്രി പിന്നീട് പോയത്. കോളനി പരിസരത്തെ മരത്തണലത്ത് മുഖ്യമന്ത്രി ഇരുന്നു. വിഴിഞ്ഞം പദ്ധതിയും കണ്ണൂരിലെ ബോംബ് സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മരിച്ചതും അക്രമരാഷ്ട്രീയവുമൊക്കെ വര്‍ത്തമാനത്തില്‍ കടന്നുവന്നു. 



ബാര്‍ കോഴ കേസില്‍ ധനമന്ത്രിക്കെതിരെ കുറ്റപത്രമില്ലെന്ന വാര്‍ത്തയെ സംബന്ധിച്ച് ചാനല്‍ കാമറകള്‍ക്ക് 'ബൈറ്റ്' നല്‍കാനും കോളനി നിവാസികള്‍ നല്‍കിയ നാടന്‍ മാമ്പഴം കഴിക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. അടുത്ത കുടുംബയോഗ സ്ഥലത്തേക്ക് പോകുംമുമ്പ് തേങ്ങയും കാന്താരിമുളകും അരച്ച ചമ്മന്തികൂട്ടി മുഖ്യമന്ത്രി കപ്പ കഴിച്ചു. 
(പി.അനില്‍കുമാര്‍)

മുഖ്യമന്ത്രിയുടെ അരുവിക്കര ഇലക്ഷൻ പര്യടനം(വീഡിയോ)
Posted on Sunday, June 14, 2015



2015, ജൂൺ 12, വെള്ളിയാഴ്‌ച

ശബരിക്ക് വോട്ടുതേടി കാട്ടുവഴിയിലൂടെ മുഖ്യമന്ത്രി


അരുവിക്കര: കാട്ടുവഴിയിലൂടെ കുണ്ടുംകുഴിയും ചാടി ജീപ്പ് മുന്നോട്ടുനീങ്ങുമ്പോള്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു തൊട്ടിലിലെന്നവണ്ണം ആടിയുലഞ്ഞു. പേരിന് മാത്രമാണ് വഴി. കൊടുംവളവുകള്‍ പിന്നിട്ടും കുത്തനെയുള്ള കയറ്റങ്ങള്‍ ബദ്ധപ്പെട്ട് കയറിയും മുഖ്യമന്ത്രിയുടെ ജീപ്പ് തെന്നിത്തെറിച്ച് മുന്നോട്ടുനീങ്ങി.

ഒടുവില്‍ മുന്‍നിശ്ചയിച്ചതിലും രണ്ടു മണിക്കൂറോളം വൈകി മുഖ്യമന്ത്രി പൊടിയം ആദിവാസി സെറ്റില്‍മെന്റില്‍ എത്തുമ്പോള്‍ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നെടുവീര്‍പ്പിട്ടു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന് വോട്ടുതേടിയാണ് വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത പൊടിയത്ത് മുഖ്യമന്ത്രി എത്തിയത്.



വിതുരയിലെ കല്ലന്‍കുഴി ആദിവാസി കോളനിയിലും തൊളിക്കോട് കാരക്കാംകോട് ചെട്ടിയാംപാറ ആദിവാസി കോളനിയിലും ശബരിക്ക് വോട്ട് അഭ്യര്‍ഥിച്ചശേഷമാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഉച്ചയ്ക്ക് പൊടിയത്തേക്ക് തിരിച്ചത്. അരുവിക്കര മണ്ഡലത്തില്‍പ്പെട്ട കോട്ടൂരില്‍ നിന്ന് പൊടിയം കോളനിയിലേക്ക് 25 കിലോമീറ്ററോളം ദൂരമുണ്ട്. പ്രധാന റോഡ് വിട്ട് കാട്ടുവഴിയിലേക്ക് മുഖ്യമന്ത്രിയും സംഘവും കടന്നപ്പോള്‍ത്തന്നെ യാത്രാദുരിതം തുടങ്ങി. ഇടയ്ക്ക് താന്‍ സഞ്ചരിച്ച സ്‌കോര്‍പ്പിയോയുടെ പിന്‍സീറ്റില്‍ നിന്ന് ഇറങ്ങി മുഖ്യമന്ത്രി മുന്‍സീറ്റില്‍ കയറി. എന്നാല്‍ എണ്ണക്കൂട്ട് ചെക്ക്‌പോസ്റ്റില്‍ എത്തിയപ്പോള്‍ റോഡ് തീരെ മോശമായി. കുത്തനെയുള്ള കയറ്റം കയറാനാകാതെ മുഖ്യമന്ത്രിയുടെ വാഹനവും മറ്റു വാഹനങ്ങളും വഴിയില്‍ കുടുങ്ങി. പോലീസ് വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും മുന്നോട്ടുനീങ്ങാന്‍ മടിച്ചു.

ഒപ്പമുണ്ടായിരുന്ന മന്ത്രി ശിവകുമാറിനെയും പാലോട് രവി എം.എല്‍.എ.യേയും കൂട്ടി മുഖ്യമന്ത്രി ഇറങ്ങിനടന്നു. കല്ലും മുള്ളും ചെളിയും ചവിട്ടി മുഖ്യമന്ത്രി മുന്നോട്ട്. കുത്തനെയുള്ള കയറ്റം കയറുന്ന ഫോര്‍വീല്‍ ഡ്രൈവ് ജീപ്പുമായി വനംവകുപ്പ് അധികൃതര്‍ എത്തിയെങ്കിലും തിരഞ്ഞെടുപ്പ് ചട്ടലംഘനം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി അവരെ വിലക്കി. അരക്കിലോമീറ്ററോളം നടന്നു കയറിക്കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കായി ഫോര്‍വീല്‍ ഡ്രൈവ് ടാക്‌സി ജീപ്പ് എത്തി. മുന്‍സീറ്റിലേക്ക് മുഖ്യമന്ത്രി. സുരക്ഷാ ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ജീപ്പിന്റെ വശങ്ങളില്‍ തൂങ്ങിനിന്നപ്പോള്‍ കൊടുംകാട്ടിനുള്ളിലെ പ്രോട്ടോക്കോളും സുരക്ഷാക്രമീകരണങ്ങളും അലിഞ്ഞില്ലാതായി. ജീപ്പില്‍ സാധാരണ യാത്രക്കാരനെപ്പോലെ ആടിയുലഞ്ഞ് മുഖ്യമന്ത്രി പൊടിയത്തെത്തുമ്പോള്‍, ഒരു മുഖ്യമന്ത്രി ആദ്യമായി കാടിനു നടുവിലെ തങ്ങളുടെ ഊരിലെത്തിയതിന്റെ അവിശ്വസനീയതയിലായിരുന്നു ആദിവാസി വോട്ടര്‍മാര്‍.

തുളസിയില മാലയണിയിച്ചും കാട്ടുപൂക്കള്‍കൊണ്ടും കൈതച്ചക്കയില്‍ തീര്‍ത്ത പൂച്ചെണ്ട് സമ്മാനിച്ചും അവര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. കാട്ടുചെടികള്‍ കൊണ്ടു തീര്‍ത്ത ചെറിയ പന്തലില്‍ സ്വീകരണച്ചടങ്ങ്.



കോളനിയിലെ നൂറുവയസ്സുകാരി കാളിയമ്മയെ വീട്ടില്‍പ്പോയി കണ്ട മുഖ്യമന്ത്രി, കോളനിനിവാസികള്‍ക്കൊപ്പം കപ്പയും മുളകുചമ്മന്തിയും കഴിച്ചു. കുട്ടികളോടും സ്ത്രീകളോടും വര്‍ത്തമാനം പറഞ്ഞു. വൈദ്യുതിയും വാഹനസൗകര്യവും സ്വപ്‌നം മാത്രമാണെന്ന് പലരും മുഖ്യമന്ത്രിയെ അറിയിച്ചു. ജി. കാര്‍ത്തികേയന്റെ സേവനങ്ങളെയും ശബരീനാഥനെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി അവരെ ധരിപ്പിച്ചു.



വ്യാഴാഴ്ച രാവിലെ വിതുരയിലെ കല്ലന്‍കുഴി കോളനിയില്‍ ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തു. കോളനി നിവാസികള്‍ പാളത്തൊപ്പി അണിയിച്ച് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ശബരിയും സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.

(പി.അനില്‍കുമാര്‍)

2015, ജൂൺ 11, വ്യാഴാഴ്‌ച

വിഷരഹിത പച്ചക്കറി: മറ്റ് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും



തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് വിഷരഹിത പച്ചക്കറി എത്തിക്കാനുള്ള പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം രൂപംനല്‍കി. ഇതിന്റെ ആദ്യഘട്ടമായി അന്യസംസ്ഥാനങ്ങളില്‍നിന്ന് മാരകമായ തോതില്‍ കീടനാശിനികള്‍ ഉപയോഗിച്ച പച്ചക്കറി സംസ്ഥാനത്തെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതും. ജൂലായ് ആദ്യം സെക്രട്ടറിതലത്തിലുള്ള അന്തസ്സംസ്ഥാന യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു.  

സംസ്ഥാനത്തെ പച്ചക്കറി മൊത്തവ്യാപാരികളെയും ഭക്ഷ്യസുരക്ഷാവകുപ്പ് ജീവനക്കാരെയും ഉള്‍പ്പെടുത്തി സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ജില്ലാതല കമ്മിറ്റികളും രൂപവത്കരിക്കും. കീടനാശിനി കലര്‍ന്ന പച്ചക്കറി പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനായി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതികളും തയ്യാറാക്കും. ഭക്ഷ്യസുരക്ഷാവകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി 2.45 കോടി രൂപയുടെ പദ്ധതിക്കായുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍നിന്നുള്ള ഫണ്ടും മറ്റും ഉപയോഗിച്ച് ബോധവത്കരണ പ്രവര്‍ത്തനം നടത്തുകയും ചെയ്യും.

കാര്‍ഷിക സര്‍വകലാശാലയില്‍ 708 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 63 എണ്ണത്തില്‍ മാരക കീടനാശിനി സ്ഥിരീകരിച്ചിട്ടുണ്ട്. 418 പച്ചക്കറി സാമ്പിളുകളില്‍ 26 എണ്ണത്തിലും കീടനാശിനി കണ്ടെത്തി. ഇതിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് 464 കേസുകളുണ്ട്. ഭക്ഷ്യസുരക്ഷാ കേസുകള്‍ കൈകാര്യംചെയ്യുന്നതിനായി പ്രത്യേക കോടതികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കും.


2015, ജൂൺ 6, ശനിയാഴ്‌ച

സോളാര്‍ കേസില്‍ പിണറായി എന്തുകൊണ്ട് കക്ഷിചേര്‍ന്നില്ല


തൃശ്ശൂര്‍: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവ് കൈവശമുണ്ടെങ്കില്‍ പിണറായി വിജയന്‍ എന്തുകൊണ്ടാണ് കക്ഷിചേരാതിരുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും പ്രധാനപങ്കുണ്ടെന്ന് പിണറായി കമ്മീഷനു മൊഴിനല്‍കിയതിനെക്കുറിച്ച് തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇത്ര വലിയ തെളിവുണ്ടെങ്കില്‍ പിണറായി ഓടിയൊളിച്ചത് എന്തിനാണ്. സോളാര്‍ കമ്മീഷന്‍ നോട്ടീസ് അയച്ചു വിളിപ്പിച്ചപ്പോള്‍ എന്തെങ്കിലും പറയേണ്ടെ എന്നുകരുതിയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. ഓഫീസിലെ സി.സി.ടി.വി.യില്‍ നിന്നു തെളിവുകള്‍ മായ്ച്ചു കളഞ്ഞെന്നാണ് ആരോപണം. അവിടെ കാമറ വച്ചതും നിശ്ചിതകാലം കഴിയുമ്പോള്‍ ദൃശ്യങ്ങള്‍ അപ്രത്യക്ഷമാകുന്ന രീതിയില്‍ അതു ക്രമീകരിച്ചതും ഇടതുഭരണകാലത്താണ്. അതിന് തന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല- മുഖ്യമന്ത്രി പറഞ്ഞു.

സലിംരാജ് കേസില്‍ ഇടപെട്ടിട്ടില്ല. കേസ് നിയമത്തിന്റെ വഴിക്കു പോകും. സലിം രാജിന്റെ അറസ്റ്റ് അരുവിക്കര തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് എല്ലാം അറിയാം, അവരെ ആര്‍ക്കും കബളിപ്പിക്കാനാവില്ല എന്നായിരുന്നു മറുപടി. അരുവിക്കരയില്‍ യു.ഡി.എഫ്. വിജയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2015, ജൂൺ 1, തിങ്കളാഴ്‌ച

സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലാക്കുന്നു


നീതി ആയോഗിന്റെ അന്യായവും അധാര്‍മികവുമായ പോക്കിനെതിരെ ഉപസമിതി യോഗത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രസംഗവും അതില്‍ ഉള്‍ക്കൊണ്ട നിര്‍ദ്ദേശങ്ങളും അതീവ ശ്രദ്ധേയമായിരുന്നു. 

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതും സംസ്ഥാന സര്‍ക്കാരുകളെ അസ്വസ്ഥപ്പെടുത്തുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിമര്‍ശനം. ആറ് പതിറ്റാണ്ടിലധികമായി ഇന്ത്യ പിന്തുടര്‍ന്നു പോന്ന ധനകാര്യ കമ്മീഷന്‍ എന്ന സമ്പ്രദായം തകര്‍ത്തു കേന്ദ്ര സര്‍ക്കാരിന്റെ അധീശത്വം അടിച്ചേല്‍പ്പിക്കുന്ന നീതി ആയോഗ് സംസ്ഥാനങ്ങള്‍ക്ക് നേരെ സാമ്പത്തിക നടപടികളുടെ ചാട്ടവാറായി മാറിയിരിക്കുകയാണ്. നീതി ആയോഗിന്റെ അന്യായമായ ഈ നടപടികളെ അതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി വിമര്‍ശിക്കുക മാത്രമല്ല ബദല്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഉമ്മന്‍ചാണ്ടിക്ക് സാധിച്ചു. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രീയതിമിരം ബാധിക്കാത്ത തികച്ചും സത്യസന്ധമായ വിമര്‍ശനങ്ങളാണ് കേരള മുഖ്യമന്ത്രി നടത്തിയത്. 

സാമൂഹ്യമേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള വിഹിതം വെട്ടിക്കുറച്ചതിന്റെ പ്രത്യാഘാതം മുഴുവന്‍ ദുര്‍ബലരും അശരണരുമായ ജനസമൂഹത്തെ അഗാധമായി ബാധിക്കുന്നതാണ്. ഇതിന്റെ പ്രത്യാഘാതങ്ങളാണ് ഭോപ്പാലില്‍ ചേര്‍ന്ന ഉപസമിതി യോഗത്തില്‍ ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടിയത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നീതി ആയോഗിന്റെ പങ്ക് എന്താണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. സംസ്ഥാനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമനുസരിച്ചായിരിക്കണം കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കേണ്ടതെന്ന ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം ഈ ഇരുട്ടിലെ പ്രകാശ രേഖയായിരുന്നു. പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് ഉദാരവ്യവസ്ഥയില്‍ പണം അനുവദിക്കാനുള്ള തീരുമാനമുണ്ടെങ്കിലും അത്തരത്തിലുള്ള മൊത്തം വിഹിതം കുറയുകയാണുണ്ടായത്. 2013-14ല്‍ 50.43 ശതമാനമായി കേന്ദ്രവിഹിതം കുറഞ്ഞു. സാമൂഹ്യ മേഖലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം 60 ശതമാനം കുറഞ്ഞു. ഈ വിവേചനത്തിന്റെ ആഘാതം ഏറെയും അനുഭവിക്കുന്നത് കേരളമാണ്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ആളോഹരി തുക ശരാശരി 1567 രൂപ ലഭിക്കുമ്പോള്‍ കേരളത്തിന് കിട്ടുന്നത് 1132 രൂപ മാത്രമാണ്. കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന തുക എത്രയെന്ന് വര്‍ഷാരംഭത്തില്‍ അറിയിക്കാത്തത് സംസ്ഥാനങ്ങളിലെ പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഇക്കാര്യം ഉമ്മന്‍ചാണ്ടി നീതി ആയോഗിന്റെ പ്രഥമ യോഗത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അനുവദനീയ തുക ഒക്‌ടോബറില്‍ 60 ശതമാനവും ബാക്കി ധനകാര്യവര്‍ഷത്തിന്റെ അവസാനവും ലഭ്യമാകുമ്പോള്‍ പദ്ധതികള്‍ മുടങ്ങാതെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രതിസന്ധിയില്ലാതെയും മുന്നോട്ടു പോകാനാകും. നീതി ആയോഗിന്റെ ഓരോ യോഗങ്ങളുടെ അറിയിപ്പും ശുപാര്‍ശകളുടെ കരടും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്നത് യോഗത്തിന്റെ തലേദിവസം മാത്രമാണ്. മറ്റു മന്ത്രിമാരുമായോ വകുപ്പ് സെക്രട്ടറിമാരുമായോ ഉദ്യോഗസ്ഥരുമായോ കരട് ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിനും മതിയായ സമയം ലഭിക്കാത്തത് കാരണം പലരും പ്രഹസനമെന്ന നിലയിലാണ് നീതി ആയോഗ് യോഗത്തില്‍ സംബന്ധിക്കുന്നത്. ഈ പരാതിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ യോഗത്തില്‍ ഉന്നയിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി സംരക്ഷണ നിയമങ്ങള്‍ പല സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത രീതിയിലാണ് അനുഭവപ്പെടുന്നത്. കേരളത്തിന്റെ സുരക്ഷ, തീര ജൈവ ആവാസ വ്യവസ്ഥ മാനേജ്‌മെന്റ് തുടങ്ങിയവ ഓരോ സംസ്ഥാനത്തിന്റേതായ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന പദ്ധതി ഗുണം ഉണ്ടാകണമെന്ന കേരളത്തിന്റെ ആവശ്യം ഏറെ പ്രസക്തമാണ്. 

നെഹ്‌റു യുഗത്തിന്റെ അടയാളങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യുക എന്ന സംഘ് പരിവാര്‍ അജണ്ടയുടെ ഭാഗമായിരുന്നു ധനകാര്യ കമ്മീഷനെ ഗളഹസ്തം ചെയ്തത്. നെഹ്‌റു മുദ്രകള്‍ ഏറെ പതിഞ്ഞു കിടക്കുന്ന ജനാധിപത്യവും മതേതരത്വവും ലാഘവബുദ്ധിയോടെ തകര്‍ക്കുന്ന ബി ജെ പി സര്‍ക്കാര്‍ നീതി ആയോഗിലൂടെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും തകര്‍ക്കുകയാണ്. പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നത് പോലുള്ള സാമ്പത്തിക  ഉപരോധങ്ങള്‍ ഇതിന്റെ ഭാഗമാണ്. ശക്തമായ സംസ്ഥാനങ്ങള്‍; സമ്പന്നമായ രാഷ്ട്രം എന്ന കോണ്‍ഗ്രസിന്റെ ദീര്‍ഘകാല നയത്തിന് പകരം ദുര്‍ബലമായ സംസ്ഥാനങ്ങള്‍; യജമാനനായ രാഷ്ട്രം എന്ന വികല നയമാണ് ബി ജെ പി സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ശില്‍പം കാണാതെ പോയത് ശില്‍പിയെ മാനിച്ച്



 കൊച്ചി: കോട്ടയം പബ്ലിക് ലൈബ്രറിയിയില്‍ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ശില്‍പം താന്‍ മനപ്പൂര്‍വ്വമാണ് കാണാതെപോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പത്രക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് താന്‍ അവിടെ പോകാതിരുന്നത്. ശിലാസ്ഥാപനത്തിന് എത്തിയ താന്‍ പോയി ശില്‍പം കണ്ടാല്‍ അത് പത്രങ്ങള്‍ ഫോട്ടോ എടുക്കും, പിറ്റേ ദിവസത്തെ പത്രത്തില്‍ ആ ചിത്രമായിരിക്കും വരിക. ശില്‍പം തീര്‍ത്ത ആളും അതിന്റെ സംഘാടകരും ഇല്ലാതെ ശില്‍പം കണ്ട് അതിന്റെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ തനിക്ക് ഉദ്ദേശമില്ല. ശില്‍പിയും സംഘാടകരും ഇല്ലാതെ താന്‍ അത് ചെന്ന് കാണുന്നത് ശരിയല്ലെന്ന് തോന്നി. തനിക്ക് ആ ശില്‍പം കാണാന്‍ അതിയായ ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2015, മേയ് 21, വ്യാഴാഴ്‌ച

അങ്കം ഇനിയും ജയിക്കും; തീര്‍ച്ച


 വികസനത്തിന്റെയും കരുതലിന്റെയും വിജയകാഹളവുമായാണ് യു ഡി എഫിന്റെ മൂന്ന് മേഖലാ ജാഥകള്‍ കഴിഞ്ഞദിവസം ആരംഭിച്ചത്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പട്ടികയും പ്രതിപക്ഷ ആരോപണങ്ങളുടെ പൊള്ളത്തരങ്ങളും ജനമനസ്സുകളിലെത്തിക്കുകയാണ് മേഖലാ ജാഥകളുടെ ലക്ഷ്യം.

 യു ഡി എഫ് രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിയ കാറും കോളും പെട്ടെന്ന് മാഞ്ഞു. തികച്ചും ശാന്തവും പ്രസന്നവുമായ അന്തരീക്ഷത്തിലായിരുന്നു മൂന്നു ജാഥകളുടെയും തുടക്കം. ഐക്യജനാധിപത്യമുന്നണി ശിഥിലമായെന്നും മന്ത്രിസഭ തകര്‍ന്നെന്നും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു യു ഡി എഫിന്റെ പൊടുന്നനെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും ഊര്‍ജ്ജസ്വലമായ തേരോട്ടവും. എല്ലാ തര്‍ക്കങ്ങളോടും വിട ചൊല്ലിക്കൊണ്ടും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചുകൊണ്ടും അരയും തലയും മുറുക്കി രംഗത്ത് വന്ന അണികളെയാണ് എങ്ങും കാണാനുള്ളത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നാല് പതിറ്റാണ്ടിന്റെ നേട്ടങ്ങളുണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തികഞ്ഞ സംതൃപ്തിയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയും അഞ്ചാം വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ ഒരു ഭരണതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് കച്ചമുറുക്കി അങ്കത്തിനിറങ്ങിയിരിക്കുന്നത്. അധികാരമേറ്റ ആദ്യനാളില്‍ തന്നെ ഒരു രൂപയ്ക്ക് അരി എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കാലതാമസം കൂടാതെ നടപ്പാക്കി യു ഡി എഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചു. അരി നല്‍കുന്നതില്‍ മാത്രമല്ല നാടിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജയം കൈവരിച്ചു. കൊച്ചി മെട്രോയും, സ്മാര്‍ട്ട്‌സിറ്റിയും വിഴിഞ്ഞം പദ്ധതിയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മികവിന്റെ പൊന്‍തൂവലുകളായി മാറാന്‍ ഇനി മാസങ്ങള്‍ മാത്രം മതി. 

എല്ലാം നശിക്കുകയും നശിപ്പിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്നും അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളം ശ്മശാന സമാനമായ അവസ്ഥയിലായിരുന്നു. സി പി എമ്മിനകത്തെ വിഭാഗീയതയുടെ തിക്തഫലങ്ങള്‍ ഏറെയും അനുഭവിച്ചത് കേരളത്തിന്റെ വികസന മേഖലയായിരുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യവസായ തൊഴിലാളികളും തൊഴിലില്ലാത്ത ദിനങ്ങളുടെ നരകയാതനകള്‍ അനുഭവിച്ച ആ കാലം ആര്‍ക്കും മറക്കാനാവില്ല. കേരളത്തിന്റെ ഉല്‍പാദന- ഉപഭോഗ പ്രത്യേകത കൊണ്ടു മുതല്‍ മുടക്കാന്‍ സന്നദ്ധരായെത്തുന്ന സംരംഭകരെ കുത്തുപാളയെടുപ്പിച്ചു അടിച്ചോടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തൊഴില്‍ നയം അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിച്ചു. 

ഓടിപ്പോയ സംരംഭകരെ തിരികെ കൊണ്ടുവന്നു കേരളത്തിന്റെ വ്യവസായ മേഖല സംരക്ഷിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പ്രതിബദ്ധത ഇക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്.  ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെ നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഏറെ ശ്രദ്ധേയമായി. ചികിത്സാ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കാന്‍ നടപ്പാക്കിയ കാരുണ്യ പദ്ധതി മികച്ച ഫലങ്ങളുളവാക്കുകയും പതിനായിരങ്ങള്‍ക്ക് സാന്ത്വനമാവുകയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ സാധിച്ചത് ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മഹനീയ നേട്ടങ്ങളാണ്. 

വിവാദഭരിതമായിരുന്നുവെങ്കിലും സാമൂഹിക നന്മയെ ലക്ഷ്യം വെച്ചുള്ള മദ്യനയം നടപ്പാക്കിയതും യു ഡി എഫ് സര്‍ക്കാരിന്റെ ശ്ലാഘനീയമായ നടപടിയാണ്. നിര്‍ദ്ദിഷ്ട ഐ ഐ ടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവ യു ഡി എഫിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന ചിഹ്നങ്ങളാണ്. കാര്‍ഷിക മേഖലകളിലും ഉണര്‍വിന്റെ നാളുകളാണ് യു ഡി എഫ് സമ്മാനിച്ചത്. ഏത് മുന്നണിയില്‍ ആര് ആഭ്യന്തര വകുപ്പ് മന്ത്രിയായാലും കുരിശേന്തുന്നതിന് തുല്യമായിരുന്നത്. കല്ലേറേല്‍ക്കാത്ത ഒരു പൊലീസ് മന്ത്രിയും കേരളത്തിലുണ്ടായിട്ടില്ല. സശ്രദ്ധവും സുരക്ഷിതവുമായ പൊലീസ് നയത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ മുക്തകണ്ഠ പ്രശംസ പിടിച്ചെടുത്തു. വിജിലന്റ് കേരള, ഓപ്പറേഷന്‍ സുരക്ഷ, സ്ത്രീ സുരക്ഷ, ഓപ്പറേഷന്‍ കുബേര, ലഹരി മുക്ത വിദ്യാലയം തുടങ്ങിയ ആഭ്യന്തരവകുപ്പിന്റെ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ പൊലീസിന് ഒരു സാമൂഹിക പ്രതിബദ്ധതാ പരിവേഷം സൃഷ്ടിച്ചു. 

എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ ഇനിയുമുണ്ട്. പിന്നിട്ട നാളുകളിലെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ ഊര്‍ജ്ജമാക്കിക്കൊണ്ട് വരാനിരിക്കുന്ന ഒരു വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് ജനങ്ങളുടെ അംഗീകാരത്തിനും അനുഗ്രഹത്തിനും വേണ്ടി കൈനീട്ടുകയാണ്. അനാവശ്യമായ വിവാദങ്ങളെയും ആരോപണങ്ങളെയും ജനസമക്ഷം തുറന്നുകാട്ടി യഥാര്‍ത്ഥ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും സാധിച്ചാല്‍ യു ഡി എഫ് ഒന്നല്ല; നിരവധി അങ്കങ്ങള്‍ ഇനിയും ജയിക്കും തീര്‍ച്ച.

2015, മേയ് 18, തിങ്കളാഴ്‌ച

ഭരണത്തുടര്‍ച്ച നിശ്ചയം


സര്‍ക്കാറിന്റെ നാലാം വാര്‍ഷികം പ്രമാണിച്ചുള്ള അഭിമുഖങ്ങള്‍ക്ക് തിരക്കുകാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമയം കണ്ടെത്തിയത് യാത്രയിലാണ്. കോട്ടയത്തുനിന്ന് ഒരു പത്രത്തിന്റെ ലേഖകനെ കൊട്ടാരക്കരവരെ ഒപ്പംകൂട്ടി സംസാരിച്ചു. അദ്ദേഹത്തെ അവിടെയിറക്കി 'മാതൃഭൂമി' ലേഖകൻ  അനീഷ് ജേക്കബിനെ തിരുവനന്തപുരത്തേക്കു കൂട്ടി. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍നിന്ന്: 

''കേരളത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട്. മൂന്നു കാര്യങ്ങളാണതിലുള്ളത്. 
1. വിദ്യാഭ്യാസരംഗത്ത് കേരളത്തെ അന്താരാഷ്ട്രകേന്ദ്രമാക്കി മാറ്റുക. 
2. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുക. 
3. ചുവപ്പുനാടയില്‍നിന്നുള്ള മോചനത്തിനും നടപടികള്‍ വേഗത്തിലാക്കാനും ഇഗവേണന്‍സ് സംവിധാനം എല്ലാത്തലത്തിലും കൊണ്ടുവരിക'' അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണത്തുടര്‍ച്ച നഷ്ടപ്പെടുന്ന പതിവാണുള്ളത്. അജന്‍ഡകള്‍ വരുംസര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നുണ്ടോ?

യു.ഡി.എഫ്. സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനവും പ്രതിപക്ഷനിലപാടും വിലയിരുത്തുന്ന ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കേരളം എത്ര അനുഗ്രഹിക്കപ്പെട്ട നാടാണ്. സംസ്ഥാനമാകെതന്നെ ഒരു വിനോദസഞ്ചാകേന്ദ്രമാണ്. 365 ദിവസവും ഒരേ വേഷംതന്നെ ധരിച്ച് നമുക്കു ജീവിക്കാം. നെടുനീളെയുള്ള തീരദേശം, അക്ഷയഖനിയായി അറേബ്യന്‍ കടല്‍, വിദ്യാഭ്യാസമുള്ള ജനങ്ങള്‍. എന്നാല്‍ എത്രയോ അവസരങ്ങള്‍ നാം കളഞ്ഞുകുളിച്ചു. വികസനകാര്യങ്ങളിലുള്ള നിഷേധസമീപനമാണ് നമ്മെ തളച്ചിട്ടത്. യാഥാര്‍ഥ്യബോധത്തോടെയുള്ള വികസനകാഴ്ചപ്പാടാണ് യു.ഡി.എഫിനുള്ളത്. അതാണ് ആത്മവിശ്വാസം. 

നാലുവര്‍ഷം പിന്നിടുമ്പോള്‍ 'വികസനവും കരുതലും' എന്ന മുദ്രാവാക്യം എത്രത്തോളം വിജയിച്ചുവെന്നാണു വിലയിരുത്തല്‍? 

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍, സംതൃപ്തിയുണ്ട്. വികസനത്തിനും കരുതലിനും തുല്യപ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യംമുതല്‍ സ്വീകരിച്ചത്. മുമ്പ് സംസ്ഥാനലോട്ടറി അറിയപ്പെട്ടിരുന്നത് സാന്റിയാഗൊ മാര്‍ട്ടിന്റെ പേരിലായിരുന്നു. കേന്ദ്രനിയമം മാറാതെ ഈ സ്ഥിതി മാറില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രിയുടെ ന്യായം. എന്നാല്‍, നിയമം മാറാതെതന്നെ സംസ്ഥാനലോട്ടറി കാരുണ്യയുടെ പേരിലറിയപ്പെട്ടു. 701 കോടി രൂപ പാവങ്ങള്‍ക്ക് ഇതിനോടകം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 450 കോടിയിലധികം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. ആരോഗ്യപരിരക്ഷാ പദ്ധതി. ഒരുരൂപയ്ക്ക് അരി നല്‍കി. 36,000ലധികം പേര്‍ക്ക് ഭൂമി. 

വികസനനേട്ടം ചെറുതല്ല. കൊച്ചി മെട്രൊ 2016 ജൂണിലോടും. സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടം ജൂണില്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ ആദ്യവിമാനം ഡിസംബര്‍ 31നിറങ്ങും. വിഴിഞ്ഞം പദ്ധതിക്ക് കരാറാകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയ്ക്ക് തുടക്കമാകും. 900 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍. 173 നീര ലൈസന്‍സുകള്‍. ഒമ്പത് മെഡിക്കല്‍ കോളേജുകള്‍. ഉന്നതവിദ്യാഭ്യാസസ്ഥാപനമില്ലാത്ത എല്ലാ മണ്ഡലത്തിലും ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍. 1970 കോടിയുടെ ബൈപാസുകള്‍. 400 ദിവസംകൊണ്ട് 100 പാലം. മലയാളം സര്‍വകലാശാല, ഐ.ഐ.ടി.ക്ക് അംഗീകാരം, പ്രവാസിവോട്ടവകാശം, അഭിമാനകരമായ ദേശീയ ഗെയിംസ്, 3000 കോടിയുടെ ജപ്പാന്‍ കുടിവെള്ളപദ്ധതി, അധ്യാപക പാക്കേജ്.

വന്‍കിടപദ്ധതികള്‍ മുന്നോട്ടുപോകുമ്പോഴും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ദുരവസ്ഥ. കരാറുകാരുടെ കുടിശ്ശിക. മുന്‍ഗണനാക്രമത്തില്‍ മാറ്റംവേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുമുണ്ട്... 
ക്ഷേമപെന്‍ഷനുകള്‍ ഇടയ്ക്കു മുടങ്ങിയെന്ന കാര്യം ശരിയാണ്. അതൊരിക്കലും ശരിയായ നടപടിയുമല്ല. ഇതൊഴിവാക്കാനാണ് ക്ഷേമപെന്‍ഷനുകള്‍ ഇനിമുതല്‍ ബാങ്കുവഴിയാക്കുന്നത്. കെ.എസ്.ആര്‍.ടി.സി. പുനരുദ്ധരിക്കും. നെല്‍ക്കര്‍ഷകര്‍ക്കുള്ള കുടിശ്ശിക മാര്‍ച്ച് വരെ നല്‍കി. ബാക്കി ഉടന്‍ നല്‍കും. 

സംതൃപ്തി നല്‍കിയ പദ്ധതികളേതാണ്? അതുപോലെ ആഗ്രഹിച്ചിട്ടും നടക്കാതെപോയതും?

തൃപ്തി നല്‍കിയത് മൂന്നു കാര്യങ്ങളാണ്: 1. ബധിരമൂക കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ചെലവില്‍ നടത്തി, അവര്‍ക്ക് മറ്റുള്ളവരെപ്പോലെയാകാന്‍ ഇടവന്നതാണ് ഏറ്റവും തൃപ്തി നല്‍കിയത്. 2. വിദ്യാര്‍ഥിസംരംഭകത്വപദ്ധതിയാണടുത്തത്. 3000ല്‍പ്പരം ആശയങ്ങളാണു വന്നത്. 900ലധികം കമ്പനികള്‍ ചെറുപ്പക്കാര്‍ തുടങ്ങി. മുമ്പ് ഒരു ഡിഗ്രി സമ്പാദിക്കുക, ജോലിനേടുക അഥവാ ഗള്‍ഫില്‍പ്പോവുകയെന്നതായിരുന്നു സ്വപ്നം. ഇന്നിപ്പോള്‍ ചെറുപ്പക്കാര്‍തന്നെ തൊഴില്‍ദാതാക്കളാകുന്നു. 3. നീര യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. കേരത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തില്‍ തെങ്ങുകര്‍ഷകര്‍ ദുരിതത്തിലാകുന്നത് എന്തൊരു വൈരുധ്യമാണ്. ഇതോടെ പ്രതിമാസം 900 രൂപ ശരാശരി വരുമാനം ഒരു തെങ്ങില്‍നിന്ന് ലഭിക്കുന്നു. 

വേണ്ടത്ര വിജയിക്കാഞ്ഞത് രണ്ടുകാര്യത്തിലാണ്: 1. വിലക്കയറ്റം തടയുന്നത്. 2. മാലിന്യസംസ്‌കരണം.

ഇത്രയധികം നേട്ടങ്ങള്‍ പറയാനുണ്ടാകുമ്പോഴും അഴിമതിയാരോപണങ്ങള്‍ ഇവയുടെ ശോഭ കെടുത്തുന്നില്ലേ? 

അഴിമതിയാരോപണങ്ങള്‍ ബാധിക്കില്ല. കാരണം അതിലൊന്നും ഒരടിസ്ഥാനവുമില്ല. സോളാര്‍ കേസില്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഒരുപൈസയുടെ ആനുകൂല്യം അവര്‍ക്കു നല്‍കിയില്ല. സര്‍ക്കാരിന് ഒന്നും നഷ്ടപ്പെട്ടുമില്ല. ഇപ്പോള്‍ ആരോപണമുന്നയിച്ചവരെ നോട്ടീസയച്ചാണ് കമ്മീഷന്‍ വിളിക്കുന്നത്. അവിടെച്ചെന്നു പറയാന്‍ അവര്‍ക്കൊന്നുമില്ലതാനും. ദേശീയ ഗെയിംസില്‍ എന്തായിരുന്നു ബഹളം. അന്വേഷണംവന്നപ്പോള്‍ എന്തെങ്കിലും കണ്ടെത്തിയോ... 

ബാര്‍ കോഴ കേസ് അത്രയും ലളിതമാണോ?

ഒരു മന്ത്രിക്കെതിരായ അന്വേഷണം ഇത്രയും ദീര്‍ഘമായും ഇടപെടലില്ലാതെയും നടന്നിട്ടുണ്ടോ. അന്വേഷണത്തെക്കുറിച്ചാര്‍ക്കും പരാതിയില്ല. പത്രങ്ങളില്‍നിന്നുള്ള വിവരംെവച്ച് മന്ത്രി മാണിക്കെതിരെ ഒരു മൊഴിയും ഇതുവരെ വന്നിട്ടുമില്ല. 

അന്വേഷണം നീളുന്നതില്‍ കേരള കോണ്‍ഗ്രസിനാണു പരാതി.

അവരുടെ പരാതി ന്യായമാണ്. ഇത്രയും നീണ്ടതിലാണു പരാതി. എന്നാല്‍, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല.

അഴിമതിക്കെതിരെ എ.കെ. ആന്റണിക്കുപോലും സംസാരിക്കേണ്ടിവന്നു...

എ.കെ. ആന്റണി ഒരു സര്‍വീസ് സംഘടനയുടെ വാര്‍ഷികത്തിനു നടത്തിയ പ്രസംഗമാണ്. അത് സമൂഹത്തിലുണ്ടാകുന്ന അഴിമതിക്കെതിരെ ജാഗ്രതപാലിക്കണമെന്ന നിര്‍ദേശമാണ്. അല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ചല്ല.

കോണ്‍ഗ്രസ്സുകാര്‍തന്നെയാണ് അതും വിവാദമാക്കിയത്.

വിവാദങ്ങളെ കാര്യമാക്കാതെ മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാര്‍നയം. നമ്മള്‍ തീരുമാനിച്ച കാര്യങ്ങള്‍ ചെയ്യാന്‍ വിവാദങ്ങള്‍ തടസ്സമായിട്ടില്ല. എന്റെയൊരു കാഴ്ചപ്പാട്, സര്‍ക്കാറെന്നത് ഉന്നതമായ ഒരോഫീസും അതിന്റെ നടത്തിപ്പുമല്ല. സര്‍ക്കാര്‍ എന്റേതാണെന്നും എന്റെ ആവശ്യത്തിന് സര്‍ക്കാറുണ്ടാകുമെന്നുമുള്ള തോന്നല്‍ എല്ലാവരിലുമുണ്ടാകണം. ഏറ്റവും ദുര്‍ബലരായവര്‍ക്കുപോലും സര്‍ക്കാറിനെ അനുഭവത്തിലറിയാന്‍ കഴിയണം. ഇറാഖിലും യെമനിലും ലിബിയയിലും നേപ്പാളിലും പ്രശ്‌നമുണ്ടായപ്പോള്‍ ഇടപെട്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. 

ജനസമ്പര്‍ക്കപരിപാടി പ്രതിസന്ധികളെ നേരിടാനുള്ള ഒറ്റമൂലിയായി വിലയിരുത്തപ്പെടുന്നുണ്ട്...

സര്‍ക്കാരിനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യമാണതിനുള്ളത്. ഒരു ജില്ലയില്‍ പരമാവധി 30,000 പേരായിരിക്കാം അതിനപേക്ഷനല്‍കുന്നത്. എന്നാല്‍, അതു നല്‍കുന്ന സന്ദേശം വലുതാണ്. ഒഴിവാക്കാവുന്ന നൂലാമാലകള്‍വിട്ട് സര്‍ക്കാര്‍സേവനം ലഭ്യമാക്കാന്‍ 50ല്‍പ്പരം വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവന്നു. ജനസമ്പര്‍ക്കത്തിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണതു ചെയ്തത്. 

വിവാദങ്ങളാണോ യു.ഡി.എഫിന്റെ ദൗര്‍ബല്യം?

ഒരു പാര്‍ട്ടിയുടെയും മേല്‍ക്കോയ്മ യു.ഡി.എഫിലില്ല. അതാണു മുന്നണിയുടെ ശക്തി. അതിനു കോട്ടംവന്നാല്‍ അതാണു ദൗര്‍ബല്യം. 

ഇപ്പോഴത്തെ എല്‍.ഡി.എഫിന്റെ ഘടനവെച്ച് അവര്‍ക്ക് ഒരു തിരഞ്ഞെടുപ്പ് വിജയിക്കാനാകുമോ? യു.ഡി.എഫില്‍നിന്ന് കക്ഷികളെ അടര്‍ത്താനുള്ള അവരുടെ ശ്രമം എത്രത്തോളം ഗൗരവമുള്ളതാണ്?

യു.ഡി.എഫില്‍നിന്നു കക്ഷികളെ ലക്ഷ്യമിടുന്നത് അവരുടെ ആത്മവിശ്വാസക്കുറവിനെയാണു കാണിക്കുന്നത്. യു.ഡി.എഫില്‍നിന്ന് ആരും പോകില്ല. 

യു.ഡി.എഫിലേക്ക് പുതിയ കക്ഷികള്‍ വരുമോ?

രണ്ടു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്നപ്പോഴും ഞങ്ങളാരെയും ചാക്കിട്ടുപിടിച്ചില്ല. സെല്‍വരാജ് സ്വയം വന്നതാണ്. അദ്ദേഹം രാജിെവച്ചശേഷമാണ് ഞങ്ങളുമായി ചര്‍ച്ചനടക്കുന്നത്. ജനതാദള്‍ സ്വയം എല്‍.ഡി.എഫ്. വിട്ടതാണ്. ആര്‍.എസ്.പി.യും അങ്ങനെതന്നെ. ഇടതുമുന്നണിയുടെ ദൗര്‍ബല്യത്തിലല്ല, ഞങ്ങളുടെ ശക്തിയിലാണ് ഞങ്ങള്‍ക്കു വിശ്വാസം.

ഇത്രയും ആത്മവിശ്വാസമുള്ള താങ്കള്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ?

അതൊരു പ്രശ്‌നമേയല്ല. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതാണു കാര്യം. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡും എം.എല്‍.എ.മാരും ചേര്‍ന്ന് നിശ്ചയിക്കും. 

കോണ്‍ഗ്രസില്‍നിന്ന് ഇപ്പോള്‍ത്തന്നെ നേതൃമാറ്റമെന്ന ആവശ്യം പരോക്ഷമായിട്ടെങ്കിലുമുയരുന്നുണ്ട്.

അതൊന്നുമില്ല. ആരുമതിനെ അനുകൂലിക്കുന്നുമില്ല. ഞാനും രമേശും തമ്മില്‍ നല്ല ബന്ധമാണ്.

നാലുവര്‍ഷവും സര്‍ക്കാറിനെ ബുദ്ധിമുട്ടിച്ചത് പ്രതിപക്ഷമായിരുന്നോ ഭരണപക്ഷത്തെ പ്രതിപക്ഷശബ്ദങ്ങളായിരുന്നോ?

കോണ്‍ഗ്രസില്‍നിന്നും മുന്നണിയില്‍നിന്നും ഞാനര്‍ഹിക്കുന്നതിനെക്കാള്‍ പിന്തുണ എനിക്കു കിട്ടി. ഘടകകക്ഷികള്‍ പരിധിവിട്ട ഒരു സമ്മര്‍ദവും ചെലുത്തിയില്ല. മന്ത്രിസഭായോഗത്തില്‍ ഭിന്നതയേയില്ല. എന്തെങ്കിലും തിരുത്തലുകള്‍ ഞാന്‍ നിര്‍ദേശിച്ചാല്‍ അവരതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. 

സര്‍ക്കാറിനെതിരെ പ്രതിപക്ഷം കിട്ടുന്നതെല്ലാം ആയുധമാക്കുമ്പോള്‍ എളമരം കരീമിനെതിരെയുള്ള കോഴയാരോപണം, വി.എസ്സിന്റെ മകനെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ യു.ഡി.എഫ്. മൃദുസമീപനമാണു കൈക്കൊള്ളുന്നതെന്നു വിമര്‍ശമുണ്ട്.

പ്രതികാരരാഷ്ട്രീയം ഞങ്ങള്‍ക്കില്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപരമായ നടപടികളില്‍പ്പോലും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന വിമര്‍ശമുണ്ട്. 

കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ കേരളത്തോടുള്ള സമീപനത്തില്‍ മാറ്റംവന്നോ?


രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയില്ല. പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. 

അങ്ങയുടെ സ്വന്തംസഭയായ ഓര്‍ത്തഡോക്‌സ് വിഭാഗം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്?


സഭയ്ക്ക് അങ്ങനെയൊരു നിലപാടെടുക്കാനുള്ള അവകാശമുണ്ടാകും. അതിനുള്ള ന്യായങ്ങളും കണ്ടേക്കാം. സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നീതിപുലര്‍ത്തണമെന്ന ആഗ്രഹത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ വ്യത്യസ്തസമയത്ത് സര്‍ക്കാറിനോടു പ്രതിഷേധിച്ചിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ പോയത് പണ്ടേയുള്ള പതിവനുസരിച്ചാണ്. മുമ്പും മുഖ്യമന്ത്രിമാര്‍ അങ്ങനെയാണു ചെയ്തിരിക്കുന്നത്. അന്നൊന്നും പ്രശ്‌നമുണ്ടായില്ലല്ലോ. 

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

പുതുക്കിയ വീട്ടുനികുതി ഒഴിവാക്കി


വീട്ടുനികുതിയില്‍ യു.ഡി.എഫ്. ശുപാര്‍ശകള്‍ക്ക് അംഗീകാരം


 രണ്ടായിരം ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധന പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങളെ വീട്ടുനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതുസംബന്ധിച്ച യു.ഡി.എഫ് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മന്ത്രിസഭാ തീരുമാനത്തോടെ 2015 ഏപ്രില്‍ ഒന്നിന് മുമ്പുള്ള നികുതിയിലേക്ക് തിരികെപ്പോകും. വര്‍ധിപ്പിച്ച നികുതി അടച്ചവര്‍ക്ക് അടുത്തവര്‍ഷത്തെ നികുതിയില്‍ അത് തട്ടിക്കിഴിച്ച് കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന വരും. പക്ഷേ ഇത് നിലവിലുള്ളതിന്റെ 25 ശതമാനത്തിലധികമാകരുത്. 

കെട്ടിടം വിപുലീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. എന്നാല്‍, ഇത് പഴയ നിരക്കിന് ആനുപാതികമായി മതി. ഉദാഹരണത്തിന് ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 500 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന നികുതിയെന്ന് കരുതുക. ആയിരം ചതുരശ്ര അടിയുടെ കൂടി വിപുലീകരണം നടന്നിട്ടുണ്ടെങ്കില്‍ ഇനി നികുതി 1000 രൂപയായിരിക്കും. 

വാണിജ്യവ്യവസായ കെട്ടിടങ്ങളുടെ വാര്‍ഷിക നികുതിയുടെ വര്‍ധന നേരത്തേ നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമാകരുതെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. 

660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിന് 2015 ഏപ്രില്‍ മുതലാണ് പ്രാബല്യം. 

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

'കരുതലു'മായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്


മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാംഘട്ടമായ 'കരുതലുമായി വീണ്ടും സാധാരണക്കാര്‍ക്കിടയിലേക്ക്. കരുതലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുന്‍ ജനസമ്പര്‍ക്ക പരിപാടികളില്‍നിന്നു വ്യത്യസ്തമായി ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന 100 പേരെ നേരിട്ടു കണ്ടു മുഖ്യമന്ത്രി പരിഹാരം നിര്‍ദേശിക്കും. മറ്റു പരാതികള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ പരിഹരിക്കും.  രണ്ടു ലക്ഷം പരാതികളാണു 14 ജില്ലകളിലായി മുഖ്യമന്ത്രിയെ കാത്തിരിക്കുന്നത്. ജൂണ്‍ 11നു പാലക്കാട്ടു ജനസമ്പര്‍ക്ക പരിപാടി അവസാനിക്കും. 

മുന്‍ ജനസമ്പര്‍ക്ക പരിപാടികളെ അപേക്ഷിച്ചു പരാതികളുടെ എണ്ണം കുറഞ്ഞതു ശുഭസൂചനയായാണു മുഖ്യമന്ത്രി കാണുന്നത്. 2011ലെ ജനസമ്പര്‍ക്ക പരിപാടിക്ക് 5.45 ലക്ഷം പരാതികളും 2013ലെ പരിപാടിക്കു 3.21 ലക്ഷം പരാതികളും ലഭിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും പരിഹരിക്കപ്പെടുകയും ചെയ്തു. ഈ സര്‍ക്കാരിന്റെ അവസാന ജനസമ്പര്‍ക്ക പരിപാടിയായതുകൊണ്ടുതന്നെ അര്‍ഹമായ എല്ലാ പരാതികളിലും അനുകൂല നടപടിയെടുക്കാനാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നുള്ള സഹായം തേടിയവരാണ്- 66,083 പേര്‍. 

പരാതികളില്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരുക്കങ്ങള്‍ നടത്തിവരികയാണ്. ഇന്നലെ അവധി ദിവസമായിട്ടും തിരുവനന്തപുരം ജില്ലയിലെ വില്ലേജ് ഓഫിസുകളും അക്ഷയകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നു. പരാതി നല്‍കാനുള്ള സമയപരിധി തീര്‍ന്നെങ്കിലും ഇന്നു ലഭിക്കുന്ന പരാതികളും സ്വീകരിക്കും. നടപടി വൈകുമെന്നു മാത്രം. മുഖ്യമന്ത്രിയുടെ ധനസഹായം ഇത്തവണ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണു വിതരണം ചെയ്യുക.

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി


  പരാതികള്‍ക്കു പരിഹാരം തേടിയെത്തുന്ന നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തല്‍, അംഗപരിമിതിയുള്ളവരെ വേദിയിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യം, തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി വക പ്രത്യേക ഷട്ടില്‍ സര്‍വീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി. സഹായം വേദിയില്‍ തന്നെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ കൈവശം സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 4000 പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലാണു പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത്. 

പന്തലിന്റെ പണി വൈകിട്ടോടെ പൂര്‍ത്തിയായി. പ്രധാനവേദിക്കു ചുറ്റുമായി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും താലൂക്ക് തിരിച്ചുള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 2000ലേറെ ജീവനക്കാരും പരിപാടിയുടെ വിജയത്തിനായി ഇന്നലെ മുതല്‍ രംഗത്തുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി രണ്ടു ഷിഫ്റ്റുകളിലായി എണ്ണൂറിലേറെ പൊലീസുകാരുടെ സേവനവുമുണ്ടാകും. പരിപാടിക്ക് എത്തുന്നവരുടെ  സൗകര്യാര്‍ഥം രാവിലെ മുതല്‍ തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. പരാതിയുമായി എത്തുന്നവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ക്കും മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ട്. 

സ്‌പെഷ്യല്‍റ്റി ഡോക്ടര്‍മാരെ കൂടാതെ രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരുമടക്കം ഒരുസമയം 10 പേരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. രണ്ടു കിടക്കകളും അത്യാവശ്യ ചികില്‍സകള്‍ നല്‍കാന്‍ കൗണ്ടറില്‍ സജ്ജമാക്കിയിട്ടുണ്ട്. നാലു 108 ആംബുലന്‍സുകളും ആറു മറ്റ് ആംബുലന്‍സുകളും അടിയന്തര ആവശ്യങ്ങള്‍ക്കായി വേദിക്കരികില്‍ ഉണ്ടാകും. കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാംപും വേദിക്കരികിലായി പ്രവര്‍ത്തിക്കും. ദുരിതാശ്വാസനിധിയില്‍ നിന്നു തുക അനുവദിച്ചവര്‍ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന അതത് താലൂക്ക് കൗണ്ടര്‍ മുഖേന തുക നല്‍കും. 

അക്കൗണ്ടില്‍ മാറാവു ക്രോസ്ഡ് ചെക്കുകളാണു നല്‍കുക. അതിനാല്‍ തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണം. പുതിയ പരാതിയുമായി വരുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അപേക്ഷ സമര്‍പ്പിച്ചവരും ആധാര്‍ കാര്‍ഡ് കൊണ്ടുവരണം.  അതില്ലാത്തപക്ഷം മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി.  

കലക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ്, സബ് കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, എഡിഎം: വി.ആര്‍. വിനോദ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി. ഇന്നു രാവിലെ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതല്‍ 2015 ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

2015, ഏപ്രിൽ 19, ഞായറാഴ്‌ച

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കു തലസ്ഥാനത്തു നാളെ തുടക്കം


 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) നാളെ രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി കൂടി ചേര്‍ത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. 

സംസ്ഥാനത്തൊട്ടാകെനിന്ന് ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് ഓണ്‍ലൈനിലൂടെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ്- 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9207, എറണാകുളം 7562, തൃശൂര്‍ 9124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7617, കണ്ണൂര്‍ 8757, കാസര്‍കോട് 12,668 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്. വീടിനു 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങള്‍. ഈ സര്‍ക്കാര്‍ 2011 ല്‍ നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീര്‍പ്പാക്കുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു. 

ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു കഴിഞ്ഞ മാര്‍ച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാല്‍ ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കില്ല. 

ജനസമ്പര്‍ക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തു ഡോക്കറ്റ് നമ്പര്‍ നല്‍കും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളില്‍ അപേക്ഷിച്ചവരില്‍ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരില്‍ കാണുക. മറ്റു പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കും. തുടര്‍ന്ന് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.

മിക്കവരും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അര്‍ഹരായവര്‍ വില്ലേജ് ഓഫിസില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. 23ന് എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മേയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍കോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്ന ക്രമത്തിലാണു ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനസമ്പര്‍ക്ക പരിപാടിയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടികളില്‍ ഒന്നായി ഇതു വിലയിരുത്തപ്പെടുന്നു.


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ  തിരുവനന്തപൂരം  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍  നടക്കുന്നതിനാല്‍ അന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു ചുറ്റും ഗതാഗതം നിയന്ത്രിക്കും. സ്‌റ്റേഡിയത്തിനു ചുറ്റും പാര്‍ക്കിങ് അനുവദിക്കില്ല. പരിപാടിക്കു വരുന്ന ജനങ്ങളെ ഗവ. പ്രസ്, എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട്, വിജെടി, ബേക്കറി ജംക്ഷന്‍, പുളിമൂട് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വാന്റോസ് - ഊറ്റുകുഴി - ഹൗസിങ് ബോര്‍ഡ് എസ്എസ് കോവില്‍ റോഡിലോ പിഎംജി ലോ കോളജ് കുന്നുകുഴി റോഡിലോ, കെല്‍ട്രോണ്‍- മാനവീയം റോഡിലോ, സ്‌പെന്‍സര്‍ വിജെടി ആശാന്‍ സ്‌ക്വയര്‍- ജനറല്‍ ഹോസ്പിറ്റല്‍ റോഡിലോ, പുളിമൂട്-ആയൂര്‍വേദ കോളജ് റോഡിന്റെ കിഴക്കുവശത്തോ വാഹനം പാര്‍ക്കുചെയ്യാം. 

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന ഗവ. വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് അനക്‌സ് - പ്രസ് ക്ലബ്- എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട് റോഡില്‍ പ്രസ് ക്ലബ്ബിനു മുന്‍വശം ഒഴിവാക്കി പാര്‍ക്കുചെയ്യാം. പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവറോ, സഹായിയോ വണ്ടിയില്‍ ഉണ്ടായിരിക്കേണ്ടതും ഫോണ്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. 

റോഡിന്റെ ഇരുവശത്തും പാര്‍ക്കുചെയ്യാന്‍ പാടില്ല. ബേക്കറി ജംക്ഷന്‍ - വാന്റോസ് ജംക്ഷന്‍ - ജേക്കബ് ജംക്ഷന്‍ - സെക്രട്ടേറിയറ്റ് ഗേറ്റ് റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ജനസമ്പര്‍ക്ക പരിപാടിക്കായി ജനങ്ങളെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ ആളെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ -കോവളം ബൈപാസ് റോഡില്‍ പാര്‍ക്കുചെയ്യണം. പരാതികളും നിര്‍ദേശങ്ങളും അറിയിക്കേണ്ട ഫോണ്‍: 1099, 94979 87001, 0471-2558731.

2015, മാർച്ച് 1, ഞായറാഴ്‌ച

വിഴിഞ്ഞം: മുഖ്യമന്ത്രി ചൊവ്വാഴ്ച മോദിയെ കാണും


വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് ലഭ്യമാക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തും. മന്ത്രിമാരായ നിതിന്‍ ഗഡ്കരി, അരുണ്‍ ജെയ്റ്റ്‌ലി എന്നിവരുമായും ചര്‍ച്ച നടത്തും. മന്ത്രി കെ.ബാബുവും ചര്‍ച്ചയില്‍ പങ്കെടുക്കും.

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കുന്നതില്‍ നിന്ന് അവസാനനിമിഷം കമ്പനികള്‍ പിന്‍മാറിയിരുന്നു. കബോട്ടാഷ് നിയമത്തില്‍ ഇളവില്ലാത്തതാണ് പദ്ധതിയുടെ പോരായ്മയെന്ന് ടെന്‍ഡറില്‍നിന്ന് പിന്മാറിയ അദാനി പോര്‍ട്‌സ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന് എന്നപോലെ വിഴിഞ്ഞത്തിനും നിയമത്തില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ചര്‍ച്ച.

ഇന്ത്യയിലെ ഒരു തുറമുഖത്തില്‍നിന്ന് മറ്റൊരു തുറമുഖത്തേക്ക് വിദേശക്കപ്പലുകളെ ചരക്ക് കടത്തുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇത് മാറ്റിയാലേ തുറമുഖം ലാഭകരമായി നടത്താനാവൂ. മുമ്പ് ഇക്കാര്യം കേരളം ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അംഗീകരിച്ചില്ല. ഈ എതിര്‍പ്പ് ഇപ്പോഴും തുടരുന്നു. ഇത് മാറ്റിയെടുക്കാനാണ് സംസ്ഥാനത്തിന്റെ ശ്രമം.
കബോട്ടാഷ് നിയന്ത്രണം ഉള്ളതിന്റെ ഗുണം ഇപ്പോള്‍ ഫലത്തില്‍ കൊളംബോ തുറമുഖത്തിനാണ്. വിദേശ കപ്പലുകള്‍ അവിടെ അടുപ്പിച്ചിട്ട് അവിടെനിന്ന് ഇന്ത്യയിലെ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുവരികയാണ് ഇപ്പോള്‍ ചെയ്യുന്നത്.