UDF

2015, ഏപ്രിൽ 20, തിങ്കളാഴ്‌ച

കരുതല്‍ 2015: ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി


  പരാതികള്‍ക്കു പരിഹാരം തേടിയെത്തുന്ന നാലായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ പന്തല്‍, അംഗപരിമിതിയുള്ളവരെ വേദിയിലെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സൗകര്യം, തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് എത്താന്‍ കെഎസ്ആര്‍ടിസി വക പ്രത്യേക ഷട്ടില്‍ സര്‍വീസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയം ഒരുങ്ങി. സഹായം വേദിയില്‍ തന്നെ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ കൈവശം സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. 4000 പേര്‍ക്കിരിക്കാവുന്ന വിശാലമായ പന്തലാണു പരിപാടിക്കായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തയാറാക്കിയിരിക്കുന്നത്. 

പന്തലിന്റെ പണി വൈകിട്ടോടെ പൂര്‍ത്തിയായി. പ്രധാനവേദിക്കു ചുറ്റുമായി വിവിധ വകുപ്പുകളുടെ കൗണ്ടറുകളും താലൂക്ക് തിരിച്ചുള്ള കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ 2000ലേറെ ജീവനക്കാരും പരിപാടിയുടെ വിജയത്തിനായി ഇന്നലെ മുതല്‍ രംഗത്തുണ്ട്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി രണ്ടു ഷിഫ്റ്റുകളിലായി എണ്ണൂറിലേറെ പൊലീസുകാരുടെ സേവനവുമുണ്ടാകും. പരിപാടിക്ക് എത്തുന്നവരുടെ  സൗകര്യാര്‍ഥം രാവിലെ മുതല്‍ തമ്പാനൂരില്‍ നിന്നു സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കു കെഎസ്ആര്‍ടിസിയുടെ പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കും. പരാതിയുമായി എത്തുന്നവര്‍ക്കുള്ള ആരോഗ്യസേവനങ്ങള്‍ക്കും മികച്ച സൗകര്യം ഒരുക്കിയിട്ടുണ്ട്. 

സ്‌പെഷ്യല്‍റ്റി ഡോക്ടര്‍മാരെ കൂടാതെ രണ്ട് എന്‍ആര്‍എച്ച്എം ഡോക്ടര്‍മാരുമടക്കം ഒരുസമയം 10 പേരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തിക്കും. രണ്ടു കിടക്കകളും അത്യാവശ്യ ചികില്‍സകള്‍ നല്‍കാന്‍ കൗണ്ടറില്‍ സജ്ജമാക്കിയിട്ടുണ്ട്. നാലു 108 ആംബുലന്‍സുകളും ആറു മറ്റ് ആംബുലന്‍സുകളും അടിയന്തര ആവശ്യങ്ങള്‍ക്കായി വേദിക്കരികില്‍ ഉണ്ടാകും. കൂടാതെ സൗജന്യ മെഡിക്കല്‍ ക്യാംപും വേദിക്കരികിലായി പ്രവര്‍ത്തിക്കും. ദുരിതാശ്വാസനിധിയില്‍ നിന്നു തുക അനുവദിച്ചവര്‍ക്കു സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന അതത് താലൂക്ക് കൗണ്ടര്‍ മുഖേന തുക നല്‍കും. 

അക്കൗണ്ടില്‍ മാറാവു ക്രോസ്ഡ് ചെക്കുകളാണു നല്‍കുക. അതിനാല്‍ തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണം. പുതിയ പരാതിയുമായി വരുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അപേക്ഷ സമര്‍പ്പിച്ചവരും ആധാര്‍ കാര്‍ഡ് കൊണ്ടുവരണം.  അതില്ലാത്തപക്ഷം മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെത്തി.  

കലക്ടര്‍ ബിജു പ്രഭാകര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എച്ച്. വെങ്കിടേഷ്, സബ് കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയന്‍, എഡിഎം: വി.ആര്‍. വിനോദ് തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായി. ഇന്നു രാവിലെ ഒന്‍പതിനു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരുതല്‍ 2015 ഉദ്ഘാടനം ചെയ്യും. റവന്യു മന്ത്രി അടൂര്‍ പ്രകാശ്, മേയര്‍ കെ. ചന്ദ്രിക എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.