UDF

2015, ഏപ്രിൽ 19, ഞായറാഴ്‌ച

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കു തലസ്ഥാനത്തു നാളെ തുടക്കം


 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൂന്നാംഘട്ട ജനസമ്പര്‍ക്ക പരിപാടിക്ക് (കരുതല്‍ 2015) നാളെ രാവിലെ ഒന്‍പതിനു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിക്കും. 2004ല്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടി കൂടി ചേര്‍ത്താല്‍ ഉമ്മന്‍ ചാണ്ടിയുടെ നാലാമത്തെ ജനസമ്പര്‍ക്ക പരിപാടിയാണിത്. 

സംസ്ഥാനത്തൊട്ടാകെനിന്ന് ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് ഓണ്‍ലൈനിലൂടെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 16,253 പരാതികള്‍ ലഭിച്ചു. ഏറ്റവുമധികം പരാതികള്‍ കൊല്ലത്താണ്- 30,133. ഇടുക്കി 22,244 പരാതികളുമായി രണ്ടാം സ്ഥാനത്തുണ്ട്. പത്തനംതിട്ട 10,469, ആലപ്പുഴ 12,355, കോട്ടയം 9207, എറണാകുളം 7562, തൃശൂര്‍ 9124, പാലക്കാട് 17,708, മലപ്പുറം 18,817, കോഴിക്കോട് 11,089, വയനാട് 7617, കണ്ണൂര്‍ 8757, കാസര്‍കോട് 12,668 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ ലഭിച്ച പരാതികള്‍. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായത്തിന് 66,083 പേരാണ് അപേക്ഷിച്ചത്. വീടിനു 33,725 അപേക്ഷകരുണ്ട്. 26,498 പേര്‍ ബിപിഎല്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. വായ്പ, പട്ടയം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വികലാംഗര്‍ക്കുള്ള സഹായം, ജോലി തുടങ്ങിയവയാണു മറ്റു പ്രധാന ആവശ്യങ്ങള്‍. ഈ സര്‍ക്കാര്‍ 2011 ല്‍ നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 5.45 ലക്ഷം അപേക്ഷകളില്‍ 2.97 ലക്ഷം പരിഹരിച്ചു. 20.82 കോടി രൂപ വിതരണം ചെയ്തു. 2013ല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു രണ്ടാമത്തെ ജനസമ്പര്‍ക്കം നടത്തിയത്. അതില്‍ 3.21 ലക്ഷം അപേക്ഷകള്‍ ലഭിക്കുകയും 3.16 ലക്ഷം അപേക്ഷകളിലും തീര്‍പ്പാക്കുകയും ചെയ്തു. 55.10 കോടി രൂപ വിതരണം ചെയ്തു. 

ഈ വര്‍ഷത്തെ ജനസമ്പര്‍ക്ക പരിപാടിയിലേക്കു കഴിഞ്ഞ മാര്‍ച്ച് 16 മുതലാണു പരാതി സ്വീകരിച്ചു തുടങ്ങിയത്. ഈ മാസം 17ന് അവസാനിച്ചു. എന്നാല്‍ ജനസമ്പര്‍ക്കം നടക്കുന്നതിന്റെ തലേന്നു വരെ കലക്ടറേറ്റുകളിലും താലൂക്ക് ഓഫിസുകളിലും പരാതി സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളില്‍ സ്വീകരിക്കില്ല. 

ജനസമ്പര്‍ക്കം നടക്കുന്ന ദിവസവും നേരിട്ടു പരാതി നല്‍കാം. എല്ലാ പരാതികളും ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്തു ഡോക്കറ്റ് നമ്പര്‍ നല്‍കും. ഇതുപയോഗിച്ച് ഏഴു ദിവസത്തിനു ശേഷം അപേക്ഷയുടെ സ്ഥിതി അറിയാം. ജില്ലകളില്‍ അപേക്ഷിച്ചവരില്‍ ഏറ്റവും സങ്കീര്‍ണ പ്രശ്‌നങ്ങളുള്ള 100 പേരെയാണു മുഖ്യമന്ത്രി നേരില്‍ കാണുക. മറ്റു പരാതികളില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ സ്‌ക്രീനിങ് കമ്മിറ്റി തീരുമാനം എടുക്കും. കിടപ്പിലായ രോഗികളെ ആംബുലന്‍സിലും മറ്റും എത്തിക്കുന്നതിനു പകരം ജില്ലാ മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ അവരുടെ അടുത്തെത്തി പരിശോധിക്കും. തുടര്‍ന്ന് അവരുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുക അനുവദിക്കും.

മിക്കവരും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചതിനാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും മറ്റുമുള്ള ധനസഹായം ബാങ്ക് അക്കൗണ്ടിലൂടെയാണു വിതരണം ചെയ്യുക. ധനസഹായത്തിന് അര്‍ഹരായവര്‍ വില്ലേജ് ഓഫിസില്‍നിന്നുള്ള തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. 23ന് എറണാകുളം, 27 കോഴിക്കോട്, 30 പത്തനംതിട്ട, മേയ് നാല് വയനാട്, 11 കൊല്ലം, 14 കാസര്‍കോട്, 16 മലപ്പുറം, 21 ആലപ്പുഴ, 25 കോട്ടയം, 28 ഇടുക്കി, ജൂണ്‍ നാല് തൃശൂര്‍, എട്ട് കണ്ണൂര്‍, 11 പാലക്കാട് എന്ന ക്രമത്തിലാണു ജനസമ്പര്‍ക്ക പരിപാടി നടത്തുക. ജനങ്ങള്‍ ഹൃദയത്തിലേറ്റിയ ജനസമ്പര്‍ക്ക പരിപാടിയെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച് ആദരിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ പൊതുജന പ്രശ്‌നപരിഹാര പരിപാടികളില്‍ ഒന്നായി ഇതു വിലയിരുത്തപ്പെടുന്നു.


 മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ  തിരുവനന്തപൂരം  സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍  നടക്കുന്നതിനാല്‍ അന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിനു ചുറ്റും ഗതാഗതം നിയന്ത്രിക്കും. സ്‌റ്റേഡിയത്തിനു ചുറ്റും പാര്‍ക്കിങ് അനുവദിക്കില്ല. പരിപാടിക്കു വരുന്ന ജനങ്ങളെ ഗവ. പ്രസ്, എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട്, വിജെടി, ബേക്കറി ജംക്ഷന്‍, പുളിമൂട് എന്നീ ഭാഗങ്ങളില്‍ ഇറക്കിയ ശേഷം വാന്റോസ് - ഊറ്റുകുഴി - ഹൗസിങ് ബോര്‍ഡ് എസ്എസ് കോവില്‍ റോഡിലോ പിഎംജി ലോ കോളജ് കുന്നുകുഴി റോഡിലോ, കെല്‍ട്രോണ്‍- മാനവീയം റോഡിലോ, സ്‌പെന്‍സര്‍ വിജെടി ആശാന്‍ സ്‌ക്വയര്‍- ജനറല്‍ ഹോസ്പിറ്റല്‍ റോഡിലോ, പുളിമൂട്-ആയൂര്‍വേദ കോളജ് റോഡിന്റെ കിഴക്കുവശത്തോ വാഹനം പാര്‍ക്കുചെയ്യാം. 

ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന ഗവ. വാഹനങ്ങള്‍ സെക്രട്ടേറിയറ്റ് അനക്‌സ് - പ്രസ് ക്ലബ്- എസ്എംഎസ്എം ഇന്‍സ്റ്റിറ്റ്യൂട്ട് റോഡില്‍ പ്രസ് ക്ലബ്ബിനു മുന്‍വശം ഒഴിവാക്കി പാര്‍ക്കുചെയ്യാം. പാര്‍ക്കുചെയ്യുന്ന വാഹനങ്ങള്‍ ഡ്രൈവറോ, സഹായിയോ വണ്ടിയില്‍ ഉണ്ടായിരിക്കേണ്ടതും ഫോണ്‍ നമ്പര്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കേണ്ടതുമാണ്. ഫുട്പാത്തില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല. 

റോഡിന്റെ ഇരുവശത്തും പാര്‍ക്കുചെയ്യാന്‍ പാടില്ല. ബേക്കറി ജംക്ഷന്‍ - വാന്റോസ് ജംക്ഷന്‍ - ജേക്കബ് ജംക്ഷന്‍ - സെക്രട്ടേറിയറ്റ് ഗേറ്റ് റോഡില്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. ജനസമ്പര്‍ക്ക പരിപാടിക്കായി ജനങ്ങളെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള്‍ ആളെ ഇറക്കിയ ശേഷം ഈഞ്ചയ്ക്കല്‍ -കോവളം ബൈപാസ് റോഡില്‍ പാര്‍ക്കുചെയ്യണം. പരാതികളും നിര്‍ദേശങ്ങളും അറിയിക്കേണ്ട ഫോണ്‍: 1099, 94979 87001, 0471-2558731.