UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

PSC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
PSC എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2021, മാർച്ച് 3, ബുധനാഴ്‌ച

യുവാക്കളുടെ അവകാശങ്ങളെ അടിച്ചമർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യപരമായി നേരിടും

 

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുമാസമായി നടത്തിവരുന്ന "ഹം ചലേ" യുവജന പദയാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ പാലക്കാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ "ഹം ചലേ" എന്ന 83 കിലോമീറ്റർ ദൂരം യുവജന പദയാത്രയിൽ പങ്കാളികളായ ഏവരെയും അഭിനന്ദിക്കുന്നു..

കേരളത്തിലെ യുവാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസ് ഇന്ന് തെരുവിലാണ്. ജനാധിപത്യ മര്യാദകൾ പാലിച്ച് കൊണ്ട് പ്രതിഷേധിക്കുന്ന ചെറുപ്പക്കാരുടെ ശബ്ദം സർക്കാർ കേൾക്കുന്നില്ല. ന്യായമായ അവകാശങ്ങളെ അടിച്ചമർത്താനാണ് ഇടതുസർക്കാർ ശ്രമിക്കുന്നതെങ്കിൽ ജനാധിപത്യപരമായി നേരിടും.

ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷയായിരുന്ന പി എസ് സി യുടെ വിശ്വാസ്യത തകർത്തു. ഇടതു സർക്കാർ ചെറുപ്പക്കാരെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടു. നടപടിക്രമങ്ങളെല്ലാം കാറ്റിൽപറത്തി പിൻവാതിൽ നിയമനം നടത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. യുവാക്കൾക്ക് നീതി ലഭിക്കാൻ അവരുടെ ആവശ്യങ്ങൾ സംരക്ഷിക്കാൻ യുഡിഎഫ് ഒപ്പമുണ്ടാകും. 

 സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിക്കുന്ന പിഎസ്‌സി ഉദ്യോഗാർത്ഥികളോട് ക്രൂരമായ സമീപനമാണ് ഇടതുസർക്കാർ സ്വീകരിച്ചത്. അവരെ പരസ്യമായി അധിക്ഷേപിച്ചു. യൂത്ത് കോൺഗ്രസ് ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി തെരുവിൽ ഇറങ്ങിയതോടെ സർക്കാർ പ്രതിരോധത്തിലായി. യൂത്ത് കോൺഗ്രസ് മുന്നോട്ടുവെച്ച ആവശ്യങ്ങൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങി. 

 വാളയാറിലെ രണ്ട് പെൺകുട്ടികളുടെ ക്രൂരമായ കൊലപാതകത്തിൽ സർക്കാർ അജ്ഞത നടക്കുകയാണ്. ആ പെൺകുട്ടികളുടെ അമ്മയുടെ ദുഃഖം കേരളത്തിന്റെ ദുഃഖമാണ്. അന്വേഷണത്തിലെ വീഴ്ചകൾ കാരണമാണ് പ്രതികളെ വെറുതെ വിട്ടത്.ആ കുടുംബത്തിന്റെ പോരാട്ടങ്ങൾക്ക് എല്ലാ പിന്തുണയും നൽകും.



2021, ഫെബ്രുവരി 21, ഞായറാഴ്‌ച

‘ഉദ്യോഗാർത്ഥികളോട് സർക്കാർ കാട്ടുന്നത് ക്രൂരത, ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടിയില്ല’

 


പിഎസ് സിയുടെ പുതിയ ഭ്രാന്തന്‍ പരിഷ്‌കാരം  തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ  വെട്ടിനിരത്തും.  ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഈ നടപടി വരുംതലമുറയോടു കാട്ടുന്ന കൊടുംക്രൂരതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്തു നല്കി.

പിഎസ് സി പരീക്ഷയെഴുതാന്‍  കണ്‍ഫര്‍മേഷന്‍ (അനുമതി) വേണമെന്ന വ്യവസ്ഥയും പിഎസ് സി പരീക്ഷയെഴുതാന്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ പാസാകണമെന്ന നിബന്ധനയുമാണ് ലക്ഷോപലക്ഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിനയാകുന്നത്.

എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകളിലേക്കുള്ള  പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയ്ക്ക് ഇത്തവണ 24 ലക്ഷം പേരാണ് അപേക്ഷിച്ചത്.  പരീക്ഷയെഴുതാനായി കണ്‍ഫര്‍മേഷന്‍ (അനുമതി) ലഭിച്ചത് 16 ലക്ഷം പേര്‍ക്ക് മാത്രമാണ്. പരീക്ഷയുടെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ അപേക്ഷനല്‍കിയവരില്‍ 8 ലക്ഷത്തിലധികം പേര്‍  സെലക്ഷന്‍ പ്രക്രിയയില്‍ നിന്നും പുറത്തായി. 2018ല്‍ ആരംഭിച്ച ഈ പരിഷ്‌കാരം മൂലം തൊഴില്‍രഹിതരായ 8 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ സര്‍ക്കാര്‍ സര്‍വ്വീസ് എന്ന സ്വപ്നമാണ് പിഎസ് സി ഒറ്റയടിക്ക് ഇല്ലതായത്.

പി.എസ്.സി. മുഖാന്തിരം ജോലി ലഭിക്കുന്നതിനായി പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്താന്‍ തീരുമാനിച്ചതാണ്  മറ്റൊരു  നടപടി.  ഒരേ അടിസ്ഥാന യോഗ്യതയുള്ള തസ്തികകളുടെ നിയമനത്തിനായി ആദ്യഘട്ടത്തില്‍ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  നടത്തി അതില്‍ വിജയിച്ചവര്‍ക്ക് മാത്രമേ തുടര്‍ന്ന് അതതു തസ്തികകളില്‍ പരീക്ഷയെഴുതാനും റാങ്ക് ലിസ്റ്റില്‍ ഇടംനേടാനും ഇനി മുതല്‍ കഴിയൂ.  സ്‌ക്രീനിംഗില്‍ വലിയൊരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ പുറത്തുപോകും. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ 3-5 വരെ വര്‍ഷം വൈകാന്‍ ഇടയുള്ളതിനാല്‍ അത്രയും കാലം ഇവര്‍ക്ക് മറ്റൊരു പരീക്ഷയില്‍ പങ്കെടുക്കാനാവില്ല.

191 തസ്തികളിലേക്കുള്ള പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ  2021 ഫെബ്രുവരി 20, 25 മാര്‍ച്ച് 6, 13 എന്നീ തീയതികളിലാണ്. ആദ്യത്തെ പരീക്ഷ ഇന്നു കഴിഞ്ഞു. ഒരു ദിവസം 4 ലക്ഷം പേര്‍ എന്ന നിലയില്‍ 4 ദിവസങ്ങളിലായാണ്  പരീക്ഷ.

അപേക്ഷ നല്‍കുന്നവരെയെല്ലാം പരീക്ഷയില്‍ പങ്കെടുപ്പിച്ചിരുന്ന പി.എസ്.സിയുടെ നയമാണ് ഇപ്പോള്‍ തലതിരിഞ്ഞത്. കോവിഡ് മഹാമാരിയും സര്‍ക്കാരിന്റെ ബന്ധുനിയമനവും താത്ക്കാലിക നിയമനവും മറ്റും മൂലം അനേകായിരം പേര്‍ക്ക് അവസരം നഷ്ടപ്പെടുകയും  അവര്‍ തെരുവുകളില്‍ സമരം നടത്തുകയുമാണ്. അതിനിടയിലാണ് 8 ലക്ഷം പേരെ വഴിയാധാരമാക്കിയ ഈ നടപടി. ഇനിയുള്ള എല്ലാ പരീക്ഷകളിലും ഇതുപോലെ ലക്ഷക്കണക്കിന് യുവാക്കളെയാണ് വെട്ടിനിരത്താന്‍ പോകുന്നത്. ഇതു സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് യുവാക്കളെ തള്ളിവിടും.

റൂള്‍സ് ഓഫ് പ്രൊസിഡ്യര്‍ (റൂള്‍ 2 എ) ഭേദഗതി വരുത്തിയാണ്  സ്‌ക്രീനംഗ് പരീക്ഷ  നടത്താന്‍ പി.എസ്.സി.യും സര്‍ക്കാരും തീരുമാനിച്ചത്. കാര്യമായ ചര്‍ച്ചയോ കൂടിയാലോചനയോ അഭിപ്രായ സമന്വയമോ കൂടാതെ കൈക്കൊണ്ടതാണ് ഈ തീരുമാനം.

അതീവ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നതിനാല്‍ ഈ പുതിയ സമ്പ്രദായം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിശദമായ  ചര്‍ച്ചകള്‍ക്കും കൂടിയാലോചനയ്ക്കും ശേഷം മാത്രമേ തുടര്‍ന്ന നടപടികളുമായി പിഎസ് സി മുന്നോട്ടുപോകാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കേണ്ടതാണ്.

പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷയെ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും ഇടയില്‍ ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകള്‍ ചുവടെ ചേര്‍ക്കുന്നു.

1. നാലു ഘട്ടങ്ങളില്‍ നടക്കുന്ന പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷയില്‍   ഏതെങ്കിലും അടിയന്തിര സാഹചര്യത്തില്‍  പങ്കെടുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്ന് നടക്കുന്ന ഇതേ പരീക്ഷയുടെ ഒരു ഘട്ടത്തിലും   പങ്കെടുക്കാനാവില്ല.  

2. അടുത്ത സ്‌ക്രീനിംഗ് പരീക്ഷ  3 മുതല്‍ 5 വര്‍ഷം വരെയുള്ള കാലയളവിലാണ് നടക്കാന്‍ സാധ്യതയുള്ളത്. അവസരം നഷ്ടപ്പെട്ടവര്‍ ഇത്രയും കാലം കാത്തിരിക്കണം. അപ്പോഴേക്കും പലര്‍ക്കും പ്രായപരിധി കവിഞ്ഞുപോകും.

3. നാലു ഘട്ടങ്ങളിലെ പരീക്ഷയ്ക്കും പ്രത്യേക ചോദ്യപേപ്പര്‍ ആണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത നിലവാരത്തിലുള്ള ചോദ്യപേപ്പര്‍ ഉപയോഗിച്ച് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പരീക്ഷാഫലം എന്തായിരിക്കും എന്ന കാര്യത്തില്‍ അവര്‍ക്ക് ആശങ്കയുണ്ട്.

4. വിവിധ നിലവാരത്തിലുള്ള ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷയായതിനാല്‍ റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൂല്യനിര്‍ണ്ണയത്തില്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടത്തേണ്ടതാണ്.  അതുണ്ടാകുമോയെന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനായി നടത്തിയ ഗസറ്റഡ് വിഭാഗം ജീവനക്കാരുടെ (സ്ട്രീം 3) പരീക്ഷ വ്യത്യസ്ത തീയതികളില്‍ വെവ്വേറെ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് നടത്തിയെങ്കിലും റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സ്റ്റാന്‍ഡര്‍ഡൈസേഷന്‍  നടത്തിയിട്ടില്ല.

5. എസ്.എസ്.എല്‍.സി. മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള 191 തസ്തികകള്‍ക്ക് വേണ്ടിയാണ് ഇപ്പോഴത്തെ പ്രാഥമിക പരീക്ഷ നടത്തുന്നത്. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തുടര്‍ അതതു തസ്തികകളില്‍ നടക്കുന്ന തുടര്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍  അവസരം ലഭിക്കും.  റാങ്ക് ലിസ്റ്റുകളില്‍ ഒരേ ഉദ്യോഗാര്‍ത്ഥികള്‍ ഇടം പിടിക്കാനുള്ള  സാധ്യതയുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെയും മുന്‍വര്‍ഷം നടത്തിയ നിയമനത്തിന്റെയും എണ്ണത്തിന് ആനുപാതിമായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോള്‍ പരിമിതമായ എണ്ണം ഉദ്യോഗാര്‍ത്ഥികളെ  മാത്രമേ ഓരോ റാങ്ക് ലിസ്റ്റിലും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുകയുള്ളു. ഒരേ ഉദ്യോഗാര്‍ത്ഥിയെ തന്നെ വിവിധ തസ്തികകളിലേക്ക് നിയമന ശുപാര്‍ശ ചെയ്യേണ്ടി വരും. എന്നാല്‍ ഒരിടത്തു മാത്രമാണ് ഒരാള്‍ ജോലിയില്‍ പ്രവേശിക്കുക. മറ്റ് ഒഴിവുകളിലേക്ക് വീണ്ടും  നിയമനം നടത്തേണ്ടി വരും.  തന്മൂലം കാലാവധി തികയ്ക്കുന്നതിന് മുന്‍പ് റാങ്ക് ലിസ്റ്റുകള്‍ തീരാന്‍  സാധ്യതയുമുണ്ട്. നിയമന ശിപാര്‍ശ ചെയ്തവരുടെ എണ്ണം പെരുപ്പിച്ചു കാട്ടാന്‍ ഇതു സഹായിക്കുമെങ്കിലും ജോലി കിട്ടിയവരുടെ എണ്ണം കുറവായിരിക്കും.

6. പ്രാഥമിക പരീക്ഷയില്‍ പരാജയപ്പെടുന്നവര്‍ക്ക് അടുത്ത 3- 5 വര്‍ഷം ഒരു തസ്തികയില്‍ അപേക്ഷിക്കാനോ, ജോലി നേടാനോ സാധിക്കില്ല. ഇത് വിവിധ ജോലികള്‍ക്ക് അപേക്ഷിക്കാനും പങ്കെടുക്കാനും വിജയിച്ച് ജോലി നേടാനുമുള്ള അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശത്തിന്റെ നിഷേധമാണ്. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെങ്കിലും എല്ലാവര്‍ക്കും തൊഴില്‍ നേടാനുള്ള പരീക്ഷകളടക്കമുള്ള സെലക്ഷന്‍ പ്രക്രിയകളില്‍ പങ്കെടുക്കാനുള്ള അവസര സമത്വം നിഷേധിക്കരുത് എന്ന് പരമോന്നത നീതിപീഠംപോലും വ്യക്തമാക്കിയിട്ടുണ്ട്.  

7. എലിമിനേഷന്‍ പ്രോസസ്സിന് വേണ്ടിയാണ് പരീക്ഷയെന്ന് വാദിച്ചാല്‍പ്പോലും സ്‌ക്രീനിംഗ് ടെസ്റ്റിന് ശേഷം അതത് തസ്തികകള്‍ക്കായി പ്രത്യേക പരീക്ഷകൂടി നടത്തുന്ന സാഹചര്യത്തില്‍ പിന്നെ എന്തിന് വേണ്ടിയാണ് ഈ പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷ നടത്തുന്നത് എന്ന ചോദ്യത്തിന്  വ്യക്തമായ ഉത്തരം നല്‍കാന്‍ പി.എസ്.സി.ക്ക് കഴിയുന്നില്ല.

8. എസ്.എസ്.എല്‍.സി. അടിസ്ഥാന യോഗ്യതയായ നിരവധി സാങ്കേതിക തസ്തികകളുണ്ട്.  സാങ്കേതിക മികവുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാഥമിക പരീക്ഷയില്‍ ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ട്. അത്തരക്കാര്‍ക്ക് ജോലി നഷ്ടപ്പെടുകയും പ്രാഥമിക പരീക്ഷയില്‍ വിജയിക്കുന്ന സാങ്കേതിക മികവ് കുറഞ്ഞവര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യാം.  

ഓരോ തസ്തികകള്‍ക്കും വ്യത്യസ്തമായ നിയമനചട്ടങ്ങള്‍ നിലവിലുള്ളതിനാലും ഇത്തരം നിയമനചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടില്ലാത്തതിനാലും ഏകീകൃത പരീക്ഷ നടത്തുന്നത് അഭികാമ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം. സ്‌പെഷ്യല്‍ റൂളിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രാഥമിക  സ്‌ക്രീനിംഗ് പരീക്ഷ പാസ്സാകുന്നവര്‍ക്ക് മാത്രം ജോലി ലഭിക്കുമെന്ന സാഹചര്യമുണ്ടായാല്‍ അത്  നിയമപോരാട്ടങ്ങള്‍ക്ക് വേദിയാകും.  നിലവിലുള്ള ഒഴിവുകള്‍ പോലും നികത്താന്‍ സാധിക്കാത്ത വിധം കോടതി ഇടപെടലുകള്‍ക്ക് വഴിയൊരുക്കും.    

റാങ്ക്‌ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിക്കുകയും പിന്‍വാതില്‍ നിയമനത്തിലൂടെ നിലവിലുള്ള തൊഴിലവസരങ്ങള്‍ ബന്ധുമിത്രാദികള്‍ക്ക്  മാറ്റിവെയ്ക്കുകയും ചെയ്തതിനെ തുടര്‍ന്ന്  പ്രക്ഷുബ്ധരായ  യുവതി-യുവാക്കളെ വീണ്ടും നിരാശയിലേക്കും മോഹഭംഗത്തിലേക്കും തള്ളിവിടുന്നതാണ് പുതിയ പരിഷ്‌കാരം. ഇക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും അനാവശ്യമായി നടത്തുന്ന പ്രാഥമിക സ്‌ക്രീനിംഗ് പരീക്ഷകള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

റാങ്ക് ലിസ്റ്റുകള്‍ നീട്ടിയില്ല ; ഇടതുസർക്കാർ 350 പേരുടെ ജോലി നഷ്ടപ്പെടുത്തി


ഇടതുഭരണകാലത്ത് കാലാവധി കഴിഞ്ഞ 31 പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ ഒന്നരവര്‍ഷം കൂടി നീട്ടിയിരുന്നെങ്കില്‍ 350 പേര്‍ക്ക്  ജോലി ലഭിക്കുമായിരുന്നു. 133 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ഇടതു ഭരണകാലത്ത് കഴിഞ്ഞത്. ഇവ നീട്ടിയിരുന്നെങ്കില്‍ എത്ര പേര്‍ക്ക് കൂടി ജോലി ലഭിക്കുമായിരുന്നു എന്ന കണക്കെടുത്തുവരുകയാണ്.  നൂറുകണക്കിനു ചെറുപ്പക്കാരുടെ ജോലികള്‍ നഷ്ടപ്പെട്ടു.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരമാവധി അവസരങ്ങള്‍ തുറന്നു കൊടുക്കാനാണ് യുഡിഎഫ് ശ്രമിച്ചത്.  മൂന്നുവര്‍ഷ കാലാവധി കഴിയുമ്പോള്‍ പുതിയ ലിസ്റ്റ് വന്നില്ലെങ്കില്‍ ഒരു നിവേദനം പോലുമില്ലാതെ നീട്ടിക്കൊടുത്തു. നാലരവര്‍ഷം വരെ ഇങ്ങനെ നീട്ടിക്കൊടുക്കാന്‍ നിയമമുണ്ട്.  യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏഴു പ്രാവശ്യമാണ് ലിസ്റ്റ് നീട്ടിയത്. ഉദ്യോഗാര്‍ത്ഥികളുടെയും അവരുടെ കുടുംബത്തിന്റെയും വേദന മനസിലാക്കിയാണ് ഇങ്ങനെ ചെയ്തത്.

പരമാവധി അവസരങ്ങള്‍ തുലയ്ക്കാനാണ്  ഇടതുസര്‍ക്കാര്‍ ശ്രമിച്ചത്.  മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ ഉടനേ അതു റദ്ദാക്കും. സമരത്തിലുള്ള പിഎസ് സി റാങ്കുകാരുടെ പ്രശ്‌നം സര്‍ക്കാരിന്റെ സൃഷ്ടിയാണ്. അവരെ തെരുവിലറക്കിയത് സര്‍ക്കാരിന്റെ സമീപനങ്ങളും പിടിവാശിയുമാണ്. പുതിയ ലിസ്റ്റ് ഇല്ലാതെ നിലവിലുള്ള ലിസ്റ്റ് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ റദ്ദു ചെയ്തതാണ് അടിസ്ഥാന കാരണം.

പ്രക്ഷോഭത്തിലുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ലിസ്റ്റ് ഒന്നരവര്‍ഷം നീട്ടണം. സിവില്‍ പോലീസ് ഓഫീസേഴ്‌സ് ലിസ്റ്റിലുള്ളവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ്എഫ് ഐക്കാരുമായുള്ള പ്രശ്‌നവും മറ്റും മൂലം ഇവരുടെ നിയമനം നീണ്ടുപോയതിനെ തുടര്‍ന്ന് മൂന്നു മാസമാണ് കിട്ടിയത്. അവരെ സര്‍ക്കാര്‍ കോടതിയില്‍ പിന്തുണച്ച് ഒരു വര്‍ഷം പൂര്‍ണമായി കിട്ടുന്ന തീരുമാനമെടുക്കണം. നിയമനം ലഭിച്ചിട്ട് ശമ്പളം കിട്ടാതെ സമരം ചെയ്യുന്ന അധ്യാപകരുടെയും കായിക പ്രതിഭകളുടെയും  പ്രശ്‌നം പരിഹരിക്കണം.

കാലാവധി കഴിഞ്ഞ 133 പി എസ് സി ലിസ്‌ററും 31 ലിസ്റ്റില്‍ ലഭിക്കാമായിരുന്ന നിയനങ്ങളുടെ പട്ടികയും പുറത്തുവിട്ടു.

2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്.

 


സെക്രട്ടേറിയറ്റിനു മുന്നില്‍ വീറോടെ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴസിനെ സന്ദര്‍ശിച്ചപ്പോള്‍ ഹൃദയം നുറുങ്ങുന്ന അനുഭവമാണ് ഉണ്ടായത്.  ഒരു കൂട്ടം യുവാക്കളുടെ നിലവിളി ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നു. അവരുടെ കണ്ണീര്‍ വീണ് എന്റെ കാലുകള്‍ പൊള്ളി.  

നട്ടുച്ച വെയിലത്ത് യുവതികള്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍  ചുട്ടുപൊള്ളുന്ന ടാര്‍ റോഡിലൂടെ മുട്ടിന്മേല്‍ നീന്തി.  അവരുടെ കാലുകള്‍ പൊട്ടി രക്തം പൊടിഞ്ഞു. ചിലര്‍ക്ക് ബോധക്ഷയം ഉണ്ടായി.

പ്രിയ യുവസ്‌നേഹിതരേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. തീര്‍ച്ചയായും ഞാനും മുന്‍നിരയില്‍ തന്നെ ഉണ്ടാകും

ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്

 


ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിന് പോലും ബോധ്യമില്ല. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒഴുവുകള്‍ ഉണ്ടായിട്ടും അവസരം നല്‍കാതെ ലിസ്റ്റുകള്‍ റദ്ദാക്കി. 

പൗരത്വ ബില്ല് കേരളത്തില്‍ നടപ്പാല്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് യാതൊരു ആത്മാര്‍ഥതയുമില്ല. 

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാകില്ലന്നെ തീരുമാനമെടുത്തു. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഇടത് സര്‍ക്കാര്‍ മലക്കം മറിയുകയാണ്. ഈ വിഷയത്തില്‍ ഒരൊറ്റ നയമേ കോണ്‍ഗ്രസിനുള്ളു, അത് വിശ്വാസികള്‍ക്കൊപ്പമാണ്. സുപ്രീം കോടതി വിധി വന്നപ്പോള്‍ ഇടത് സര്‍ക്കാര്‍ അതിനെ സ്വാഗതം ചെയ്തു. ശബരിമലയില്‍ പോകുവാന്‍ മടിച്ച സ്ത്രീകളെ വീട്ടില്‍നിന്ന് കൊണ്ടുപോയി ദര്‍ശനം നല്‍കിയത് പിണറായിയുടെ പോലീസാണ്. സംസ്ഥാന ഖജനാവില്‍ നിന്ന് കോടികള്‍ ചിലവാക്കി നടത്തിയ വനിതാമതില്‍ വിശ്വാസികള്‍ക്കെതിരായ ശക്തിപ്രകടനമായിരുന്നു .

അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് ഇപ്പോഴാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയത്. ജനസമ്പര്‍ക്ക പരിപാടി ഇടത്പക്ഷം പുച്ഛിച്ചു. മുഖ്യമന്ത്രി വില്ലജ് ഓഫീസറുടെ പണി ചെയ്യുകയാണെന്ന് പറഞ്ഞു അധിക്ഷേപിച്ചു. ജനങ്ങള്‍ക്ക് വേണ്ടി അതിനേക്കാള്‍ താഴ്ന്ന ജോലി എടുക്കാനും യുഡിഫ് സര്‍ക്കാര്‍ മടിച്ചിട്ടില്ല . അന്ന് അതിനെ പുച്ഛിച്ചവര്‍ ഇന്ന് തിരഞ്ഞെടുപ്പ് അടുത്ത് വന്നപ്പോള്‍ താലൂക് ഓഫിസുകള്‍ തോറും നെട്ടോട്ടമോടി നടക്കുകയാണ്.


2020, ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഇടത് സർക്കാർ തല്ലിക്കെടുത്തുന്നത് 45 ലക്ഷം യുവസ്വപ്നങ്ങൾ!


മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാട്ടിയ ശുഷ്‌കാന്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ല. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്.

മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.

യുഡിഎഫ് സര്‍ക്കാര്‍ ആശ്രിതനിയമനത്തിലും വികലാംഗനിയമനത്തിലും കുടിശിക നികത്താന്‍ സൂപ്പര്‍ ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. അതുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവരെ ഇതു ബാധിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി 9300 കണ്ടക്ടര്‍മാരെ നിയമിച്ചപ്പോള്‍ എംപാനലിലുള്ള പതിനായിരത്തില്‍പ്പരം പേര്‍ക്ക് ്‌നിയമനം നല്കി. അധ്യാപക പാക്കേജിലും പതിനായിരത്തിലധികം അധ്യാപകര്‍ക്ക് നിയമനം നല്കി. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമപരമായ രീതിയില്‍ തന്നെ പിഎസ്‌സി ലിസ്റ്റിലുള്ളവരെ സഹായിക്കാന്‍ സാധിക്കും

ഇടതു സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനില്‍ക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണം.


2016, ഡിസംബർ 20, ചൊവ്വാഴ്ച

പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണം


ഡിസംബറിൽ  കാലാവധി തീരുന്ന 170 ഓളം പി എസ് സി റാങ്ക് ലിസ്റ്റുകൾ നീട്ടണമെന്നു ആവശ്യപ്പെട്ടു ഞാൻ ബഹുമാനപെട്ട മുഖ്യമന്ത്രിക്ക് കത്ത് മുഖേനെ അഭ്യർത്ഥിച്ചിട്ടുണ്ട്.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പലരുടേയും പ്രായപരിധി കഴിയുന്ന സാഹചര്യത്തിൽ മാനുഷിക പരിഗണന നൽകി നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനും പുതിയ റാങ്ക് ലിസ്റ്റുകൾ വരുന്നതുവരെ പ്രസ്തുത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണം എന്ന് ഞാൻ കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.

കെ.എസ്.ഇ.ബി മസ്ദൂർ/വർക്കർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ, കേരള സ്റ്റാഫ് നേഴ്സ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ, കേരള ഹയർ സെക്കന്ററി സ്കൂൾ ടീച്ചേർസ് റാങ്ക് ഹോൾഡേഴ്സ് എന്നവർ എന്നെ ഏൽപ്പിച്ച നിവേദനങ്ങൾ ഞാൻ കത്തിനോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ഇതിനുവേണ്ടി സമരം ചെയ്യുന്ന എല്ലാവർക്കും എന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നു...


2015, ജൂലൈ 7, ചൊവ്വാഴ്ച

റാങ്ക് ലിസ്റ്റ് കാലാവധി ദീര്‍ഘിപ്പിച്ചത് പത്തു തവണ


തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 10 തവണ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആകെ 1704 റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണു ദീര്‍ഘിപ്പിച്ചിട്ടുള്ളത്. ഇതു മൂലം ആകെ എത്രപേര്‍ക്ക് നിയമനം ലഭ്യമായിട്ടുണ്ടെന്നും ഓരോ ലിസ്റ്റില്‍ നിന്നും എത്രപേര്‍ക്കു നിയമനം ലഭിച്ചു എന്നുമുള്ള വിവരങ്ങള്‍ പിഎസ്‌സിയില്‍ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.