UDF

Oommen Chandy

With Former President of India Shri.Pranab Kumar Mukherjee

Oommen Chandy

With Former Prime Minister Shri.Manmohan Sing

Oommen Chandy

Mass Contact Program

Oommen Chandy

Peoples OC

Oommen Chandy

Peoples OC....

KMMani എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
KMMani എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ജോസ് കെ മാണിയുടെ നിലപാട് നിര്‍ഭാഗ്യകരം: മാണിയുടെ ആത്മാവ് പൊറുക്കില്ല

 

കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നത് തികച്ചും നിര്‍ഭാഗ്യകരം.

നാലുദശാബ്ദത്തോളം യുഡിഎഫിന്റെ ഭാഗമായിരുന്ന കെഎം മാണി സാര്‍ യുഡിഎഫിന്റെ   ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നില്ക്കുകയും ഇടതുമുന്നണിക്കെതിരേ തോളാടുതോള്‍ ചേര്‍ന്നുനിന്ന് ഇത്രയും കാലം വീറോടെ പോരാടുകയും ചെയ്തു. അതെല്ലാം മറന്ന്  ഇത്തരമൊരു തീരുമാനം മാണിസാര്‍ ഉണ്ടായിരുന്നെങ്കില്‍ ഒരിക്കലും എടുക്കുമായിരുന്നില്ല. ജനാധിപത്യ മതേതര വിശ്വാസികളായ അണികള്‍ ഈ തീരുമാനം അംഗീകരിക്കില്ല.  

കേരളരാഷ്ട്രീയത്തില്‍ കെഎം മാണിയെ വേട്ടയാടിയതുപോലെ മറ്റൊരു നേതാവിനെയും സിപിഎം വേട്ടയാടിയിട്ടില്ല. നിയമസഭയിലും മറ്റും അദ്ദേഹത്തെ കായികമായിപ്പോലും തടഞ്ഞു.  വ്യാജആരോപണങ്ങള്‍കൊണ്ട് മൂടി.  മാണി സാര്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ചവിശ്വാസത്തില്‍ സിപിഎമ്മിനെതിരേ യുഡിഎഫ് ശക്തമായി പോരാടി. അപവാദങ്ങളില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും അഗ്നിശുദ്ധി വരുത്തി പുറത്തുവരാന്‍ യുഡിഎഫ് മാണിസാറിനൊപ്പം നിന്നു. അതു വിസ്മരിച്ചുകൊണ്ട് എടുത്ത ഈ തീരുമാനം കേരളം സമീപകാലത്തുകണ്ട ഏറ്റവും വലിയ രാഷ്ട്രീയവഞ്ചനയാണ്. ഇത് മാണി സാറിന്റെ ആത്മാവ് പൊറുക്കില്ല. 

മാണി സാറിനെതിരേ അന്നു നടത്തിയ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ സത്യമില്ലെന്ന് അറിയാമായിരുന്നുവെന്ന് ഇടതുമുന്നണി ഇപ്പോള്‍ പറയുന്നത് രാഷ്ട്രീയപാപ്പരത്തമാണ്.  നിര്‍വ്യാജമായ ഒരു ഖേദപ്രകടനമെങ്കിലും ഇടതുമുന്നണിയില്‍ നിന്നു രാഷ്ട്രീയകേരളം പ്രതീക്ഷിക്കുന്നുണ്ട്. സിപിഎമ്മിന്റെ കക്ഷത്തില്‍ തലവച്ചവരൊക്കെ പിന്നീട് ദു:ഖിച്ചിട്ടുണ്ട്.  

വികസനവും കരുതലും എന്നതായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്ര. അതില്‍ കരുതലിന്റെ മുഖം മാണിസാര്‍ പ്രധാനപങ്കുവഹിച്ച കാരുണ്യ പദ്ധതി, റബര്‍ വിലസ്ഥിരതാ പദ്ധതി തുടങ്ങിവയായിരുന്നു. ഈ പദ്ധതികളെല്ലാം ഇടതുസര്‍ക്കാര്‍ താറുമാറാക്കിയപ്പോഴാണ് അവിടേക്ക് ചേക്കേറുന്നത്. ഈ പദ്ധതികള്‍ തുടരുമെന്നൊരു ഉറപ്പെങ്കിലും വാങ്ങേണ്ടതായിരുന്നു.

കര്‍ഷകര്‍ രാജ്യത്തും കേരളത്തിലും വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് വലിയ പോരാട്ടം നടത്തിവരുകയാണ്. കര്‍ഷകരോട് അല്പമെങ്കിലും അനുഭാവം ഉണ്ടെങ്കില്‍ ഈ സമരത്തില്‍ അണിചേരുകയാണ് വേണ്ടത്. കര്‍ഷകരെ വര്‍ഗശത്രുക്കളെപ്പോലെ കാണുകയും അവരുടെ വിളകള്‍ വെട്ടിനശിപ്പിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎമ്മിനോട് ചേര്‍ന്ന് എങ്ങനെ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കും.


2020, സെപ്റ്റംബർ 26, ശനിയാഴ്‌ച

കെഎം മാണി കുറ്റക്കാരനല്ലെന്ന ഇടതു വെളിപ്പെടുത്തല്‍, മരണാനന്തര ബഹുമതി



ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണ്.

മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു. കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണം. യുഡിഎഫ് മന്ത്രിസഭയ്ക്കും യുഡിഎഫിന്റെ ധനമന്ത്രിക്കും എതിരേയാണ് ഇടതുപക്ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്.

മാണിസാര്‍ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിച്ചത് ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടിയില്‍ ആയിരം പോലീസുകാരുടെ നടുവിലാണ്. അന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഘോഷപരിപാടിക്കു വരുന്നത് പോലീസിനെ ഉപയോഗിച്ച് തടഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ ഏറ്റവും മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ വച്ചാണ് ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തിയത്. മാണി സാര്‍ 100 ശതമാനവും കുറ്റക്കാരനല്ല എന്നായിരുന്നു റിപ്പോര്‍ട്ട്. ഇടതുസര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിലും ഇതു തന്നെയാണു കണ്ടെത്തിയത്. മാണിസാറിന്റെ രാജി തന്റെ പൊതുജീവിതത്തിലെ ഏറ്റവും ദു:ഖമേറിയ അനുഭവമാണ്. അന്ന് അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ സാധിച്ചില്ല.

2019, ജൂലൈ 4, വ്യാഴാഴ്‌ച

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണിയുടെ കൈയ്യൊപ്പ്

കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെയും കോട്ടയം പൗരാവലിയുടെയും നേതൃത്വത്തിൽ നടന്ന കെ.എം മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നു. (file pic)

കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങൾക്ക് എല്ലാം പിന്നിൽ കെ.എം മാണി എന്ന ധനകാര്യ മന്ത്രിയുടെയും രാഷ്ട്രീയ നേതാവിന്റെയും കയ്യൊപ്പ് ഉണ്ട്.  യു.ഡി.എഫ് സർക്കാരിന്റെ ഏറ്റവും വലിയ മുദ്രാവാക്യമായിരുന്നു വികസനവും കരുതലും. വികസന പദ്ധതികൾക്ക് ഒരിക്കലും പണമില്ല എന്ന് കെ.എം മാണി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒരിക്കലും പറഞ്ഞിട്ടില്ല. കൊച്ചി മെട്രോ അടക്കമുള്ള വൻകിട പദ്ധതികൾക്ക് പോലും കൃത്യമായ ഇടപെടൽ കെ.എം മാണി നടത്തിയിട്ടുണ്ട്.

സർക്കാരിന്റെ രണ്ടാമത്തെ കരുതൽ എന്ന മുദ്രാവാക്യത്തിൽ ആയിരുന്നു. ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കുന്ന കാരുണ്യ പദ്ധതി.  മാണിസാറിന്റെ കാലത്ത് ഒരു ദിവസം പോലും ട്രഷറി പൂട്ടേണ്ടി വന്നിട്ടില്ല. അത് ഒരു അത്ഭുതമായാണ് തോന്നിയത്. മനുഷത്വം ഉള്ള രാഷ്ട്രീയ നേതാവ് ഭരണാധികാരി എന്ന പേരിലാവും കെ.എം മാണി ജനങ്ങളുടെ മനസിൽ നിറഞ്ഞ് നിൽക്കുകയെന്നും അദ്ദേഹം പറഞ്ഞു.



2019, മേയ് 29, ബുധനാഴ്‌ച

മാണിസാറിനോടുള്ള ആദരസൂചകമായി കാരുണ്യ ചികിത്സാ പദ്ധതി അതേനിലയില്‍ നിലനിര്‍ത്തണം.


മുന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ശ്രീ.കെ.എം. മാണി ആവിഷ്‌കരിച്ച് നടപ്പാക്കിയ കാരുണ്യ ചികത്സാസഹായ പദ്ധതി പാവപ്പെട്ടവര്‍ക്ക് വലിയ ആശ്വാസവും താങ്ങും തണലുമായിരുന്നു. സംസ്ഥാന ഖജനാവില്‍ നിന്ന് ഒരു പൈസ ചെലവഴിക്കാത്ത ഈ പദ്ധതിക്കുള്ള പണം സമാഹരിച്ചത് ലോട്ടറിയിലൂടെയാണ്. 

എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമാക്കുകയാണ്. ഇതു പാവങ്ങളെ ചതിക്കുകയാണ്. ഈ തീരൂമാനം പുന:പരിശോധിച്ച് കാരുണ്യ ചികിത്സാ പദ്ധതി നിലവിലുള്ള രീതിയില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയച്ചു.

2019, ഏപ്രിൽ 10, ബുധനാഴ്‌ച

പ്രിയ മാണി സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു


മാണി സാറിന്റെ വേര്‍പാട് യുഡിഎഫിന് മാത്രമല്ല രാഷ്ട്രീയ കേരളത്തിന് ഒന്നാകെ വലിയ നഷ്ടമാണ്. 60 വര്‍ഷം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ് അദ്ദേഹം. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും വേണ്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. 

നീണ്ട കാലത്തെ വ്യക്തി ബന്ധവും ആത്മബന്ധം ആണ് മാണിസാറുമായുള്ളത്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അദ്ദേഹം. എല്ലാത്തിനും ഉപരിയായി ഏത് കാര്യത്തിനും ഉപദേശം തേടാന്‍ പറ്റിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റെത്. അദ്ദേഹത്തിന്റെ ഉപദേശം എനിക്ക് ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 


പ്രിയ മാണി സാറിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും സുഹൃത്തുകളുടെയും ദു:ഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കുചേരുന്നു.