UDF

2015, മേയ് 18, തിങ്കളാഴ്‌ച

ഭരണത്തുടര്‍ച്ച നിശ്ചയം


സര്‍ക്കാറിന്റെ നാലാം വാര്‍ഷികം പ്രമാണിച്ചുള്ള അഭിമുഖങ്ങള്‍ക്ക് തിരക്കുകാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമയം കണ്ടെത്തിയത് യാത്രയിലാണ്. കോട്ടയത്തുനിന്ന് ഒരു പത്രത്തിന്റെ ലേഖകനെ കൊട്ടാരക്കരവരെ ഒപ്പംകൂട്ടി സംസാരിച്ചു. അദ്ദേഹത്തെ അവിടെയിറക്കി 'മാതൃഭൂമി' ലേഖകൻ  അനീഷ് ജേക്കബിനെ തിരുവനന്തപുരത്തേക്കു കൂട്ടി. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍നിന്ന്: 

''കേരളത്തെക്കുറിച്ച് എനിക്കൊരു സ്വപ്നമുണ്ട്. മൂന്നു കാര്യങ്ങളാണതിലുള്ളത്. 
1. വിദ്യാഭ്യാസരംഗത്ത് കേരളത്തെ അന്താരാഷ്ട്രകേന്ദ്രമാക്കി മാറ്റുക. 
2. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുക. 
3. ചുവപ്പുനാടയില്‍നിന്നുള്ള മോചനത്തിനും നടപടികള്‍ വേഗത്തിലാക്കാനും ഇഗവേണന്‍സ് സംവിധാനം എല്ലാത്തലത്തിലും കൊണ്ടുവരിക'' അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണത്തുടര്‍ച്ച നഷ്ടപ്പെടുന്ന പതിവാണുള്ളത്. അജന്‍ഡകള്‍ വരുംസര്‍ക്കാറുകള്‍ ഏറ്റെടുക്കണമെന്നുണ്ടോ?

യു.ഡി.എഫ്. സര്‍ക്കാറിന്റെ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനവും പ്രതിപക്ഷനിലപാടും വിലയിരുത്തുന്ന ജനങ്ങള്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല. കേരളം എത്ര അനുഗ്രഹിക്കപ്പെട്ട നാടാണ്. സംസ്ഥാനമാകെതന്നെ ഒരു വിനോദസഞ്ചാകേന്ദ്രമാണ്. 365 ദിവസവും ഒരേ വേഷംതന്നെ ധരിച്ച് നമുക്കു ജീവിക്കാം. നെടുനീളെയുള്ള തീരദേശം, അക്ഷയഖനിയായി അറേബ്യന്‍ കടല്‍, വിദ്യാഭ്യാസമുള്ള ജനങ്ങള്‍. എന്നാല്‍ എത്രയോ അവസരങ്ങള്‍ നാം കളഞ്ഞുകുളിച്ചു. വികസനകാര്യങ്ങളിലുള്ള നിഷേധസമീപനമാണ് നമ്മെ തളച്ചിട്ടത്. യാഥാര്‍ഥ്യബോധത്തോടെയുള്ള വികസനകാഴ്ചപ്പാടാണ് യു.ഡി.എഫിനുള്ളത്. അതാണ് ആത്മവിശ്വാസം. 

നാലുവര്‍ഷം പിന്നിടുമ്പോള്‍ 'വികസനവും കരുതലും' എന്ന മുദ്രാവാക്യം എത്രത്തോളം വിജയിച്ചുവെന്നാണു വിലയിരുത്തല്‍? 

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. എന്നാല്‍, സംതൃപ്തിയുണ്ട്. വികസനത്തിനും കരുതലിനും തുല്യപ്രാധാന്യം നല്‍കിയുള്ള സമീപനമാണ് ആദ്യംമുതല്‍ സ്വീകരിച്ചത്. മുമ്പ് സംസ്ഥാനലോട്ടറി അറിയപ്പെട്ടിരുന്നത് സാന്റിയാഗൊ മാര്‍ട്ടിന്റെ പേരിലായിരുന്നു. കേന്ദ്രനിയമം മാറാതെ ഈ സ്ഥിതി മാറില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രിയുടെ ന്യായം. എന്നാല്‍, നിയമം മാറാതെതന്നെ സംസ്ഥാനലോട്ടറി കാരുണ്യയുടെ പേരിലറിയപ്പെട്ടു. 701 കോടി രൂപ പാവങ്ങള്‍ക്ക് ഇതിനോടകം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 450 കോടിയിലധികം നല്‍കി. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു. ആരോഗ്യപരിരക്ഷാ പദ്ധതി. ഒരുരൂപയ്ക്ക് അരി നല്‍കി. 36,000ലധികം പേര്‍ക്ക് ഭൂമി. 

വികസനനേട്ടം ചെറുതല്ല. കൊച്ചി മെട്രൊ 2016 ജൂണിലോടും. സ്മാര്‍ട്ട്‌സിറ്റി ആദ്യഘട്ടം ജൂണില്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ ആദ്യവിമാനം ഡിസംബര്‍ 31നിറങ്ങും. വിഴിഞ്ഞം പദ്ധതിക്ക് കരാറാകുന്നു. തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോയ്ക്ക് തുടക്കമാകും. 900 സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍. 173 നീര ലൈസന്‍സുകള്‍. ഒമ്പത് മെഡിക്കല്‍ കോളേജുകള്‍. ഉന്നതവിദ്യാഭ്യാസസ്ഥാപനമില്ലാത്ത എല്ലാ മണ്ഡലത്തിലും ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍. 1970 കോടിയുടെ ബൈപാസുകള്‍. 400 ദിവസംകൊണ്ട് 100 പാലം. മലയാളം സര്‍വകലാശാല, ഐ.ഐ.ടി.ക്ക് അംഗീകാരം, പ്രവാസിവോട്ടവകാശം, അഭിമാനകരമായ ദേശീയ ഗെയിംസ്, 3000 കോടിയുടെ ജപ്പാന്‍ കുടിവെള്ളപദ്ധതി, അധ്യാപക പാക്കേജ്.

വന്‍കിടപദ്ധതികള്‍ മുന്നോട്ടുപോകുമ്പോഴും ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നു. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരുടെ ദുരവസ്ഥ. കരാറുകാരുടെ കുടിശ്ശിക. മുന്‍ഗണനാക്രമത്തില്‍ മാറ്റംവേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍നിന്നുതന്നെ ഉയരുന്നുമുണ്ട്... 
ക്ഷേമപെന്‍ഷനുകള്‍ ഇടയ്ക്കു മുടങ്ങിയെന്ന കാര്യം ശരിയാണ്. അതൊരിക്കലും ശരിയായ നടപടിയുമല്ല. ഇതൊഴിവാക്കാനാണ് ക്ഷേമപെന്‍ഷനുകള്‍ ഇനിമുതല്‍ ബാങ്കുവഴിയാക്കുന്നത്. കെ.എസ്.ആര്‍.ടി.സി. പുനരുദ്ധരിക്കും. നെല്‍ക്കര്‍ഷകര്‍ക്കുള്ള കുടിശ്ശിക മാര്‍ച്ച് വരെ നല്‍കി. ബാക്കി ഉടന്‍ നല്‍കും. 

സംതൃപ്തി നല്‍കിയ പദ്ധതികളേതാണ്? അതുപോലെ ആഗ്രഹിച്ചിട്ടും നടക്കാതെപോയതും?

തൃപ്തി നല്‍കിയത് മൂന്നു കാര്യങ്ങളാണ്: 1. ബധിരമൂക കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്ന കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ചെലവില്‍ നടത്തി, അവര്‍ക്ക് മറ്റുള്ളവരെപ്പോലെയാകാന്‍ ഇടവന്നതാണ് ഏറ്റവും തൃപ്തി നല്‍കിയത്. 2. വിദ്യാര്‍ഥിസംരംഭകത്വപദ്ധതിയാണടുത്തത്. 3000ല്‍പ്പരം ആശയങ്ങളാണു വന്നത്. 900ലധികം കമ്പനികള്‍ ചെറുപ്പക്കാര്‍ തുടങ്ങി. മുമ്പ് ഒരു ഡിഗ്രി സമ്പാദിക്കുക, ജോലിനേടുക അഥവാ ഗള്‍ഫില്‍പ്പോവുകയെന്നതായിരുന്നു സ്വപ്നം. ഇന്നിപ്പോള്‍ ചെറുപ്പക്കാര്‍തന്നെ തൊഴില്‍ദാതാക്കളാകുന്നു. 3. നീര യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. കേരത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തില്‍ തെങ്ങുകര്‍ഷകര്‍ ദുരിതത്തിലാകുന്നത് എന്തൊരു വൈരുധ്യമാണ്. ഇതോടെ പ്രതിമാസം 900 രൂപ ശരാശരി വരുമാനം ഒരു തെങ്ങില്‍നിന്ന് ലഭിക്കുന്നു. 

വേണ്ടത്ര വിജയിക്കാഞ്ഞത് രണ്ടുകാര്യത്തിലാണ്: 1. വിലക്കയറ്റം തടയുന്നത്. 2. മാലിന്യസംസ്‌കരണം.

ഇത്രയധികം നേട്ടങ്ങള്‍ പറയാനുണ്ടാകുമ്പോഴും അഴിമതിയാരോപണങ്ങള്‍ ഇവയുടെ ശോഭ കെടുത്തുന്നില്ലേ? 

അഴിമതിയാരോപണങ്ങള്‍ ബാധിക്കില്ല. കാരണം അതിലൊന്നും ഒരടിസ്ഥാനവുമില്ല. സോളാര്‍ കേസില്‍ എന്തൊക്കെ ആരോപണങ്ങളായിരുന്നു. ഒരുപൈസയുടെ ആനുകൂല്യം അവര്‍ക്കു നല്‍കിയില്ല. സര്‍ക്കാരിന് ഒന്നും നഷ്ടപ്പെട്ടുമില്ല. ഇപ്പോള്‍ ആരോപണമുന്നയിച്ചവരെ നോട്ടീസയച്ചാണ് കമ്മീഷന്‍ വിളിക്കുന്നത്. അവിടെച്ചെന്നു പറയാന്‍ അവര്‍ക്കൊന്നുമില്ലതാനും. ദേശീയ ഗെയിംസില്‍ എന്തായിരുന്നു ബഹളം. അന്വേഷണംവന്നപ്പോള്‍ എന്തെങ്കിലും കണ്ടെത്തിയോ... 

ബാര്‍ കോഴ കേസ് അത്രയും ലളിതമാണോ?

ഒരു മന്ത്രിക്കെതിരായ അന്വേഷണം ഇത്രയും ദീര്‍ഘമായും ഇടപെടലില്ലാതെയും നടന്നിട്ടുണ്ടോ. അന്വേഷണത്തെക്കുറിച്ചാര്‍ക്കും പരാതിയില്ല. പത്രങ്ങളില്‍നിന്നുള്ള വിവരംെവച്ച് മന്ത്രി മാണിക്കെതിരെ ഒരു മൊഴിയും ഇതുവരെ വന്നിട്ടുമില്ല. 

അന്വേഷണം നീളുന്നതില്‍ കേരള കോണ്‍ഗ്രസിനാണു പരാതി.

അവരുടെ പരാതി ന്യായമാണ്. ഇത്രയും നീണ്ടതിലാണു പരാതി. എന്നാല്‍, അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നേയില്ല.

അഴിമതിക്കെതിരെ എ.കെ. ആന്റണിക്കുപോലും സംസാരിക്കേണ്ടിവന്നു...

എ.കെ. ആന്റണി ഒരു സര്‍വീസ് സംഘടനയുടെ വാര്‍ഷികത്തിനു നടത്തിയ പ്രസംഗമാണ്. അത് സമൂഹത്തിലുണ്ടാകുന്ന അഴിമതിക്കെതിരെ ജാഗ്രതപാലിക്കണമെന്ന നിര്‍ദേശമാണ്. അല്ലാതെ ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ചല്ല.

കോണ്‍ഗ്രസ്സുകാര്‍തന്നെയാണ് അതും വിവാദമാക്കിയത്.

വിവാദങ്ങളെ കാര്യമാക്കാതെ മുന്നോട്ടുപോവുകയെന്നതാണ് സര്‍ക്കാര്‍നയം. നമ്മള്‍ തീരുമാനിച്ച കാര്യങ്ങള്‍ ചെയ്യാന്‍ വിവാദങ്ങള്‍ തടസ്സമായിട്ടില്ല. എന്റെയൊരു കാഴ്ചപ്പാട്, സര്‍ക്കാറെന്നത് ഉന്നതമായ ഒരോഫീസും അതിന്റെ നടത്തിപ്പുമല്ല. സര്‍ക്കാര്‍ എന്റേതാണെന്നും എന്റെ ആവശ്യത്തിന് സര്‍ക്കാറുണ്ടാകുമെന്നുമുള്ള തോന്നല്‍ എല്ലാവരിലുമുണ്ടാകണം. ഏറ്റവും ദുര്‍ബലരായവര്‍ക്കുപോലും സര്‍ക്കാറിനെ അനുഭവത്തിലറിയാന്‍ കഴിയണം. ഇറാഖിലും യെമനിലും ലിബിയയിലും നേപ്പാളിലും പ്രശ്‌നമുണ്ടായപ്പോള്‍ ഇടപെട്ടത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. 

ജനസമ്പര്‍ക്കപരിപാടി പ്രതിസന്ധികളെ നേരിടാനുള്ള ഒറ്റമൂലിയായി വിലയിരുത്തപ്പെടുന്നുണ്ട്...

സര്‍ക്കാരിനെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യമാണതിനുള്ളത്. ഒരു ജില്ലയില്‍ പരമാവധി 30,000 പേരായിരിക്കാം അതിനപേക്ഷനല്‍കുന്നത്. എന്നാല്‍, അതു നല്‍കുന്ന സന്ദേശം വലുതാണ്. ഒഴിവാക്കാവുന്ന നൂലാമാലകള്‍വിട്ട് സര്‍ക്കാര്‍സേവനം ലഭ്യമാക്കാന്‍ 50ല്‍പ്പരം വ്യവസ്ഥകളില്‍ മാറ്റം കൊണ്ടുവന്നു. ജനസമ്പര്‍ക്കത്തിലൂടെ ലഭിച്ച അറിവിന്റെ അടിസ്ഥാനത്തിലാണതു ചെയ്തത്. 

വിവാദങ്ങളാണോ യു.ഡി.എഫിന്റെ ദൗര്‍ബല്യം?

ഒരു പാര്‍ട്ടിയുടെയും മേല്‍ക്കോയ്മ യു.ഡി.എഫിലില്ല. അതാണു മുന്നണിയുടെ ശക്തി. അതിനു കോട്ടംവന്നാല്‍ അതാണു ദൗര്‍ബല്യം. 

ഇപ്പോഴത്തെ എല്‍.ഡി.എഫിന്റെ ഘടനവെച്ച് അവര്‍ക്ക് ഒരു തിരഞ്ഞെടുപ്പ് വിജയിക്കാനാകുമോ? യു.ഡി.എഫില്‍നിന്ന് കക്ഷികളെ അടര്‍ത്താനുള്ള അവരുടെ ശ്രമം എത്രത്തോളം ഗൗരവമുള്ളതാണ്?

യു.ഡി.എഫില്‍നിന്നു കക്ഷികളെ ലക്ഷ്യമിടുന്നത് അവരുടെ ആത്മവിശ്വാസക്കുറവിനെയാണു കാണിക്കുന്നത്. യു.ഡി.എഫില്‍നിന്ന് ആരും പോകില്ല. 

യു.ഡി.എഫിലേക്ക് പുതിയ കക്ഷികള്‍ വരുമോ?

രണ്ടു സീറ്റിന്റെ ഭൂരിപക്ഷം മാത്രമുണ്ടായിരുന്നപ്പോഴും ഞങ്ങളാരെയും ചാക്കിട്ടുപിടിച്ചില്ല. സെല്‍വരാജ് സ്വയം വന്നതാണ്. അദ്ദേഹം രാജിെവച്ചശേഷമാണ് ഞങ്ങളുമായി ചര്‍ച്ചനടക്കുന്നത്. ജനതാദള്‍ സ്വയം എല്‍.ഡി.എഫ്. വിട്ടതാണ്. ആര്‍.എസ്.പി.യും അങ്ങനെതന്നെ. ഇടതുമുന്നണിയുടെ ദൗര്‍ബല്യത്തിലല്ല, ഞങ്ങളുടെ ശക്തിയിലാണ് ഞങ്ങള്‍ക്കു വിശ്വാസം.

ഇത്രയും ആത്മവിശ്വാസമുള്ള താങ്കള്‍ വീണ്ടും മുഖ്യമന്ത്രിയാകുമോ?

അതൊരു പ്രശ്‌നമേയല്ല. യു.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിക്കുമെന്നതാണു കാര്യം. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡും എം.എല്‍.എ.മാരും ചേര്‍ന്ന് നിശ്ചയിക്കും. 

കോണ്‍ഗ്രസില്‍നിന്ന് ഇപ്പോള്‍ത്തന്നെ നേതൃമാറ്റമെന്ന ആവശ്യം പരോക്ഷമായിട്ടെങ്കിലുമുയരുന്നുണ്ട്.

അതൊന്നുമില്ല. ആരുമതിനെ അനുകൂലിക്കുന്നുമില്ല. ഞാനും രമേശും തമ്മില്‍ നല്ല ബന്ധമാണ്.

നാലുവര്‍ഷവും സര്‍ക്കാറിനെ ബുദ്ധിമുട്ടിച്ചത് പ്രതിപക്ഷമായിരുന്നോ ഭരണപക്ഷത്തെ പ്രതിപക്ഷശബ്ദങ്ങളായിരുന്നോ?

കോണ്‍ഗ്രസില്‍നിന്നും മുന്നണിയില്‍നിന്നും ഞാനര്‍ഹിക്കുന്നതിനെക്കാള്‍ പിന്തുണ എനിക്കു കിട്ടി. ഘടകകക്ഷികള്‍ പരിധിവിട്ട ഒരു സമ്മര്‍ദവും ചെലുത്തിയില്ല. മന്ത്രിസഭായോഗത്തില്‍ ഭിന്നതയേയില്ല. എന്തെങ്കിലും തിരുത്തലുകള്‍ ഞാന്‍ നിര്‍ദേശിച്ചാല്‍ അവരതുള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട്. 

സര്‍ക്കാറിനെതിരെ പ്രതിപക്ഷം കിട്ടുന്നതെല്ലാം ആയുധമാക്കുമ്പോള്‍ എളമരം കരീമിനെതിരെയുള്ള കോഴയാരോപണം, വി.എസ്സിന്റെ മകനെതിരായ വിജിലന്‍സ് അന്വേഷണം തുടങ്ങിയ കാര്യങ്ങളില്‍ യു.ഡി.എഫ്. മൃദുസമീപനമാണു കൈക്കൊള്ളുന്നതെന്നു വിമര്‍ശമുണ്ട്.

പ്രതികാരരാഷ്ട്രീയം ഞങ്ങള്‍ക്കില്ല. ഇങ്ങനെയുള്ള കാര്യങ്ങളില്‍ നിയമപരമായ നടപടികളില്‍പ്പോലും വേണ്ടത്ര മുന്നോട്ടുപോയിട്ടില്ലെന്ന വിമര്‍ശമുണ്ട്. 

കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടായപ്പോള്‍ കേരളത്തോടുള്ള സമീപനത്തില്‍ മാറ്റംവന്നോ?


രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയില്ല. പ്രധാനമന്ത്രി മോദിയുമായി വ്യക്തിപരമായി നല്ല ബന്ധമാണ്. 

അങ്ങയുടെ സ്വന്തംസഭയായ ഓര്‍ത്തഡോക്‌സ് വിഭാഗം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്?


സഭയ്ക്ക് അങ്ങനെയൊരു നിലപാടെടുക്കാനുള്ള അവകാശമുണ്ടാകും. അതിനുള്ള ന്യായങ്ങളും കണ്ടേക്കാം. സര്‍ക്കാര്‍ എന്ന നിലയില്‍ എല്ലാവരോടും നീതിപുലര്‍ത്തണമെന്ന ആഗ്രഹത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ വ്യത്യസ്തസമയത്ത് സര്‍ക്കാറിനോടു പ്രതിഷേധിച്ചിട്ടുണ്ട്. പാത്രിയര്‍ക്കീസ് ബാവയെ സ്വീകരിക്കാന്‍ പോയത് പണ്ടേയുള്ള പതിവനുസരിച്ചാണ്. മുമ്പും മുഖ്യമന്ത്രിമാര്‍ അങ്ങനെയാണു ചെയ്തിരിക്കുന്നത്. അന്നൊന്നും പ്രശ്‌നമുണ്ടായില്ലല്ലോ.