UDF

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

പുതുക്കിയ വീട്ടുനികുതി ഒഴിവാക്കി


വീട്ടുനികുതിയില്‍ യു.ഡി.എഫ്. ശുപാര്‍ശകള്‍ക്ക് അംഗീകാരം


 രണ്ടായിരം ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധന പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വാസഗൃഹങ്ങളെ വീട്ടുനികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ഇതുസംബന്ധിച്ച യു.ഡി.എഫ് നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

മന്ത്രിസഭാ തീരുമാനത്തോടെ 2015 ഏപ്രില്‍ ഒന്നിന് മുമ്പുള്ള നികുതിയിലേക്ക് തിരികെപ്പോകും. വര്‍ധിപ്പിച്ച നികുതി അടച്ചവര്‍ക്ക് അടുത്തവര്‍ഷത്തെ നികുതിയില്‍ അത് തട്ടിക്കിഴിച്ച് കുറവ് വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് നികുതി വര്‍ധന വരും. പക്ഷേ ഇത് നിലവിലുള്ളതിന്റെ 25 ശതമാനത്തിലധികമാകരുത്. 

കെട്ടിടം വിപുലീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നികുതി നല്‍കണം. എന്നാല്‍, ഇത് പഴയ നിരക്കിന് ആനുപാതികമായി മതി. ഉദാഹരണത്തിന് ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 500 രൂപയായിരുന്നു നേരത്തേയുണ്ടായിരുന്ന നികുതിയെന്ന് കരുതുക. ആയിരം ചതുരശ്ര അടിയുടെ കൂടി വിപുലീകരണം നടന്നിട്ടുണ്ടെങ്കില്‍ ഇനി നികുതി 1000 രൂപയായിരിക്കും. 

വാണിജ്യവ്യവസായ കെട്ടിടങ്ങളുടെ വാര്‍ഷിക നികുതിയുടെ വര്‍ധന നേരത്തേ നിലവിലുണ്ടായിരുന്നതിന്റെ ഇരട്ടിയിലധികമാകരുതെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. 

660 ചതുരശ്ര അടി വരെ വിസ്തീര്‍ണമുള്ള വീടുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതിന് 2015 ഏപ്രില്‍ മുതലാണ് പ്രാബല്യം.