UDF

2015, മേയ് 21, വ്യാഴാഴ്‌ച

അങ്കം ഇനിയും ജയിക്കും; തീര്‍ച്ച


 വികസനത്തിന്റെയും കരുതലിന്റെയും വിജയകാഹളവുമായാണ് യു ഡി എഫിന്റെ മൂന്ന് മേഖലാ ജാഥകള്‍ കഴിഞ്ഞദിവസം ആരംഭിച്ചത്. നാല് വര്‍ഷത്തെ ഭരണനേട്ടങ്ങളുടെ പട്ടികയും പ്രതിപക്ഷ ആരോപണങ്ങളുടെ പൊള്ളത്തരങ്ങളും ജനമനസ്സുകളിലെത്തിക്കുകയാണ് മേഖലാ ജാഥകളുടെ ലക്ഷ്യം.

 യു ഡി എഫ് രാഷ്ട്രീയത്തില്‍ ഉരുണ്ടുകൂടിയ കാറും കോളും പെട്ടെന്ന് മാഞ്ഞു. തികച്ചും ശാന്തവും പ്രസന്നവുമായ അന്തരീക്ഷത്തിലായിരുന്നു മൂന്നു ജാഥകളുടെയും തുടക്കം. ഐക്യജനാധിപത്യമുന്നണി ശിഥിലമായെന്നും മന്ത്രിസഭ തകര്‍ന്നെന്നും പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു യു ഡി എഫിന്റെ പൊടുന്നനെയുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പും ഊര്‍ജ്ജസ്വലമായ തേരോട്ടവും. എല്ലാ തര്‍ക്കങ്ങളോടും വിട ചൊല്ലിക്കൊണ്ടും തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് തെളിയിച്ചുകൊണ്ടും അരയും തലയും മുറുക്കി രംഗത്ത് വന്ന അണികളെയാണ് എങ്ങും കാണാനുള്ളത്. 

കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ നാല് പതിറ്റാണ്ടിന്റെ നേട്ടങ്ങളുണ്ടാക്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തികഞ്ഞ സംതൃപ്തിയോടെയും അതിലേറെ ആത്മവിശ്വാസത്തോടെയുമാണ് അവസാന റൗണ്ടിലേക്ക് പ്രവേശിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയും അഞ്ചാം വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്ത യു ഡി എഫ് സര്‍ക്കാര്‍ ഒരു ഭരണതുടര്‍ച്ചയ്ക്ക് വേണ്ടിയാണ് കച്ചമുറുക്കി അങ്കത്തിനിറങ്ങിയിരിക്കുന്നത്. അധികാരമേറ്റ ആദ്യനാളില്‍ തന്നെ ഒരു രൂപയ്ക്ക് അരി എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം കാലതാമസം കൂടാതെ നടപ്പാക്കി യു ഡി എഫ് സര്‍ക്കാര്‍ ആത്മാര്‍ത്ഥത തെളിയിച്ചു. അരി നല്‍കുന്നതില്‍ മാത്രമല്ല നാടിന്റെ മുഖഛായ മാറ്റുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജയം കൈവരിച്ചു. കൊച്ചി മെട്രോയും, സ്മാര്‍ട്ട്‌സിറ്റിയും വിഴിഞ്ഞം പദ്ധതിയും തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മികവിന്റെ പൊന്‍തൂവലുകളായി മാറാന്‍ ഇനി മാസങ്ങള്‍ മാത്രം മതി. 

എല്ലാം നശിക്കുകയും നശിപ്പിക്കുകയും ചെയ്ത വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്നും അധികാരം ഏറ്റെടുക്കുമ്പോള്‍ കേരളം ശ്മശാന സമാനമായ അവസ്ഥയിലായിരുന്നു. സി പി എമ്മിനകത്തെ വിഭാഗീയതയുടെ തിക്തഫലങ്ങള്‍ ഏറെയും അനുഭവിച്ചത് കേരളത്തിന്റെ വികസന മേഖലയായിരുന്നു. കര്‍ഷകരും കര്‍ഷക തൊഴിലാളികളും വ്യവസായ തൊഴിലാളികളും തൊഴിലില്ലാത്ത ദിനങ്ങളുടെ നരകയാതനകള്‍ അനുഭവിച്ച ആ കാലം ആര്‍ക്കും മറക്കാനാവില്ല. കേരളത്തിന്റെ ഉല്‍പാദന- ഉപഭോഗ പ്രത്യേകത കൊണ്ടു മുതല്‍ മുടക്കാന്‍ സന്നദ്ധരായെത്തുന്ന സംരംഭകരെ കുത്തുപാളയെടുപ്പിച്ചു അടിച്ചോടിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തൊഴില്‍ നയം അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്തും ആവര്‍ത്തിച്ചു. 

ഓടിപ്പോയ സംരംഭകരെ തിരികെ കൊണ്ടുവന്നു കേരളത്തിന്റെ വ്യവസായ മേഖല സംരക്ഷിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍ പ്രകടിപ്പിച്ച പ്രതിബദ്ധത ഇക്കാലത്ത് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്.  ഭാവിയുടെ വാഗ്ദാനങ്ങളായ യുവാക്കളെ നാടിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് പദ്ധതി ഏറെ ശ്രദ്ധേയമായി. ചികിത്സാ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന പാവങ്ങളെ സഹായിക്കാന്‍ നടപ്പാക്കിയ കാരുണ്യ പദ്ധതി മികച്ച ഫലങ്ങളുളവാക്കുകയും പതിനായിരങ്ങള്‍ക്ക് സാന്ത്വനമാവുകയും ചെയ്തു. നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കാന്‍ സാധിച്ചത് ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ മഹനീയ നേട്ടങ്ങളാണ്. 

വിവാദഭരിതമായിരുന്നുവെങ്കിലും സാമൂഹിക നന്മയെ ലക്ഷ്യം വെച്ചുള്ള മദ്യനയം നടപ്പാക്കിയതും യു ഡി എഫ് സര്‍ക്കാരിന്റെ ശ്ലാഘനീയമായ നടപടിയാണ്. നിര്‍ദ്ദിഷ്ട ഐ ഐ ടി, സാങ്കേതിക സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവ യു ഡി എഫിന്റെ വിദ്യാഭ്യാസ രംഗത്തെ അഭിമാന ചിഹ്നങ്ങളാണ്. കാര്‍ഷിക മേഖലകളിലും ഉണര്‍വിന്റെ നാളുകളാണ് യു ഡി എഫ് സമ്മാനിച്ചത്. ഏത് മുന്നണിയില്‍ ആര് ആഭ്യന്തര വകുപ്പ് മന്ത്രിയായാലും കുരിശേന്തുന്നതിന് തുല്യമായിരുന്നത്. കല്ലേറേല്‍ക്കാത്ത ഒരു പൊലീസ് മന്ത്രിയും കേരളത്തിലുണ്ടായിട്ടില്ല. സശ്രദ്ധവും സുരക്ഷിതവുമായ പൊലീസ് നയത്തിലൂടെ യു ഡി എഫ് സര്‍ക്കാര്‍ മുക്തകണ്ഠ പ്രശംസ പിടിച്ചെടുത്തു. വിജിലന്റ് കേരള, ഓപ്പറേഷന്‍ സുരക്ഷ, സ്ത്രീ സുരക്ഷ, ഓപ്പറേഷന്‍ കുബേര, ലഹരി മുക്ത വിദ്യാലയം തുടങ്ങിയ ആഭ്യന്തരവകുപ്പിന്റെ ഭാവനാ പൂര്‍ണമായ പദ്ധതികള്‍ പൊലീസിന് ഒരു സാമൂഹിക പ്രതിബദ്ധതാ പരിവേഷം സൃഷ്ടിച്ചു. 

എണ്ണിപ്പറയാന്‍ നേട്ടങ്ങള്‍ ഇനിയുമുണ്ട്. പിന്നിട്ട നാളുകളിലെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങള്‍ ഊര്‍ജ്ജമാക്കിക്കൊണ്ട് വരാനിരിക്കുന്ന ഒരു വര്‍ഷത്തില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് യു ഡി എഫ് ജനങ്ങളുടെ അംഗീകാരത്തിനും അനുഗ്രഹത്തിനും വേണ്ടി കൈനീട്ടുകയാണ്. അനാവശ്യമായ വിവാദങ്ങളെയും ആരോപണങ്ങളെയും ജനസമക്ഷം തുറന്നുകാട്ടി യഥാര്‍ത്ഥ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാനും ജനങ്ങളെ ബോധ്യപ്പെടുത്താനും സാധിച്ചാല്‍ യു ഡി എഫ് ഒന്നല്ല; നിരവധി അങ്കങ്ങള്‍ ഇനിയും ജയിക്കും തീര്‍ച്ച.