
ഈ വിജയത്തോടെ കേരളത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടി ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തന്റെ നേതൃത്വത്തിലാകും നേരിടുക എന്ന സന്ദേശവും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം ഉമ്മന്‍ ചാണ്ടി നല്‍കുന്നു.
പ്രീക്വാളിഫയിങ് റൗണ്ടായി വിശേഷിപ്പിച്ച് തന്റെ സര്‍ക്കാരിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന ധീരമായ പ്രഖ്യാപനത്തോടെയാണ് അരുവിക്കരയിലെ പ്രചാരണത്തിന് ഉമ്മന്‍ ചാണ്ടി തുടക്കമിട്ടത്. സോളാറും ബാര്‍കോഴയും കത്തിനില്‍ക്കെ ഈ പ്രഖ്യാപനം ഒരു സാഹസമായി പലരും വിലയിരുത്തി.
അതിരുകവിഞ്ഞ ആത്മവിശ്വാസം വിനയായാല്‍ സ്വന്തം കസേര പോലും തുലാസ്സിലാകുമെന്ന് അടുത്ത വിശ്വസ്തരും ഉമ്മന്‍ ചാണ്ടിയെ ധരിപ്പിച്ചിരുന്നു. പക്ഷേ ജി.കെയില്‍ വിശ്വാസമര്‍പ്പിച്ച അരുവിക്കരയിലെ ജനങ്ങളില്‍ ഉമ്മന്‍ ചാണ്ടിക്ക് വിശ്വാസമായിരുന്നു. പിറവത്തും, നെയ്യാറ്റിന്‍കരയിലും, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടി തന്റെ വിലയിരുത്തല്‍ എന്ന ഇതേ തുറുപ്പുചീട്ടാണ് ഇറക്കിയത്.
അരുവിക്കരയില്‍ ഒരുപടി കൂടി ഭരണത്തിനൊപ്പം പ്രതിപക്ഷത്തിന്റെയും വിലയിരുത്തലായിരിക്കുമെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചു. ഇത് ഏറ്റെടുക്കാനുള്ള ധൈര്യം പ്രതിപക്ഷനിരയില്‍ നിന്ന് ആരും കാണിച്ചില്ല. ഭരണവിരുദ്ധ വികാരം എന്ന ചര്‍ച്ചയിലേക്ക് എത്തുന്നതിന് ഒരുമുഴം മുമ്പെ നീട്ടിയെറിയുകയായിരുന്നു വിലയിരുത്തലെന്ന പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി.
എം. വിജയകുമാര്‍ എന്ന ജില്ലയിലെ ഏറ്റവും മുതിര്‍ന്ന സര്‍വസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തി മണ്ഡലം തിരിച്ചുപിടിച്ച് ഉമ്മന്‍ ചാണ്ടിയെ വീഴ്ത്താം എന്ന ഇടതുലലക്ഷ്യം പൂര്‍ണമായി പാളി.
മിനി ജനസമ്പര്‍ക്കം
14 ജില്ലകളിലായി നടന്ന ജനസമ്പര്‍ക്കം പൂര്‍ത്തിയാക്കി അരുവിക്കരയിലെത്തിയ ഉമ്മന്‍ ചാണ്ടി ഒരര്‍ഥത്തില്‍ ഒരു മിനിജനസമ്പര്‍ക്കം തന്നെ അവിടെ നടത്തി. യഥാര്‍ത്ഥത്തില്‍ അവിടെ മത്സരിച്ചത് ശബരീനാഥല്ല ഉമ്മന്‍ ചാണ്ടിയാണെന്ന് പറഞ്ഞാലും അത്ഭുതമില്ല. പ്രതിപക്ഷ നേതാക്കള്‍ പോലും ചര്‍ച്ചകളില്‍ അത് പരസ്യമായി പറയുകയും ചെയ്തു.
മിനി ജനസമ്പര്‍ക്കത്തിന് ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുത്ത മാര്‍ഗം കുടുംബയോഗങ്ങളായിരുന്നു. 120 ഓളം കുടുംബയോഗങ്ങളിലാണ് കേരളത്തിന്റെ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത്. ഇതുവഴി കുറഞ്ഞത് 25,000 പേരുമായി നേരിട്ട് അദ്ദേഹം സംവദിച്ചുവെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പറയുന്നു.

പൊതുയോഗങ്ങളില്‍ വി.എസ് ആളെകൂട്ടി കസറുമ്പോള്‍ ബഹളങ്ങളില്ലാതെ ഈ തന്ത്രത്തിലൂടെ ഉമ്മന്‍ ചാണ്ടി ജനങ്ങളെ വശത്താക്കി. 10 ശതമാനത്തോളം വരുന്ന ആദിവാസി, പട്ടികജാതി, പട്ടികവര്‍ഗ വോട്ടുകളിലായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ ഉന്നം.
നാളിതുവരെ ഒരു മുഖ്യമന്ത്രിയും കടന്നുചെന്നിട്ടില്ലാത്ത ആദിവാസി കോളനികളില്‍ നിന്നായിരുന്നു പ്രചാരണം തുടങ്ങിയത്. അവരോടൊപ്പം കപ്പയും ചമ്മന്തിയും കഴിച്ച് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേട്ട് പെരുമാറ്റച്ചടം നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ ഒന്നും ചെയ്യാനാകില്ല, വോട്ടെടുപ്പിന് ശേഷം പരിഹാരം ഉറപ്പ് നല്‍കിയായിരുന്നു അദ്ദേഹം കോളനികളില്‍ നിന്ന് കോളനികളിലേക്ക് നീങ്ങിയത്.
വോട്ടര്‍മാരെ നേരിട്ട് സമീപിച്ച് അവരവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നത് എത്രമാത്രം നിര്‍ണായകമാണെന്ന് ജനസമ്പര്‍ക്ക പരിപാടിയുടെ വിജയത്തിലൂടെ മനസ്സിലാക്കിയ ഉമ്മന്‍ ചാണ്ടിയോട് ആരും ഇതിന്റെ സ്വാധീനം പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ.
അതിജീവനത്തിന്റെ ആചാര്യന്‍
ഓരോ തവണയും പ്രതിസന്ധിഘട്ടങ്ങളെ ഉമ്മന്‍ ചാണ്ടി അതിജീവിച്ചത് പരിശോധിച്ചാല്‍ സാക്ഷാല്‍ ലീഡര്‍ കെ കരുണാകരനെ പോലും വെല്ലും എന്ന് മനസ്സിലാകും. മദ്യലോബിയുടെ ആളായി ചിത്രീകരിക്കപ്പെടുന്നിടത്ത് നിന്ന് ഏറ്റവും വലിയ മദ്യവിരുദ്ധനായി മാറിക്കൊണ്ട് സുധീരനെ വീഴ്ത്തിയ തന്ത്രം കണ്ട് കോണ്‍ഗ്രസ് രാഷ്ട്രീയം അമ്പരന്നത് കണ്ടതാണ്.
അഞ്ചാം മന്ത്രി വിവാദത്തില്‍ പ്രതിരോധത്തിലായപ്പോള്‍ ഒറ്റരാത്രികൊണ്ട് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരിനെ ഏല്‍പിച്ച് ചെന്നിത്തലയെ ഞെട്ടിച്ചതും മറ്റൊന്ന്. ചടലുമായ നീക്കങ്ങളും തന്ത്രവും മറുതന്ത്രവുമായി മുന്നേറുന്ന ചാണ്ടി ഇന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. അരുവിക്കരയില്‍ എല്ലാ സാമുദായിക സാമൂഹിക സംഘടനകളെയും വശത്താക്കിയാണ് ഉമ്മന്‍ ചാണ്ടി കളത്തിലിറങ്ങിയത്.
രാഷ് ട്രീയ ചര്‍ച്ചയിലേക്ക് വി.എസ് ചര്‍ച്ചയുടെ ഗതിമാറ്റിയപ്പോള്‍ ആന്റണിയെ ഉപയോഗിച്ച് അതിനെ വാക്‌പോരിലേക്ക് വളര്‍ത്തി. എല്‍.ഡി.എഫ് മൂന്നാം സ്ഥാനത്തായാലും അത്ഭുതപ്പെടാനില്ല എന്ന പ്രസ്താവന ഉമ്മന്‍ ചാണ്ടി എന്ന ചാണക്യബുദ്ധിയുടെ അറ്റകൈ പ്രയോഗമായിരുന്നു.

വികസനവും കരുതലും എന്ന മുദ്രാവാക്യം ഉയര്‍ത്തി അത് അരുവിക്കരയില്‍ ചര്‍ച്ചയാക്കുന്നതില്‍ അദ്ദേഹവും ടീമും വിജയിച്ചു. സോളാറും, സലിംരാജും, ബാര്‍ കോഴയും ഉന്നയിച്ച് ഈ മുദ്രാവാക്യത്തെ മറികടക്കാന്‍ പ്രതിപക്ഷം ശ്രമിച്ചപ്പോഴും നാല് വര്‍ഷത്തിനിടെ ആര്‍ക്കും അവഗണിക്കാനാകാത്ത ചില യാഥാര്‍ഥ്യങ്ങള്‍ ശേഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെടുത്താനും അദ്ദേഹത്തിനും ടീമിനും കഴിഞ്ഞു.
അരുവിക്കരയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വികസന വിഷങ്ങളില്‍ ഒന്ന് വിഴിഞ്ഞം പദ്ധതിയായിരുന്നു. രണ്ട് ദശാബ്ദത്തോളം ചര്‍ച്ചകളില്‍ മാത്രം കേട്ട ഒരു പദ്ധതി പ്രതിബന്ധങ്ങള്‍ അതിജീവിച്ച് നിര്‍മ്മാണഘട്ടത്തിലെത്തിക്കാന്‍ സര്‍ക്കാരിനായി. പദ്ധതി പൊതുമേഖലയില്‍ വേണമെന്ന് എല്‍.ഡി.എഫ് നിലപാടെടുത്തെങ്കിലും അത് വികസനവിരുദ്ധതയായി ചിത്രീകരിക്കുന്നതില്‍ യു.ഡി.എഫ് വിജയിച്ചു.
കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജുകള്‍, ആയിരം കോടിയുടെ കാരുണ്യസഹായം, ജനസമ്പര്‍ക്കം അടുത്തവര്‍ഷം ഇലക്ഷനില്‍ സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡില്‍ ഇതൊക്കെ പൂര്‍ണമാകുന്ന പദ്ധതികളായിരിക്കും.
ഇതിന് പുറമെ തിരുവനന്തപുത്തും, കൊച്ചിയിലും ലൈറ്റ് മെട്രോ പദ്ധതികളും ഒരുങ്ങുന്നു. സോളാര്‍, സരിത, ബാര്‍കോഴ തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടൊന്നും ഭരണം തിരിച്ചുപിടിക്കാനാകില്ലെന്ന് സി.പി.എമ്മിനും ചിന്തിക്കേണ്ടിവരും. 10 ലക്ഷം പേരെ പങ്കെടുപ്പിച്ച് വിലക്കയറ്റത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള സി.പി.എം തീരുമാനം ഈ ഘട്ടത്തില്‍ ശ്രദ്ധേയമാണ്.

മാസങ്ങള്‍ക്കപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ്. അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണതുടര്‍ച്ച എന്ന വലിയൊരു സ്വപ്‌നമാണ് ഉമ്മന്‍ ചാണ്ടി അരുവിക്കര വിജയത്തോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ മൂന്നിലൊന്ന് അംഗങ്ങളെ സംഭാവന ചെയ്തതോടെയാണ് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനും സ്വീകാര്യനാകുന്നത്.
അതുവരെ അവരുടെ ഗുഡ്ബുക്കിലില്ലായിരുന്നു ഉമ്മന്‍ ചാണ്ടി. എല്ലാ എതിര്‍ ഘടകങ്ങളെയും അതിജീവിച്ച് വിജങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഈ മുഖ്യമന്ത്രിയെ ഇനി അവര്‍ക്ക് അവഗണിക്കാനാകില്ല
(മനു കുര്യന്‍)